- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബജറ്റിൽ കർഷകരുടെയും കൃഷിഭൂമിയുടെയും സംരക്ഷണമുറപ്പാക്കണം: അഡ്വ.വി സി.സെബാസ്റ്റ്യൻ
കൊച്ചി: സർക്കാർ മാർച്ച് 11ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ കർഷകരുടെയും കൃഷിഭൂമിയുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
കാലഹരണപ്പെട്ട ഭൂനിയമങ്ങൾ ഭേദഗതി ചെയ്തും കാർഷികോല്പന്നങ്ങൾക്ക് ന്യായവില പ്രഖ്യാപിച്ചും വന്യമൃഗ അക്രമത്തിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കിയും കർഷകരുടെയും കൃഷിഭൂമിയുടെയും നിലനിൽപ്പിനായുള്ള ക്രിയാത്മക നിർദ്ദേശങ്ങളും സാമ്പത്തിക പാക്കേജുകളും സംസ്ഥാന ബജറ്റിൽ ഉൾപ്പെടണം. ഭരണനിർവ്വഹണത്തിനായി കടമെടുത്തും സാധാരണജനങ്ങളുടെമേൽ അമിതഭാരം അടിച്ചേൽപ്പിച്ചുമുള്ള സാമ്പത്തികസങ്കീർണ്ണമായ അവസ്ഥ മാറണമെങ്കിൽ ഭരണച്ചെലവ് വെട്ടിച്ചുരുക്കണം. പദ്ധതികളുടെ പ്രഖ്യാപനങ്ങളല്ല നടപടികളാണ് ജനം നോക്കിക്കാണുന്നത്.
രാജ്യാന്തര തലത്തിലുള്ള കാർഷികമാറ്റങ്ങൾക്ക് സംസ്ഥാനം വിധേയമാകുന്നില്ലെങ്കിൽ കേരളത്തിൽ കൃഷി പുറകോട്ടടിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് അടിസ്ഥാന മാറ്റം വേണ്ടത് ഏഴുപതിറ്റാണ്ട് പഴക്കമുള്ളതും കാലഹരണപ്പെട്ടതുമായ ഭൂനിയമങ്ങൾ പൊളിച്ചെഴുതുകയാണ്. മാറിയ കാലാവസ്ഥയിൽ വിളമാറ്റകൃഷിക്ക് തടസ്സം നിൽക്കുന്ന നിയമങ്ങൾ പൊളിച്ചെഴുതണം. പഴവർഗ്ഗകൃഷിക്ക് അനുകൂലമായി തോട്ടങ്ങൾ പരിവർത്തനം ചെയ്യപ്പെടണം. വന്യമൃഗ അക്രമം അതിരൂക്ഷമായിട്ടും പ്രഖ്യാപനങ്ങൾക്കും പ്രസ്താവനകൾക്കുമപ്പുറം നടപടികളില്ലാത്തത് ദുഃഖകരമാണ്. കേന്ദ്രസർക്കാരിനെ മാത്രം പഴിചാരി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് ഭരണനേതൃത്വങ്ങൾക്ക് ഭൂഷണമല്ല. ജനവാസമേഖലയിലിറങ്ങിയ ആന ചെരിഞ്ഞപ്പോൾ ആക്രോശിച്ചവർ ആന ചവിട്ടിയരച്ച് മനുഷ്യജീവനെടുക്കുമ്പോൾ നിശബ്ദരാകുന്ന ക്രൂരതയ്ക്ക് അവസാനമുണ്ടാകണം. മനുഷ്യജീവനും കൃഷിഭൂമിയും സംരക്ഷിക്കാനും വിവിധ പെൻഷൻ സമ്പ്രദായങ്ങളിൽ സമ്പൂർണ്ണ പൊളിച്ചെഴുത്തിനുമുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാവണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.