ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ മകം തൊഴുത് പതിനായിരങ്ങൾ. അമ്മയെ കൺനിറയെ കണ്ട് അനുഗ്രഹം വാങ്ങുവാൻ കേരളത്തിന് പുറത്ത് നിന്നുവരെ ഭക്തർ ക്യൂ നിന്നു. ഉത്സവത്തിന്റെ ഏഴാം ദിവസമായിരുന്ന വ്യാഴാഴ്ച നടന്ന മകം തൊഴലിന് കോവിഡ് പശ്ചാത്തലത്തിലും തിരക്കിന് കുറവൊന്നും ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് രണ്ടിനാരംഭിച്ച മകം തൊഴൽ രാത്രി 10 വരെ നീണ്ടു. പതിനായിരങ്ങൾ നട തുറക്കുന്നതിനും മണിക്കൂറുകൾക്കു മുമ്പേ ബാരിക്കേഡിലെ നിരയിൽ വരിനിന്നു.

വില്ല്വമംഗലം സ്വാമിയാർക്ക് ദർശനമേകിയ ഐതിഹ്യത്തിൽ കീഴ്ക്കാവ് പരിസരത്തും ആയിരങ്ങൾ ശരണമന്ത്രങ്ങളോടെ കൈകൾ കൂപ്പി ദേവിയെ തൊഴുതു. രാവിലെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപൂജയും നടത്തി പറയെടുത്ത ശേഷം തിരിച്ചെഴുന്നള്ളി. തുടർന്ന് രണ്ടു ഗജവീരന്മാർ അണിനിരന്ന മകം എഴുന്നള്ളിപ്പ് നടന്നു. രാവിലെ ദേവിയെയും ശാസ്താവിനെയും ആനപ്പുറത്തേറ്റി, വാദ്യഘോഷങ്ങളോടുകൂടി ഓണക്കുറ്റിച്ചിറയിലേക്ക് ആറാട്ടിനെഴുന്നള്ളിച്ചു. ആറാട്ടും പറയെടുപ്പും കഴിഞ്ഞ് മേളത്തോടു കൂടി മകം എഴുന്നള്ളിപ്പും നടന്നു.

തുടർന്ന് ദേവിയെയും ശാസ്താവിനെയും അകത്തേക്കെഴുന്നള്ളിച്ചു. ഉച്ചപ്പൂജയ്ക്കും ശീവേലിക്കും ശേഷം പുലിയന്നൂർ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ശ്രീഭൂതബലി. തുടർന്ന് അലങ്കാരത്തിനായി നട അടച്ചു. ഉച്ചയ്ക്ക് കൃത്യം രണ്ടിന് മേൽശാന്തി മനോജ് എമ്പ്രാന്തിരിയാണ് മകം തൊഴലിനായി ശ്രീകോവിൽ തുറന്നത്. ഈ സമയം ക്ഷേത്രാങ്കണം 'അമ്മേ നാരായണ, ദേവീ നാരായണ' തുടങ്ങി നാമ ജപങ്ങളാൽ മുഖരിതമായി. മണിനാദങ്ങളും കതിനാ വെടി ശബ്ദങ്ങളും മുഴങ്ങി. പ്രത്യേകം തങ്കഗോളകയാണ് ദേവിക്ക് ചാർത്തിയിരുന്നത്.

രത്‌നക്കിരീടം ചൂടി, സ്വർണത്തിന്റെ അരപ്പട്ട, കൈപ്പട്ട, അഞ്ചുതാലി, മണിമാല, സഹസ്രനാമമാല, ആയുധമാല, രുദ്രാക്ഷമാല തുടങ്ങി വിശേഷപ്പെട്ട ആഭരണങ്ങളും പട്ടുടയാടകളുമണിഞ്ഞ് കേശാദിപാദം ചെത്തി, തുളസി, താമര എന്നിങ്ങനെ പൂമാലയുമണിഞ്ഞുള്ള ചോറ്റാനിക്കര അമ്മയുടെ ദിവ്യരൂപം ഭക്തർക്ക് ദർശന പുണ്യമായി. ശ്രീകോവിലിൽ നെയ് വിളക്കുകളായിരുന്നു തെളിച്ചത്. സിനിമാ താരങ്ങളായ നയൻതാര, പാർവതി തുടങ്ങിയവരും മകം തൊഴാനെത്തിയിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, മെംബർമാരായ വി.കെ. അയ്യപ്പൻ, എം.ജി. നാരായണൻ എന്നിവരും ഉണ്ടായിരുന്നു. നിരയിൽ നിന്നിരുന്ന ഭക്തജനങ്ങൾക്ക് ലഘുഭക്ഷണം, കുടിവെള്ളം എന്നിവ നൽകി. രാത്രി മകം വിളക്കിനെഴുന്നള്ളിപ്പും നടന്നു.

പൂരം ദിവസമായ നാളെ രാവിലെ 5.30നു പറയ്‌ക്കെഴുന്നള്ളിപ്പ്, 9നു കിഴക്കേചിറയിൽ ആറാട്ടും തുടർന്നു ചംക്രോത്ത് മനയിൽ ഇറക്കിപ്പൂജയും വലിയ കീഴ്ക്കാവിൽ ഇറക്കിയെഴുന്നള്ളിപ്പും നടക്കും. രാത്രി 8നു കുഴിയേറ്റ് ശിവക്ഷേത്രത്തിൽ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് വലിയ കീഴ്ക്കാവിൽ എത്തിച്ചേർന്ന് ഭഗവതി, ശാസ്താവ് എന്നീ ദേവീദേവന്മാരോടൊപ്പം ചേർന്നു പൂരം എഴുന്നള്ളിപ്പ്, 9.30ന് ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവൻകുളങ്ങര വിഷ്ണു, എടാട്ട്മഠം ഭഗവതി, കർത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിലെ പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയിലെത്തും. ക്ഷേത്രത്തിൽ പ്രവേശിച്ചു പടിഞ്ഞാറേ നടപ്പുരയിൽ 11നു മേൽക്കാവ് ഭഗവതി, അകത്തെ ശാസ്താവ്, കുഴിയേറ്റ് ശിവൻ എന്നിവരും ചേർന്ന് 7 ദേവീദേവന്മാരുടെ കൂട്ടി എഴുന്നള്ളിപ്പ്, 12നു പൂരപ്പറമ്പിൽ എഴുന്നള്ളിപ്പ്.

ഉത്രം ആറാട്ട് ദിവസമായ 19നു രാവിലെ 5ന് ആറാട്ടുബലി, കൊടിയിറക്ക്, തുടർന്നു മുരിയമംഗലം നരസിംഹ ക്ഷേത്രത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിപ്പ്, 10നു ദേവി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്നു കൊടിമരച്ചുവട്ടിൽ പറയും പ്രദക്ഷിണവും, വൈകിട്ട് 6നു വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ്. ശേഷം ക്ഷേത്രത്തിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. 20നു രാത്രി കീഴ്ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.