കുവൈത്ത് സിറ്റി: കുവൈത്തിൽ വീട്ടിൽ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ രണ്ട് ഇന്ത്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. വഫ്ര ഏരിയയിൽ നിന്നാണ് അഹ്‌മദി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

വഫ്ര ഏരിയയിലെ പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥർ ഒരു ഇടവഴിയിൽ പാർക്ക് ചെയ്ത കാറിന് അരികെ എത്തി. പൊലീസ് എത്തുന്നത് കണ്ട് പ്രവാസികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. വീട്ടിൽ നിർമ്മിച്ച വൻ മദ്യശേഖരം ഇവരുടെ കാറിൽ നിന്ന് കണ്ടെത്തി.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മദ്യം വിൽപ്പനയ്ക്കായി കൊണ്ടുപോകുകയാണെന്നും ഇവർ സമ്മതിച്ചു. 400 കുപ്പി മദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. തുടരന്വേഷണത്തിനായി അറസ്റ്റിലായവരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.