തലശേരി: കതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ പൊന്ന്യത്ത് ഉത്സവത്തിനിടെ സംഘർഷമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസിനെ മർദ്ദിക്കുകയും വാഹനം തല്ലിതകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു സി.പി. എം പ്രവർത്തകരെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പൊന്ന്യം കുണ്ടുചിറ കാട്ടിൽ അടൂട മടപ്പുര ഉത്സവത്തിത്തിനിടെ ഉണ്ടായ സംഘർഷം തടയാനെത്തിയ പൊലീസുകാർക്ക് നേരെയാണ് അക്രമം നടന്നത്.

പൊലീസ് വാഹനത്തിന്റെ ചില്ലും അക്രമത്തിൽ തകർന്നിരുന്നു. ഈകേസിലാണ് കുണ്ടുചിറ സ്വദേശികളായ ലിഖിൻ, ജിഷിൻ എന്നിവർ അറസ്റ്റിലായത്. ഇരുവരെയും തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംഭവത്തിൽ കണ്ടാലറിയാവുന്ന 25 ഓളം പേർക്കെതിരെയാണ് കതിരൂർ പൊലീസ് കേസെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സാരമായി പരുക്കേറ്റ മൂന്ന് പൊലിസുകാർ ചികിത്സയിലാണ്.