കണ്ണൂർ:തോട്ടടയിലെ വിവാഹവീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നടക്കാത്ത ഗാനമേളയുടെ പേരുപറഞ്ഞ് തളിപ്പറമ്പ് ഡി.വൈ. എസ്‌പി വിവാഹവീടുകളിലെ ഗാനമേളകൾക്കും മറ്റുകലാപരിപാടികൾക്കും അനുമതി നിഷേധിച്ചു ഉത്തരവിറക്കിയതിൽ പ്രതിഷേധിച്ചു കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും സംഘടനയായ മ്യൂസിഷൻവെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പഴയബസ്സ്റ്റാൻഡിൽ പ്രതിഷേധ ധർണനടത്തി.

വെള്ളിയാഴ്‌ച്ച വൈകുന്നേരം കലക്ടറേറ്റിനു മുൻപിൽ നിന്നും നടത്തിയ പ്രകടനം പഴയബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സംസ്ഥാനജനറൽ സെക്രട്ടറി സി. ആർ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. തോട്ടടയിൽ നടക്കാത്ത ഗാനമേളയുടെ പേരിലാണ് പൊലിസ് കലാകാരന്മാർ ഉപജീവനത്തിനായി വിവാഹവീടുകളിലും ഉത്സവപറമ്പുകളിലും നടത്തുന്ന ഗാനമേളകൾക്കും ഫ്യൂഷൻ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയതെന്ന് മനോജ്കുമാർ ആരോപിച്ചു.

കോവിഡ് കാലത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടവരാണ് കലാകാരന്മാരും സാങ്കേതികപ്രവർത്തകരും.മുണ്ടുമുറുക്കിയും പട്ടിണിയും പരിവട്ടവുമായാണ് ജീവിച്ചത്. കോവിഡ് പ്രതിസന്ധിമാറിവന്ന് സജീവമായി കാര്യങ്ങൾ പഴയതുപോലെ നടക്കുന്ന അവസരത്തിലാണ് പൊലിസ് നടപടിയെന്നും മനോജ് കുമാർ ചൂണ്ടിക്കാട്ടി. ഇതു ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയുന്നില്ലെന്നും തീരുമാനം പിൻവലിക്കുന്നതുവരെ സമരം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

കോവിഡ് കാല പ്രതിസന്ധി ഒരു വിധത്തിൽ അതിജീവിച്ച കലാകാരന്മാരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന തീരുമാനം ഉടൻ പിൻവലിക്കാൻ സർക്കാർ തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പവിത്രൻ സ്വരലയ അധ്യക്ഷനായി.ജ്യോതി ജോസഫ്,നാസർ ഇരിട്ടി, എംപി രാജൻ എന്നിവർ സംസാരിച്ചു.