- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു കയ്യിൽ രണ്ട് ഒടിവ്; തല മുതൽ കാൽപാദം വരെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ മുറിവുകൾ; തലച്ചോറിനും ക്ഷതമേറ്റതായി ഡോക്ടർമാർ: ക്രൂരമർദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരിയുടെ നില അതീവ ഗുരുതരം: അമ്മയ്‌ക്കെതിരെ കേസ്
കാക്കനാട്: മൂന്ന് വയസ്സുള്ള കുഞ്ഞിനെ ക്രൂര മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന് 72 മണിക്കൂറുകൾ നിർണ്ണായകമാണ്. തെങ്ങോടുള്ള ഫ്‌ളാറ്റിൽ വാടകയ്ക്കു താമസിക്കുന്ന കുമ്പളം സ്വദേശിനിയുടെ മകളാണ് അക്രമത്തിനിരയായത്. കുഞ്ഞിന്റെ ശരീരമാസകലം മർദ്ദനമേറ്റതിന്റെയും പൊള്ളിച്ചതിന്റെയും പാടുകളാണ്.
അബോധാവസ്ഥയിലായ കുഞ്ഞിനെ ഞായറാഴ്ച രാത്രി അമ്മയും മുത്തശ്ശിയും ചേർന്നാണ് ആദ്യം പഴങ്ങനാട് ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ നില അതീവഗുരുതരമായതിനാൽ രാത്രി തന്നെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംശയം തോന്നിയ ഡോക്ടർ പൊലീസിനു വിവരം നൽകി. കുട്ടിയുടെ തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതു കയ്യിൽ രണ്ട് ഒടിവുണ്ട്. തല മുതൽ കാൽപാദം വരെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ മുറിവുകളുടെ പാടുണ്ട്. മുതുകിൽ പൊള്ളലേറ്റിട്ടുണ്ട്.
തീവ്ര പരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ നിരീക്ഷണത്തിലുള്ള ബാലികയുടെ 72 മണിക്കൂർ നിർണായകമാണെന്നു ഡോക്ടർമാർ പറഞ്ഞു. തൃക്കാക്കര പൊലീസ് ആശുപത്രിയിലെത്തി ബാലികയുടെ അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കളുടെയും ഡോക്ടറുടെയും മൊഴിയെടുത്തു. അതേസമയം കുട്ടി ശരീരത്തിൽ സ്വയം മുറിവുകളുണ്ടാക്കിയതാണെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം ചെയ്തതാണെന്നു അമ്മ മൊഴി നൽകിയെങ്കിലും പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല.
കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവുമായി വേർപിരിഞ്ഞാണു കുട്ടിയുടെ അമ്മയുടെ താമസം. സഹോദരിയും അമ്മയും സഹോദരിയുടെ ഭർത്താവെന്നു പറയുന്ന യുവാവും ഇവർക്കൊപ്പം വാടക വീട്ടിൽ താമസിക്കുന്നുണ്ട്. ഇവരെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.
ബാധ ഒഴിപ്പിക്കാൻ മർദിച്ചെന്നു സംശയം
അതേസമയം കുട്ടി 'ബാധ ഒഴിപ്പിക്കൽ' നടപടിക്കു വിധേയമായിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നു. ഹൈപ്പർ ആക്ടീവായ ബാലിക പലപ്പോഴും പ്രായത്തേക്കാൾ കൂടിയ വികൃതികൾ കാട്ടാറുണ്ടെന്ന് അമ്മയും മുത്തശ്ശിയും മൊഴി നൽകിയിട്ടുണ്ട്. ഇതു ബാധയാണെന്ന ധാരണയിൽ ദുർമന്ത്രവാദികൾ ആരെങ്കിലും വീട്ടിലെത്തി കുട്ടിയെ പരുക്കേൽപ്പിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
ഞായറാഴ്ച രാത്രി തെങ്ങോടിലെ ഫ്‌ളാറ്റിൽ നിന്നു കുടുംബം പുറത്തേക്കു പോകുന്നതായി അവിടത്തെ സിസി ടിവി ക്യാമറകളിലുണ്ട്. ഇവർ മറ്റേതെങ്കിലും കേന്ദ്രത്തിൽ പോയതിനു ശേഷമാണോ കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പരിശോധിക്കുന്നുണ്ട്. ഇന്നലെ പുലർച്ചെ 2 നു വീട്ടിൽ ശേഷിച്ചിരുന്നവർ കാറിൽ കയറി പുറത്തു പോകുന്നതായി സിസി ടിവിയിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ