- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയെ സൂക്കർ ബർഗിനു തുല്യമായ പദവിയിലേക്ക് ഉയർത്തി ഫേസ്‌ബുക്ക്; ഫേസ്‌ബുക്ക് ജീവനക്കാർ ഇനി മെറ്റാമെയ്റ്റ്സ് എന്നറിയപ്പെടും; ന്യുസ് ഫീഡിനെ ഫീഡ് എന്നാക്കി ചുരുക്കി ഫേസ്‌ബുക്ക്; ഇന്ത്യാക്കാരനായ ട്വിറ്റർ സി ഇ ഒ പ്രസവാവധിയിൽ
ഇന്നത്തെ കാലത്ത് ലോകത്തെ വാർത്തകൾ അറിയിക്കുന്നത് പ്രധാനമായും സമൂഹമാധ്യമങ്ങളാണ്. പത്രം വായിക്കുവാനും ടെലിവിഷൻ വാർത്തകൾ കാണാനും പലപ്പോഴും സമയം ലഭിക്കാത്തത്ര തിരക്കു പിടിച്ച ലോകത്ത് പലപ്പോഴും നമ്മളെയെല്ലാം ഏറ്റവും പുതിയ വാർത്തയുമായി അപ്ഡേറ്റ് ചെയ്തു നിർത്തുന്നത് സമൂഹമാധ്യമങ്ങൾ തന്നെയാണ്. ദുരുപയോഗം ഒരുപാടുണ്ടെങ്കിലും, ഒരു വാർത്താ വിതരണ സംവിധാനം എന്ന നിലയിൽ ഇവയുടെ പങ്ക് കുറച്ച് കാണാൻ കഴിയില്ല. ഇവിടെയിപ്പോൾ സമൂഹമാധ്യമങ്ങൾ തന്നെ വാർത്തകളിൽ നിറയുകയാണ്.
മുൻ ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി ഫേസ്‌ബുക്കിന്റെ തലപ്പത്തേക്ക്
മുൻ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയും മുൻ ലിബറൽ ഡെമോക്രാറ്റ്സ് നേതാവുമായ നിക്ക് ക്ലെഗ്ഗിന് സ്ഥാനക്കയറ്റം നൽകുകയാണ് ഫേസ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. ഇതോടെ സാങ്കേതിക രംഗത്തെ അതിശക്തരിൽ ഒരാളായി അദ്ദേഹം മാറും. ബുധനാഴ്‌ച്ച തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മെറ്റ സി ഇ ഒ മാർക്ക് സുക്കർ ബെർഗാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ നയപരിപാടികൾ തീരുമാനിക്കുന്നതിൽ നിർണ്ണായക പങ്കുള്ള പോളിസി എക്സിക്യുട്ടീവ് ആയാണ് ക്ലെഗ്ഗിന് സ്ഥാനക്കയറ്റം ലഭിച്ചിട്ടുള്ളത്. നയപരമായ കാര്യങ്ങളിൽ സുക്കർ ബർഗ് ഇനി കാര്യമായി ഇടപെടില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
തന്റെ അതേ നിലയിലുള്ള ഒരാളെ, കമ്പനിയുടെയും അതിന്റെ ഉദ്പന്നങ്ങളുടെയും ആഗോളതലത്തിലുള്ള നയരൂപീകരണത്തിൽ സഹായിക്കാൻആവശ്യമാണെന്നും അതിനായിട്ടാണ് നിക്ക് ക്ലെഗ്ഗിനെ നിയമിക്കുന്നതെന്നുമാണ് സുക്കർ ബർഗ് തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. അതായത്, കമ്പനിയിൽ ഇനിമുതൽ മാർക്ക് സുക്കർബർഗിന് തുല്യമായ സ്ഥാനമായിരിക്കും ക്ലെഗ്ഗിനും ഉണ്ടാവുക എന്ന് ചുരുക്കം.
2010 മുതൽ 2015 വരെ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയായിരുന്ന ക്ലെഗ്ഗ്(55) 2018ൽ ആയിരുന്നു ഫേസ്‌ബുക്കിൽ ചേരുന്നത്. അവരുടെ ആഗോള നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ചുമതലയിൽ ഉണ്ടായിരുന്നത്.ഫേസ്‌ബുക്കിന്റെ ഉള്ളടക്കം സംബന്ധിച്ച ന്യങ്ങൾ, തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച നയങ്ങൾ എന്നിവ രൂപീകരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച അദേഹം കമ്പനിക്കായി ഒരു സ്വതന്ത്ര ഉള്ളടക്ക നിരീക്ഷണ സംവിധാനവും രൂപീകരിച്ചിട്ടുണ്ട്.
ഇനി മുതൽ കമ്പനി വിവിധ രാജ്യങ്ങളിലെ ഭരണകൂടവുമായി ഇടപെടുന്നത് എങ്ങനെയെന്നുൾപ്പടെയുള്ള നയങ്ങൾ രൂപീകരിക്കുന്ന കാര്യത്തിൽ ക്ലെഗ്ഗ് ആയിരിക്കും നേതൃ സ്ഥാനത്ത് ഉണ്ടാവുക. അതുപോലെ പുതിയ നയങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുന്നതിനും അദ്ദേഹം നേതൃത്വം നൽകും. വിവര ചോർച്ചയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഫേസ്‌ബുക്കിന് നേരെ ഉയരുന്ന അവസരത്തിലാണ് ഈ പുതിയ നിയമനം എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.
ഫേസ്‌ബുക്ക് ജീവനക്കാർ ഇനിമുതൽ മെറ്റാമെയ്റ്റ്സ്
ഫേസ്‌ബുക്കിലും അതിന്റെ മാതൃസ്ഥാപനമായ മെറ്റയിലും പുതിയ തൊഴിൽ സംസ്‌കാരവും നൈതികതയും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മാർക്ക് സുക്കർബർഗ്. ഇതിന്റെ ഭാഗമായി ഇനിമുതൽ ഫേസ്‌ബുക്ക് ജീവനക്കാർ മെറ്റാമെയ്റ്റ്സ് എന്ന് അറിയപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. കമ്പനിയിലെ എല്ലാ ജീവനക്കാർക്കുമായി നടത്തിയ ഒരു ഓൺലൈൻ മീറ്റിംഗിനിടയിലായിരുന്നു സുക്കർബർഗിന്റെ പ്രഖ്യാപനം എന്ന് വെർജ് റിപ്പോർട്ട് ചെയ്യുന്നു.
അതിശയകരമായ കാര്യങ്ങൾ നിർവഹിക്കുക, ഒരുമിച്ച് അതിവേഗം മുന്നോട്ട് നീങ്ങുക തുടങ്ങിയ പല പുതിയ ഉദ്ദേശ്യലക്ഷ്യങ്ങളും ജീവനക്കാർക്കായി നിർദ്ദേശിച്ച സുക്കർബർഗ്, ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും അവരോട് ആവശ്യപ്പെട്ടു. ഒരിക്കൽ അതിവേഗം നീങ്ങി ലക്ഷ്യം നേടുക എന്നതായിരുന്നു ഫേസ്‌ബുക്കിന്റെ മുദ്രാവാക്യം. പിന്നീട് അത് അതിവേഗം മുൻപോട്ട് എന്നായി. ഇപ്പോൾ ഒരുമിച്ച്, അതിവേഗം മുന്നോട്ട് എന്നാക്കി മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞവർഷമാണ് ഫേസ്‌ബുക്ക്, വാട്ട്സ്അപ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മെറ്റ എന്ന ഒരു മാതൃസ്ഥാപനത്തിന് സുക്കർബർഗ് രൂപം നൽകിയത്. ഇപ്പോൾ, ഈ കമ്പനിയിലെ ജീവനക്കാർക്ക് പുതിയൊരു സ്വത്വം ലഭിക്കുന്നതിനായി അവരെ മെറ്റാമെയ്റ്റ്സ് എന്ന പേരിൽ വിളിക്കുകയാണ്. ഏതൊരു കാര്യത്തിലും പരിഗണനക്രമം മെറ്റ, മെറ്റമെയ്റ്റ്സ്, ഞാൻ എന്ന രീതിയിലാകണമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്‌ബുക്ക് ന്യുസ് ഫീഡ് ഇനിമുതൽ വെറും ''ഫീഡ് ''
ഉപഭോക്താക്കൾ പോസ്റ്റു ചെയ്യുന്നതും വായിക്കുന്നതുമായ ഉള്ളടക്കങ്ങളുടെ സ്വഭാവ വൈവിധ്യം പരിഗണിച്ച് ഫേസ്‌ബുക്കിന്റെ ''ന്യുസ് ഫീഡ്'' ഇനി മുതൽ വെറും ''ഫീഡ് '' എന്നായിരിക്കും അറിയപ്പെടുക എന്ന് മെറ്റ വക്താവ് അറിയിച്ചു. തെറ്റായ വാർത്തകളുടെ ഒരു അരങ്ങായി ഫേസ്‌ബുക്ക് മാറുകയാണെന്ന വിമർശനം ഉയരുന്നതിനിടയിലാണ് ഇത്തരത്തിലൊരു മാറ്റത്തിന് ഫേസ്‌ബുക്ക് ഒരുങ്ങുന്നത് എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
പക്ഷെ ഈ മാറ്റവും സമൂഹമാധ്യമങ്ങളിൽ ഫേസ്‌ബുക്കിനെ കളിയാക്കാൻ ഉപയോഗിക്കുകയാണ് ഉപയോക്താക്കൾ. ''തീർച്ചയായും, ഇനിമുതൽ ജനങ്ങൾക്ക് നിങ്ങളിൽ നിന്ന് വാർത്തകൾ ലഭിക്കുന്നില്ലെന്ന് നടിക്കാം'' എന്നായിരുന്നു ഒരു ഉപയോക്താവ് ട്വീറ്ററിൽ കുറച്ചത്. ''അവർ അതിനെ ന്യുസ് എന്ന് വിളിച്ചില്ലെങ്കിൽ പിന്നെ തെറ്റായ വാർത്തകൾ നൽകി ആളുകളെ പറ്റിക്കുന്നു എന്ന് ആരോപിക്കാൻ ആവില്ല'' എന്നാണ് മറ്റൊരാളുടെ ട്വീറ്റ്. ന്യുസ് ഫീഡിലെ വലതുപക്ഷ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും എളുപ്പവഴി ഇതാണെന്നും ചിലർ പറയുന്നുണ്ട്.
ട്വിറ്റർ സി ഇ ഒ പ്രസവാവധിയിൽ
ട്വിറ്ററിന്റെ സി ഇ ഒ ആയി ചുമതലയേറ്റ് മൂന്ന് മാസങ്ങൾ മാത്രം കഴിഞ്ഞപ്പോൾ പരാഗ് അഗർവാൾ പറ്റേണിറ്റി ലീവിൽ പോവുകയാണ്. തന്റെ രണ്ടാമത്തെ കുട്ടിയുടെ ജന്മം അടുത്തിരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം വന്നത്. എല്ലാ ജീവനക്കാർക്കും 20 ആഴ്‌ച്ചക്കാലത്തെ പറ്റേണിറ്റി ലീവ് ആണ് ട്വിറ്റർ അനുവദിക്കുന്നത്. കമ്പനിയെ വളർത്തണമെന്ന സമ്മർദ്ദം ഓഹരിയുടമകളുടേ ഭാഗത്തുനിന്നും ശക്തമാകുന്ന സാഹചര്യത്തിലാണ് സി ഇ ഒ അവധിയിൽ പോകുന്നത്. ഈ പ്രഖ്യാപനം വന്നതോടെ ട്വിറ്ററിന്റെ ഓഹരിമൂല്യം ഇന്നലെ ഉച്ചയോടെ 3.65 ശതമാനം ഇടിഞ്ഞു.
ട്വിറ്ററിന്റെ സഹസ്ഥാപകൻ കൂടിയായ ജാക്ക് ഡോർസി അപ്രതീക്ഷിതമായി കമ്പനിയിൽ നിന്നും പുറത്തുപോയതിനു പിന്നാലെ കഴിഞ്ഞവർഷം നവംബർ 29 ന് ആയിരുന്നു പരാഗ് അഗർവാൾ ട്വിറ്ററിന്റെ സി ഇ ഒ ആയി ചുമതലയേറ്റത്. ട്വിറ്ററിൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായി പത്തുവർഷം മുൻപ് ജോലിയിൽ പ്രവേശിച്ച ഈ 37 കാരൻ തന്റെ പ്രവർത്തനങ്ങളിലൂടെ കഴിവുതെളിയിച്ചു തന്നെയായിരുന്നു കമ്പനിയുടെ തലപ്പത്ത് എത്തിയത്. നിലവിൽ പ്രതിവർഷം 1 മില്യൺ ഡോളറാണ് പരാഗ് ശമ്പളമായി കൈപ്പറ്റുന്നത്. ഇതിനുപുറമേ ബോനസും ഓഹരികളും എല്ലാമായി 12.5 മില്യൺ ഡോളർ ആണ് പ്രതിവർഷം ഇദ്ദേഹത്തിന്റെ വരുമാനം.