വിവാഹമോചനത്തിന് ശേഷം മക്കളുമൊത്താണ് നടൻ ഹൃതിക് റോഷന്റെ താമസം. എന്നാൽ അടുത്തിടെ താരം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചു. ഗായികയും സംഗീത സംവിധായികയുമായ സബ ആസാദും ഹൃതികും അടുപ്പത്തിലാണെന്ന വാർത്തയാണ് അടുത്ത കാലങ്ങളിൽ ഗോസിപ്പുകളിൽ ഇടം നേടിയത്.

എന്നാൽ ഇപ്പോൾ ഇതാ അത് സത്യമാണെന്ന് ഉറപ്പിക്കുകയാണ് ഹൃത്വിക് ആരാധകർ. ഏറ്റവും ഒടുവിൽ റോഷൻ കുടുംബത്തിനൊപ്പം അവധി ദിനം ആഘോഷിക്കുന്ന സബയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മാവനും സംഗീത സംവിധായകനുമായ രാജേഷ് റോഷനും കുടുംബത്തിനും ഒപ്പമുള്ള ഹൃതിക്കിന്റെയും സബയുടെയും ചിത്രമാണ് സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കുന്നത്. ഹൃതിക്കിനൊപ്പം അമ്മ പിങ്കി റോഷനും ബന്ധുക്കളും ഉണ്ട്.

 
 
 
View this post on Instagram

A post shared by Rajesh Roshan (@rajeshroshan24)

രാജേഷ് റോഷനാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്. 'എപ്പോഴും ചുറ്റിലും സന്തോഷം ഉണ്ട്. പ്രത്യേകിച്ച് ഞായറാഴ്ച ഉച്ചഭക്ഷണ സമയത്തായിരിക്കും അത്.' എന്ന കുറിപ്പോടെയാണ് രാജേഷ് റോഷൻ ചിത്രം പങ്കുവച്ചത്. ചിത്രത്തിനു താഴെ കമന്റുമായി ഹൃതിക് റോഷനും എത്തി. 'ഹഹ, അത് ശരിയാണ് അമ്മാവാ. ഏറ്റവും തമാശ താങ്കളായിരുന്നു.'ഹൃതിക് കമന്റ് ചെയ്തു. 'മനോഹരമായ ഞായറാഴ്ച' എന്നായിരുന്നു സബയുടെ കമന്റ്.

ഹൃതിക്കും സബയും പരസ്പരം കൈകൾചേർത്തു പിടിച്ച് നടന്നു നീങ്ങുന്നതിന്റെ ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഹൃതിക്കും സബയും കുറച്ചു കാലമായി ഡേറ്റിങ്ങിലാണെന്ന വാർത്തയും പ്രചരിച്ചിരുന്നു.