ൻഡ്രൂ രാജകുമാരൻ പണം കൊടുത്തൊതുക്കിയ കേസിനു സമാനമായ കേസുകളിൽ പ്രതികളായവർ ഒന്നൊന്നായി ജയിലിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരണമടയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുകയും മറ്റു പല പ്രമുഖർക്കും കാഴ്‌ച്ചവെയ്ക്കുകയും ചെയ്ത കേസുകളിൽ പ്രതിയാ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ ജയിലനകത്ത് മരണമടയുകയായിരുന്നു. ഇപ്പോഴിതാ, എപ്സ്റ്റീന് ആയിരത്തോളം പെൺകുട്ടികളേയും സ്ത്രീകളേയും കൂട്ടിക്കൊടുത്ത പിമ്പും മോഡലിങ് ഏജന്റുമായ ജീൻ ലക് ബ്രൂണേൽ ജയിലിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടിരിക്കുന്നു.

തെക്കൻ പാരിസിലെ ലാ സാന്റെയിലായിരുന്നു ഇയാളെ തടവിൽ പാർപ്പിച്ചിരുന്നത്. ആത്മഹത്യാ സ്വഭാവം പ്രകടിപ്പിക്കാതിരുന്നതിനാൽ ഇയാൾ നിരീക്ഷണത്തിൽ അല്ലായിരുന്നു. ഇയാളെ താമസിപ്പിച്ചിരുന്ന സെല്ലിൽ നിരീക്ഷണ ക്യാമറയും ഘടിപ്പിച്ചിരുന്നില്ല. സെല്ലിനകത്ത് തന്നെ തൂങ്ങി മരിച്ച നിലയിലാണ് ബ്രുണലിനെ കാണപ്പെട്ടതെന്ന് പാരിസിലെ പ്രോസിക്യുട്ടർമാർ സ്ഥിരീകരിച്ചു. ഇതോടെ ഈ കേസുകളിലെ മറ്റൊരു പ്രതിയായിൽ ജയിൽ വാസം അനുഷ്ഠിക്കുന്ന ബ്രിട്ടീഷ് സോഷ്യലൈറ്റ് ഗിലേയ്ൻ മാക്സ്വെല്ലിന്റെ കുടുംബം, അവരുടെ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപാണ് എപ്സ്റ്റീന്റെയും മാക്സ്വെല്ലിന്റെയും സഹായത്തോടെ ആൻഡ്രൂ രാജകുമാരൻ തനിക്ക് പ്രായപൂർത്തിയാകുന്നതിനു മുൻപ് മൂന്നു പ്രാവശ്യം തന്നെ പീഡിപ്പിച്ചു എന്ന വെർജീനിയ റോബർട്സ് എന്ന യുവതിയുടെ കേസ് ഒത്തുതീർപ്പാക്കാൻ ആൻഡ്രൂ ലക്ഷങ്ങൾ വാരിയെറിഞ്ഞ വാർത്ത പുറത്തുവന്നത്. എപ്പോഴും പീഡനാരോപണങ്ങൾ നിഷേധിച്ചിരുന്ന ആൻഡ്രു പക്ഷെ അവസാനം വലിയൊരു തുക നൽകി കേസ് ഒത്തുതീർപ്പാക്കാൻ സമ്മതിക്കുകയായിരുന്നു. എപ്സ്റ്റീന് അനുഭവിക്കാനായി ആയിരത്തോളം പെൺകുട്ടികളേയും സ്ത്രീകളേയും ആകർഷിച്ച് കൊണ്ടുവന്നിരുന്നത് ബ്രൂണെൽ (76) ആയിരുന്നു എന്ന് വെർജീനിയ റോബർട്സ് ആയിരുന്നു ആദ്യം ആരോപിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇയാൾ ഫ്രാൻസിൽ വിചാരണ നേരിടുകയായിരുന്നു.

ബ്രൂണലിന്റെ മരണവാർത്ത പുറത്തുവന്നയുടനെ അതിൽ ഞെട്ടൽ രേഖപ്പെടുത്തി മാക്സ്വെല്ലിന്റെ കുടുംബം രംഗത്തെത്തി. ബ്രൂക്ക്ലിനിലെ മെട്രോപോളിറ്റൻ ഡെറ്റെൻഷൻ സെന്ററിൽ തടവിലുള്ള അവരുടെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ലണ്ടനിലെ വീട്ടിൽ നിന്നും അവരുടെ സഹോദരൻ ന്യുയോർക്ക് പോസ്റ്റിനോട് സംസാരിച്ചു. അതീവ സുരക്ഷയുള്ള ജയിലിൽ മറ്റൊരു തൂങ്ങി മരണം കൂടി നടന്നത് തന്നെ ആശങ്കപ്പെടുത്തുന്നതായും അയാൾ പറഞ്ഞു.

തന്റെ സഹോദരി രാത്രി ഓരൊ 15 മിനിറ്റിലും ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നുണ്ടെന്നും, അവർക്ക് ആത്മഹത്യാ പ്രവണത ഉള്ളതായി സംശയിക്കപ്പെടുന്നു എന്നും മാക്സ്വെല്ലിന്റെ സഹോദരൻ പറഞ്ഞു. എന്നാൽ, അവർക്ക് അത്തരത്തിലുള്ള ഒരു പ്രവണത ഇല്ലെന്നാണ് അവരെ പരിശൊധിച്ച മാനസികരോഗ വിദഗ്ദർ പറഞ്ഞത്. എന്നാൽ, തന്റെ സഹോദരി നിരീക്ഷണത്തിലാണെന്നും എപ്സ്റ്റീനും ബ്രൂണെലും നിരീക്ഷണത്തിൽ ഇല്ലായിരുന്നു എന്നും അയാൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം ഡിസംബറിലായിരുന്നു സ്ത്രീ കടത്തിൽ കുറ്റം ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗിലേയ്ൻ മാക്സ്വെല്ലിനെ തടവിലാക്കിയത്. എപ്സ്റ്റീനു വേണ്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ആകർഷിച്ചുകൊണ്ടു വരികയായിരുന്നു ഇവരുടെ ജോലി. അവരെ പുനർവിചാരണയ്ക്ക് വിധേയയാക്കണമെന്ന് അവരുടെ നാലുപേരടങ്ങുന്ന അഭിഭാഷക സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതായാലും വിചാരണ കാത്തുകിടക്കവെ ജയിലിനകത്ത് മരണമടഞ്ഞ എപ്സ്റ്റീന് ശേഷം കൂട്ടുപ്രതിയായ ബ്രൂണെൽ ആത്മഹത്യ ചെയ്യുക കൂടി ചെയ്തതോടെ പുതിയ ഗൂഢാലോചന വാദങ്ങൾ പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്. എപ്സ്റ്റീനെ താമസിപ്പിച്ചിരുന്ന മാൻഹട്ടൺ മെട്രോപോളിറ്റൻ കറക്ഷൻ സെന്ററിലെ ക്യാമറകൾ അയാളുടെ മരണ സമയത്ത് പ്രവർത്തിച്ചിരുന്നില്ല എന്നതാണ് ആ മരണത്തിന് ദുരൂഹത വർദ്ധിപ്പിച്ചത്. അയാളൊടൊപ്പം മറ്റൊരു കുറ്റാരോപിതനും ആ സെല്ലിൽ ഉണ്ടായിരുന്നു.

എന്നാൽ, ബ്രൂണൽ തന്റെ മരണസമയത്ത് തീർത്തും ഒറ്റയ്ക്കായിരുന്നു എന്നാണ് കരുതുന്നത്. മാത്രമല്ല, അയാളെ പാർപ്പിച്ചിരുന്ന സെല്ലിനകത്ത് കാമറകളും ഉണ്ടായിരുന്നില്ല. രാത്രി ജയിലിനകത്ത് പട്രോളിങ് നടത്തുന്ന സംഘമാണ് 1 മണിയോടെ ബ്രൂണലിന്റെ നിശ്ചലമായ ശരീരം കണ്ടെത്തിയത്. ഈ മരണത്തെ സംബന്ധിച്ച് ഒരു ജുഡീഷണൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമികമായ തെളിവുകൾ പരിശോധിച്ചതിൽ നിന്നും ഇത് ഒരു ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അധികൃതർ എത്തിച്ചേർന്നിരിക്കുന്നത്.

ബ്രൂണൽ കുറ്റക്കാരനാണെന്ന് ആദ്യം പറഞ്ഞ വിർജീനിയ റോബർട്സ്, അന്തിമ വിചാരണയിൽ അയാളെ നേരിൽ കാണാൻ കഴിയാത്തതിൽ നിരാശ പ്രകടിപ്പിച്ചു. അയാൾ തന്നോടും മറ്റു പെൺകുട്ടികളോടും ചെയ്ത ക്രൂരകൃത്യങ്ങൾ കോടതിയിൽ അയാളുടെ മുൻപിൽ എണ്ണിയെണ്ണി പറയണമെന്നായിരുന്നു ആഗ്രഹം എന്നു പറഞ്ഞ അവർ, കേസിന്റെ മറ്റൊരു അദ്ധ്യായം ഇവിടെ അവസാനിക്കുകയാണെന്നും പറഞ്ഞു. അതേസമയം തനിക്കെതിരെ ഉയർന്ന് ആരോപണങ്ങളിൽ മനസ്സ് മടുത്താണ് ബ്രൂണൽ ആത്മഹത്യ ചെയ്തതെന്ന് അയാളുടെ അഭിഭാഷകൻ പറയുന്നു.