മലപ്പുറം: മോഹൻ ലാൽ നായകനായ 'ആറാട്ട്' എന്ന സിനിമയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ അഞ്ചു പേർക്കെതിരെ കേസെടുത്തു. മലപ്പുറം കോട്ടക്കലിലെ തിയറ്റർ ഉടമയാണ് പൊലീസിൽ പരാതി നൽകിയത്. ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടിയ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഇതിനിടയിൽ സിനിമക്കെതിരെ ചില വ്യാജ പ്രചാരണങ്ങളും പുറത്തുവന്നിരുന്നു.

വില്ലൻ' എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയാണ് തിരക്കഥ. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്.

കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.
നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ എത്തിയിരുന്നു. കോവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകൾ വീണ്ടും ഉണർന്ന് പ്രവർത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങൾക്കുവേണ്ടി ഞങ്ങൾ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോർട്ടുകളാണ് കിട്ടുന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു.