ശ്രീകണ്ഠാപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കാറ്ററിങ് ജീവനക്കാരൻ ബൈക്കപകടത്തിൽ മരിച്ചു. ബുധനാഴ്‌ച്ച രാത്രി കാഞ്ഞിലേരിയിലുണ്ടായ അപകടത്തിൽ കാഞ്ഞിലേരി നെട്ടൂരിലെ മേമി-ഫാത്തിമ മകൻ ടി.പി സാദിഖാ(37)ണ് മരണമടഞ്ഞത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കാറ്ററിങ് ജോലി ചെയ്തു മടങ്ങുകയായിരുന്ന സാദിഖ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കണിയാർ വയൽ-കാഞ്ഞിലേരി റോഡിലെ കാഞ്ഞിലേരി തൂക്ക് പാലത്തിനടുത്തുവച്ചാണ് അപകടമുണ്ടായത്.

ഇവിടെ പണി പാതിവഴിയിൽ നിലച്ച പാലത്തിന്റെ കട്ടിങ്ങിൽ തട്ടി ബൈക്കിൽ നിന്നും തെറിച്ചുവീഴുകയായിരുന്നു. ഉടൻ സമീപവാസികൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. കാഞ്ഞിലേരി ജുമാ കബർസ്ഥാനിൽ കബറടക്കി. ഭാര്യ:റാബിയത്ത്. മക്കൾ: നിയ ഫാത്തിമ, ഫന ഫാത്തിമ, നൂറ ഫാത്തിമ. സഹോദരങ്ങൾ:സക്കീന, റംലത്ത്, സൗദത്ത്, റഹിയാനത്ത്, അഷ്റഫ്.