- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടു പ്രവിശ്യകളെ 'സ്വതന്ത്ര രാജ്യ'മാക്കിയതിന് പിന്നാലെ റഷ്യയുടെ സൈനിക നീക്കം; യുക്രൈനിലെ വിമതമേഖലയിൽ യുദ്ധടാങ്കുകൾ അടക്കം എത്തിച്ചു; യൂറോപ്പ് യുദ്ധഭീതിയിൽ; എതിർപ്പുമായി ലോകരാജ്യങ്ങൾ; നടപടി നാളെയെന്ന് യുഎസ്; സൈനിക ഇടപെടൽ ഒഴിവാക്കണമെന്ന് യുഎന്നിൽ ഇന്ത്യ
മോസ്‌കോ: കിഴക്കൻ യുക്രെയ്‌നിലെ വിമത മേഖലകളെ സ്വതന്ത്ര്യ രാജ്യങ്ങളായി പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ടു പ്രവിശ്യകളിലേക്കും സൈനിക നീക്കവുമായി റഷ്യ. ടാങ്കുകൾ അടക്കം വൻ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം അതിർത്തി കടന്നതോടെ യൂറോപ്പ് യുദ്ധ ഭീതിയിലായി. 2014 മുതൽ യുക്രൈനുമായി വിഘടിച്ച് നിൽക്കുന്ന വിമത മേഖലയായ ഡൊണസ്‌കിലേക്ക് ടാങ്കുകൾ അടക്കം വൻ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം പ്രവേശിച്ചു.
രാജ്യത്തോടായി ഇന്നലെ നടത്തിയ ഒരു മണിക്കൂർ നീണ്ട ടെലിവിഷൻ അഭിസംബോധനയിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ ഈ സൈനിക നീക്കം പ്രഖ്യാപിച്ചിരുന്നു. യുക്രൈന് ഒരിക്കലും ഒരു സ്വതന്ത്ര രാജ്യത്തിന്റെ സ്വഭാവം ഉണ്ടായിരുന്നില്ലെന്ന് പുടിൻ പറഞ്ഞു.
ഇപ്പോൾ യുക്രൈനിലുള്ള പാവ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്. യുക്രൈനിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന പ്രവിശ്യകളായ ഡൊണസ്‌ക്, ലുഹാൻസ്‌കെ എന്നിവയുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിക്കുന്നു. റഷ്യൻ അനുകൂലികളുടെ ഈ പ്രവിശ്യകളിലേക്ക് റഷ്യ സൈന്യത്തെ അയയ്ക്കുന്നത് അവിടങ്ങളിൽ സമാധാനം ഉറപ്പിക്കാനാണെന്നുമാണ് പുടിൻ പറഞ്ഞത്.
പുടിന്റെ സൈനിക നീക്കത്തോട് കടുത്ത ഭാഷയിലാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും പ്രതികരിച്ചത്. സൈന്യത്തെ അയച്ച റഷ്യയുടെ തീരുമാനം തീക്കളിയാണെന്ന് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പ്രതികരിച്ചു. പ്രതീക്ഷിക്കപ്പെട്ട നാണംകെട്ട നടപടി എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. റഷ്യക്ക് എതിരെ കടുത്ത ഉപരോധ നടപടികൾക്ക് അമേരിക്ക തുടക്കമിട്ടു.
റഷ്യ എന്ത് പറഞ്ഞാലും യുക്രൈന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾ മാറില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലിൻസ്‌കി പറഞ്ഞു. ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനം എന്ന് ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്രസ് പറഞ്ഞു. അമേരിക്കയും ബ്രിട്ടനും ഉപരോധ നടപടി തുടങ്ങി. സാഹചര്യം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തിര യുഎൻ രക്ഷാ സമിതി യോഗത്തിൽ ലോകരാജ്യങ്ങൾ പലതും റഷ്യയുടെ നടപടിയെ അപലപിച്ചു.
റഷ്യയുടെ നീക്കത്തെ റഷ്യൻ അധിനിവേശമെന്നു വിശേഷിപ്പിച്ച യുഎസ്, ഡോൺബാസ് മേഖലയിൽ സാമ്പത്തിക ഉപരോധമേർപ്പെടുത്തി. കിഴക്കൻ യുക്രെയ്‌നിൽ നടന്നത് സമാധാനശ്രമങ്ങളുടെ ഭാഗമായുള്ള നടപടിയാണെന്നു റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ പറഞ്ഞതിനെ 'ശുദ്ധ അസംബന്ധ'മെന്നാണ് യുഎസ് വിശേഷിപ്പിച്ചത്.
റഷ്യയുടെ പ്രവർത്തനങ്ങളുടെ പ്രത്യാഘാതം ഭീകരമായിരിക്കും. അത് യുക്രെയ്‌നെ മാത്രമല്ല, യുറോപ്പിനെയും ലോകത്തെ ആകെയും ബാധിക്കുമെന്ന് യുഎൻ രക്ഷാസമിതിയുടെ 15 അംഗ അടിയന്തര കൗൺസിൽ യോഗത്തിൽ യുഎസ് അംബാസഡൻ ലിൻഡ തോമസ് ഗ്രീൻഫീൽഡ് അഭിപ്രായപ്പെട്ടു. യുക്രെയ്‌ന്റെ പരമാധികാരം സംരക്ഷിക്കേണ്ടത് യുഎന്നിന്റെ കടമയാണെന്നും യുഎസ് അറിയിച്ചു.
അധിനിവേശത്തിന്റെ നേട്ടം കൊയ്യാൻ വ്‌ലാഡിമിർ പുടിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യയ്‌ക്കെതിരെയുള്ള കൂടുതൽ ഉപരോധ നടപടികൾ സഖ്യ കക്ഷികളുമായി ചേർന്ന് കൂടിയാലോചിച്ച് നാളെ പ്രഖ്യാപിക്കുമെന്നും യുഎസ് അറിയിച്ചിട്ടുണ്ട്
റഷ്യയുടേത് യുക്രെയ്ൻ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും യുക്രെയ്‌നിലേക്ക് സൈന്യത്തെ അയക്കാനുള്ള റഷ്യൻ നീക്കത്തിൽ അപലപിക്കുന്നെന്നും അധിനിവേശ നീക്കത്തിൽനിന്നു റഷ്യ പിന്മാറണമെന്നും യുഎൻ രക്ഷാസമിതിയിൽ യുക്രെയ്ൻ പറഞ്ഞു.
റഷ്യ ആഗ്രഹിക്കുന്നത് സമാധാനമല്ല സംഘർഷമാണെന്നു ഫ്രാൻസ് ആരോപിച്ചു. റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് ഫ്രാൻസും രക്ഷാസമിതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ നീക്കം മേഖലയിലെ സമാധാനവും സുരക്ഷയും തകർക്കാൻ ഇടയുണ്ട്. പൗരന്മാരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും നയതന്ത്ര പരിഹാരം വേണമെന്നും യഎൻ രക്ഷാസമിതിയിൽ ഇന്ത്യ അറിയിച്ചു.
പ്രതിസന്ധി പരിഹരിക്കുന്നതിനാണ് അടിയന്തര പ്രാധാന്യം നൽകേണ്ടതെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ ഇന്ത്യ വ്യക്തമാക്കി. 'പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്ന കക്ഷികൾ അടുത്തിടെ നടത്തിയ ശ്രമങ്ങൾക്ക് നമ്മൾ പിന്തുണ നൽകേണ്ടതുണ്ട്. ഈ സന്ദർഭത്തിൽ, ട്രൈലാറ്ററൽ കോൺടാക്റ്റ് ഗ്രൂപ്പ്, നോർമാണ്ടി ഫോർമാറ്റ് എന്നിവയിലൂടെ നടക്കുന്ന ശ്രമങ്ങളെ ഞങ്ങൾ സ്വാഗതംചെയ്യുന്നു. പ്രശ്നപരിഹാരത്തിന് വലിയ പരിശ്രമം ആവശ്യമാണ്. ഒരു സൈനിക നടപടി നമുക്ക് താങ്ങാനാവില്ല', യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി പറഞ്ഞു.
റഷ്യ-യുക്രൈൻ അതിർത്തിയിൽ സംഘർഷം വർദ്ധിക്കുന്നത് വളരെയധികം ആശങ്കാജനകമാണ്. ഈ സംഭവവികാസങ്ങൾ പ്രദേശത്തിന്റെ സമാധാനവും സുരക്ഷയും തകർക്കാൻ സാധ്യതയുണ്ടെന്നും തിരുമൂർത്തി കൂട്ടിച്ചേർത്തു. സാധാരണക്കാരുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 20,000-ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികളും പൗരന്മാരും യുക്രൈന്റെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ താമസിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യക്കാരുടെ ക്ഷേമത്തിനാണ് ഞങ്ങൾ മുൻഗണന നൽകുന്നതെന്നും തിരുമൂർത്തി പറഞ്ഞു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് എത്രയും വേഗം സൗഹാർദ്ദപരമായ പരിഹാരത്തിനായി നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കാൻ എല്ലാ രാജ്യങ്ങളോടും ഇന്ത്യ ആവശ്യപ്പെട്ടു.
അതിർത്തികൾ സംരക്ഷിക്കാനും സ്വയം പ്രതിരോധത്തിനും അവകാശമുണ്ടെന്നായിരുന്നു റഷ്യയുടെ നിലപാട്. കിഴക്കൻ യുക്രെയ്‌നിൽ 'സൈനിക സാഹസ'ത്തിനു മുതിരുന്ന യുക്രെയ്‌ന്റെ നടപടി അംഗീകരിക്കാനാവില്ലെന്നു റഷ്യ യുഎൻ രക്ഷാസമിതിയിൽ അറിയിച്ചു. ഡോൻബാസ് മേഖലയിൽ രക്തച്ചൊരിച്ചിലുണ്ടാകാൻ അനുവദിക്കില്ലെന്നും റഷ്യ പറഞ്ഞു.
യുക്രെയ്‌നിൽനിന്നു വേർപെടാൻ പോരാടുന്ന കിഴക്കൻ വിമത മേഖലകളെ സ്വതന്ത്രരാജ്യങ്ങളായി പ്രഖ്യാപിച്ചായിരുന്നു റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന്റെ പ്രകോപനം. വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊനെറ്റ്‌സ്‌ക്, ലുഗാൻസ്‌ക് മേഖലകളിലേക്ക് റഷ്യൻ സൈന്യത്തെ വിന്യസിക്കാൻ വഴിയൊരുക്കുന്ന നീക്കമാണു പുടിന്റേത്. ഉച്ചകോടി ഉൾപ്പെടെ യുക്രെയ്ൻ പ്രതിസന്ധിയിൽ പരിഹാരം കാണാനുള്ള എല്ലാ ശ്രമങ്ങളെയും വെല്ലുവിളിച്ചാണ് പുടിൻ പുതിയ ഉത്തരവിൽ ഒപ്പിട്ടത്.
റൂഹ്‌സ്യൻ പിന്തുണയുള്ള വിമതരുടെ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ലോകത്തെ പ്രധാന വിമാനക്കമ്പനികൾ പലതും യുക്രൈനിലേക്കുള്ള സർവീസുകൾ നിർത്തി.
ആഗോള വിപണികളിൽ വൻ തകർച്ച
റഷ്യ യുക്രൈൻ സംഘർഷാവസ്ഥയെ തുടർന്ന് ആഗോള വിപണികളിൽ വൻ തകർച്ച. ഏഷ്യയിലെ പ്രധാന ഓഹരി വിപണികളിലെല്ലാം തന്നെ വലിയ നഷ്ടമാണ് ഉണ്ടായത്. ഇന്ത്യൻ വിപണിയിൽ സെൻസെക്‌സ് ഒരു ഘടത്തിൽ ആയിരം പോയിന്റിലധികം ഇടിഞ്ഞു. ഇപ്പോൾ 600 പോയിന്റ് നഷ്ടമാണ് സെൻസെക്‌സിനുള്ളത്. കഴിഞ്ഞ 5 ദിവസത്തിനിടെ 9 ലക്ഷം കോടി രൂപയുടെ നഷ്ടം വിപണിയിൽ നിക്ഷേപകർക്കുണ്ടായി. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളിലാണ് കൂടുതൽ നഷ്ടമുണ്ടായത്. യുക്രൈൻ സംഘർഷാവസ്ഥയെ തുടർന്ന് ക്രൂഡ് ഓയിൽ വില 94 ഡോളറിലെത്തി. സ്വർണ്ണവിലയും കൂടി ഒൺസിന് 1900 ഡോളറിനു മുകളിലെത്തി. കഴിഞ്ഞ 9 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഇതിനെ തുടർന്ന് കേരളത്തിലും സ്വർണ്ണവില കൂടി. പവന് 280 രൂപ കൂടി പവന് 37000 രൂപയാണ് ഇന്നത്തെ വില




