ഹൈദരാബാദ്: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനു വോട്ട് ചെയ്യാത്ത സ്ഥലങ്ങളിലേക്ക് ബുൾഡോസർ എത്തുമെന്ന് തെലങ്കാനയിലെ ബിജെപി നേതാവ്. വിഡിയോ പങ്കുവച്ച് തെലങ്കാന മന്ത്രിമാർ വരെ രംഗത്തുവന്നതോടെ പ്രസ്താവന വൻവിവാദമായി.

ബിജെപിക്ക് വോട്ടുകുറയുന്ന മേഖലകളിൽ ബുൾഡോസർ കയറും എന്നാണ് വിഡിയോയിൽ തെലങ്കാനയിലെ ബിജെപി എംഎൽഎ കൂടിയായ ടി.രാജാസിങ് പറയുന്നത്. മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായി കെടിആർ അടക്കം വോട്ടർമാരെ വിരട്ടുന്ന പ്രസ്താവനയ്‌ക്കെതിരെ രംഗത്തുണ്ട്.

'ഹിന്ദുക്കൾ കൂട്ടമായി എത്തി ബിജെപിക്കു വോട്ടുചെയ്യും. എന്നാൽ ബിജെപിക്ക് വോട്ടുചെയ്യാത്തവരോടാണ്. യോഗി ആദിത്യനാഥ് ആയിരക്കണക്കിന് ബുൾഡോസറുകളും ജെസിബികളും വാങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കഴിഞ്ഞ്, വോട്ട് ചെയ്യാത്ത, യോഗിയെ പിന്തുണയ്ക്കാത്ത മേഖലകൾ കണ്ടുപിടിക്കും.' എംഎൽഎ പറയുന്നു. വിഡിയോ വൈറലായതോടെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. പിന്നാലെ 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു.