കണ്ണുർ: വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉണ്ടാവുന്ന സാമൂഹ്യ വിരുദ്ധ അക്രമങ്ങൾ തടയുന്നതിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് ആഘോഷമാവാം അതിര് കടക്കരുത് എന്ന പേരിൽ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തോട്ടടയിലെ വിവാഹ വീട്ടിൽ ആഘോഷത്തിന്റെ മറവിൽ നടന്നത് ആഭാസമാണ്. പെൺവേഷം കെട്ടി നൃത്തം ചെയ്യുന്നതിനെതിരെ അവിടെയുണ്ടായിരുന്ന സ്ത്രീകളടക്കം തമാശയായി കണ്ടു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. നേരത്തെ വീടുകളിൽ മദ്യപിക്കുന്നത് വീട്ടമ്മമാരടക്കം എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ ഇതു കുറഞ്ഞു വരികയാണ്.

ഓരോ പ്രദേശത്തും നടക്കുന്ന വിവാഹ ചടങ്ങുകളുടെ നിയന്ത്രണങ്ങൾ വിട്ടുകാർക്ക് തന്നെയായിരിക്കണം. മൈക്കും ബോക്‌സുമായി പാട്ടുവെച്ചു നൃത്തവും ഗാനമേളയും നടത്തുന്നതിനെതിരെ പൊലീസ് നടപടിയെടുക്കണം. മൈക്ക് പെർമിഷൻ പൊലിസിൽ നിന്നും വാങ്ങിയാൽ മാത്രമേ ഇത്തരം പരിപാടികൾ നടത്താൻ അനുവദിക്കാൻ പാടുള്ളു. ഓരോ വീട്ടുകാർക്കുമായിരിക്കണം ഇതിന്റെ ഉത്തരവാദിത്വം.

ജില്ലയിൽ ഹരിത പ്രൊട്ടോക്കോൾ പാലിച്ചു വിവാഹ ചടങ്ങുകൾ നടത്തുന്നതു ആദ്യം പലരും എതിർത്തുവെങ്കിലും പിന്നീട് പലരും അതിനോട് സഹകരിച്ചു. അതുപോലെ വിവാഹ ആഭാസങ്ങൾ അവസാനിപ്പിക്കാനും നാട്ടുകാർ മുഴുവൻ സഹകരിക്കുമെന്ന് വിശ്വസിക്കുന്നതായി പി.പി ദിവ്യ പറഞ്ഞു.

വിവാഹ ആഭാസങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നതിനൊപ്പം എല്ലാം തദ്ദേശ സ്ഥാപനങ്ങളിലും ഓരോ ജാഗ്രതാ സമിതി രൂപീകരിക്കുമെന്നും ഇവർ വിവാഹം നടക്കുന്ന വീടുകളിൽ തലേന്ന് പോയി പ്രോട്ടോക്കോൾ പാലിക്കാൻ ആവശ്യപ്പെടുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് വൈകീട്ട് മാങ്ങാട്ടിടം പഞ്ചായത്തിൽ നടത്തും. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.