തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചെന്ന പൊള്ളയായ അവകാശവാദങ്ങൾ മാത്രമാണ് ഗവർണർ നടത്തിയ നയപ്രസംഗമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. മഹാമാരിയുടെ കാലത്ത് പ്രവാസികളും സാധാരണക്കാരും പ്രതിസന്ധിയിലായപ്പോഴും കോവിഡിനെ വിജയകരമായി പ്രതിരോധിച്ചുവെന്നും ജനങ്ങളോടൊപ്പം നിന്നു എന്നുമുള്ള സർക്കാരിന്റെ അവകാശവാദത്തെ ആവർത്തിക്കുകയാണ് ഗവർണർ ചെയ്തത്. കെ - റെയിൽ പദ്ധതിയെ തികച്ചും തെറ്റിദ്ധാരണ പരത്തുന്ന സ്വഭാവത്തിൽ പ്രകൃതി സൗഹൃദമെന്നും അനിവാര്യമെന്നുമുള്ള നിലപാട് ഇരട്ടത്താപ്പാണ്.

എല്ലാവർക്കും ഭൂമിയും വീടും നൽകുമെന്ന ഒഴുക്കൻ പ്രയോഗം അല്ലാതെ അതിനായി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാൻ പ്രഖ്യാപനത്തിൽ സാധിച്ചിട്ടില്ല. ഇതിലൂടെ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാരും ഗവർണറും ശ്രമിച്ചത്. ഇടതു സർക്കാർ നടത്തിയ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെച്ച് സർക്കാർ വലിയ മുന്നേറ്റം നടത്തിയെന്ന് കേരളത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. കേന്ദ്രത്തിനെതിരെ ചില വിമർശനങ്ങൾ കേവലം പ്രഹനങ്ങൾ മാത്രമാണ്. കേന്ദ്ര - സംസ്ഥാന ഭരണതലപ്പത്തുള്ളവരുടെ ഒത്തുകളിയാണ് ഇവിടെ നടക്കുന്നത്. സംസ്ഥാനത്തെ വ്യവസായ സൗഹൃദ പ്രദേശമാക്കി മാറ്റുമെന്ന നയപ്രഖ്യാപനത്തിന് ക്രിയാത്മകമായ എന്തെങ്കിലും ചുവടുകളെ കുറിച്ച് പറയാൻ കഴിയുന്നില്ല. ചുരുക്കത്തിൽ ഗവർണറും സർക്കാരും ചേർന്ന് നടത്തുന്ന എലിയും പൂച്ചയും കളിയാണ് ഇന്ന് നടന്ന നയപ്രസംഗം.

ലോകായുക്ത അധികാരത്തെ വെട്ടിച്ചുരുക്കുന്നതിന് വേണ്ടി ഗവർണറുമായി ചേർന്ന് നടത്തിയ വഞ്ചനാപരമായ രീതി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. തന്റെ സംഘ്പരിവാർ വിധേയത്വം പൂർണമായി തെളിയിച്ചു കൊണ്ടാണ് ഗവർണർ സർക്കാറിനോട് നിലപാടുകൾ സ്വീകരിക്കുന്നത്. എന്നാൽ അതിനെതിരെ ശക്തമായ പ്രതികരണം അറിയിക്കുന്നതിന് പകരം ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഗവർണറുടെ അഡിഷണൽ പി.എ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ്. കർത്തയെ നിയമിച്ചുള്ള ഉത്തരവിനൊപ്പം സർക്കാരിന്റെ വിയോജിപ്പും അറിയിച്ച് പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നൽകിയ കത്ത് പ്രകോപിതനായ ഗവർണറെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ഉദ്യോഗസ്ഥനെ ബലികൊടുക്കുന്ന നിലപാട് പ്രതിഷേധാർഹമാണ്. ഗവർണറും സർക്കാറും ചേർന്നു നടത്തുന്ന ഇത്തരം അസാധാരണവും നാടകീയവുമായ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു.