- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ സകല മനുഷ്യരുടെയും ചിത്രങ്ങൾ ഒപ്പിയെടുത്ത് ഡാറ്റാ ബേസിൽ സൂക്ഷിക്കാനൊരുങ്ങി അമേരിക്കൻ കമ്പനി; ഒരാളുടെ 14 ചിത്രങ്ങൾ വീതം 100 ബില്യൺ ചിത്രങ്ങൾ; ആർക്കും ഇനി ആരേയും പറ്റിച്ച് ഒളിക്കാനാവില്ല
ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ മുഖമായ നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പുതിയ മാനങ്ങളിലേക്കെത്തുകയാണ്. ഈ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്ന് ഇപ്പോൾ ലോകത്തിലെ എല്ലാ മനുഷ്യരുടെയും ചിത്രങ്ങൾ പകർത്തി തങ്ങളുടെ ഡാറ്റാബേസിൽ സൂക്ഷിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ ലോകത്തെ എല്ലാവരേയും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ഒളിച്ചുകളികൾ ഒന്നും തന്നെ നടക്കില്ല എന്നർത്ഥം.
ഫേഷ്യൽ റെക്കഗ്‌നിഷ്യൻ സ്ഥാപനമായ ക്ലിയർ വ്യു എ ഐ ആണ് ഇക്കഴിഞ്ഞ ഡിസംബറിൽ നിക്ഷേപകർക്കായി ഇറക്കിയ കുറിപ്പിൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മുൻപെങ്ങും നടന്നിട്ടില്ലാത്ത അത്ര ബൃഹത്തായ പദ്ധതിയുടെ ഭാഗമായി ഇപ്പോൾ 100 ബില്യൺ ആളുകളുടെ ചിത്രങ്ങൾ ശേഖരിക്കുകയാണ് കമ്പനി എന്നും കുറിപ്പിൽ പറയുന്നു. ഇതെല്ലാം, പ്രത്യേകമായി തയ്യാറാക്കിയ ഡാറ്റാ ബേസിൽ സൂക്ഷിക്കും. നിലവിൽ ഭൂമിയിലുള്ള ഏകദേശം 7 ബില്യൺ ആളുകളിൽ ഒരാളുടെ 14 ചിത്രങ്ങൾ വീതമായിരിക്കും ശേഖരത്തിൽ ഉണ്ടാവുക.
ഇപ്പോൾ തന്നെ വിപുലമായ കമ്പനിയുടെ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ ഇതോടെ കൂടുതൽ വിപുലമാകും. സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റു സ്രോതസ്സുകളിൽ നിന്നുമായിരിക്കും ചിത്രങ്ങൾ ശേഖരിക്കുക. 2020 ആരംഭത്തിൽ നിന്നും കമ്പനിയുടെ മുഖ സൂചികയിലുള്ള ചിത്രങ്ങളുടെ എണ്ണം 3 ബില്യണിൽ നിന്നും 10 ബില്യണായി വർദ്ധിച്ചു എന്നും മാൻഹട്ടൻ ആസ്ഥാനമായുള്ള കമ്പനിയുടെ കുറിപ്പിൽ പറയുന്നു.
ഈ കമ്പനിയുടെ സാങ്കേതിക വിദ്യ ഇപ്പോൾ തന്നെ നിരവധി നിയമപരിപാലക സ്ഥാപനങ്ങളും സർക്കാർ ഏജൻസികളും ഉപയോഗിക്കുന്നുണ്ട്. ലോകമാകമാനം തന്നെ ഇവരുടെ സാങ്കേതിക വിദ്യയുടെ സഹായത്താൽ ആയിരക്കണക്കിന് കുറ്റവാളികൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഫേസ്‌ബുക്ക്, യൂട്യുബ്, വെന്മോ എന്നുതുടങ്ങി ലക്ഷക്കണക്കിന് സൈറ്റുകളിൽ നിന്നാണ് ക്ലിയർ വ്യു വ്യക്തികളുടെ ചിത്രങ്ങൾ ശേഖരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ആസ്ട്രേലിയൻ വംശജനായ ഹൊവാൻ ടോൺ- താറ്റ് 2016ൽ ആരംഭിച്ച കമ്പനിയുടെ വിപണിമൂല്യം ഇപ്പോൾ 100 മില്യൺ ഡോളറിൽ അധികമാണ്. ഈ സാഹചര്യത്തിലാണ് ക്രിമിനൽ അന്വേഷണങ്ങൾക്കും അപ്പുറത്തേക്ക് അവരുടെ മുഖം തിരിച്ചറിയൽ (ഫേസ് റെക്കഗ്‌നിഷൻ) സാമ്രാജ്യം വ്യാപിപ്പിക്കുവാൻ കമ്പനി ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞവർഷം കമ്പനി നിക്ഷേപകർക്കായി അവതരിപ്പിച്ച ഒരു പ്രസന്റേഷനിൽ 50 മില്യൺ ഡോളറിന്റെ അധിക നിക്ഷേപം അഭ്യർത്ഥിച്ചിരുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയറിന്റെ പ്രവർത്തിക്കുന്നത് എങ്ങനെ ?
വളരെ സങ്കീർണ്ണമായ ഒരു അൽഗൊരിതം ഉപയോഗിച്ച് ഒരു മുഖത്തിന്റെ ജ്യാമിതീയ അളവുകൾ സോഫ്റ്റ്‌വെയർ കണക്കാക്കും. മൂക്കിനും വായയ്ക്കും ഇടയിലുള്ള അകലം, ചുണ്ടുകളുടെ നീളം തുടങ്ങിയവ ഇതിലുൾപ്പെടും. ഈ അളവുകളുടെ മൂല്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങൾ ഉൾപ്പടെ നിരവധി സൈറ്റുകളിലുള്ള ഫോട്ടോകളുമായി താരതമ്യ പഠനം നടത്തും. ഇതുവഴി, ലോകത്തിലെ ആരുടേ ചിത്രവും തിരിച്ചറിയാൻ കഴിയും.
മറുനാടന് മലയാളി ബ്യൂറോ