തിരുവനന്തപുരം: ഉദയകൃഷ്ണ കഥ എഴുതി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രം ആയി എത്തിയ ആറാട്ടിനെതിരേ തിയെറ്ററുകളിൽ നടക്കുന്ന ഡീഗ്രേഡിങ്ങിനെതിരേ ഒറ്റയാൾ പോരാട്ടം നടത്തി ട്രോളുകളിൽ നിറഞ്ഞ ആ പച്ച ടീഷർട്ടുകാരനാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. സിനിമയ്ക്ക് എതിരെ നടക്കുന്ന കുപ്രചാരണങ്ങളെ തുറന്നുകാട്ടിയതിന് പിന്നാലെയാണ് പാലക്കാട് സ്വദേശിയായ എഞ്ചിനീയർ സന്തോഷ് മാത്യൂ വർക്കി സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വിഭാഗത്തിന്റെ വേട്ടയാടലിന് ഇരയായത്.

ആറാട്ടിന്റെ പ്രേക്ഷക പ്രതികരണമെടുക്കാൻ തിയേറ്ററിലെത്തിയ സകല ഓൺലൈൻ മാധ്യമങ്ങളുടെയും മുന്നിൽ പ്രത്യക്ഷപ്പെട്ട് മോഹൻലാൽ ചിത്രത്തെ വാനോളം പുകഴ്‌ത്തിയതിലൂടെയാണ് ഇദ്ദേഹം ട്രോളന്മാരുടെയും പ്രിയപ്പെട്ടവനായി മാറിയത്. ഇതിൽ തന്നെ ലാലേട്ടൻ ആറാടുകയാണ് എന്ന ഡയലോഗ് എല്ലാ മാധ്യമങ്ങളോടും അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്.

ചിത്രം പുറത്തിറങ്ങിയ ആദ്യദിവസമായ ഫെബ്രുവരി 18ന് തന്നെ ഈ കടുത്ത മോഹൻലാൽ ആരാധകൻ സോഷ്യൽ മീഡിയയിൽ സംസാരവിഷയമായിരുന്നു. പണം വാങ്ങിക്കൊണ്ട് ആറാട്ടിനെ പ്രൊമോട്ട് ചെയ്യാൻ വേണ്ടി തിയേറ്ററിലെത്തിയതാണ് ഇയാൾ എന്നായിരുന്നു ആരോപണമുയർന്നത്. ട്രോളുകളോടും ആരോപണങ്ങളോടും പ്രതികരിക്കുകയാണ് ഇപ്പോൾ ഇദ്ദേഹം. സന്തോഷ് മാത്യു വർക്കി എന്നാണ് ഈ മോഹൻലാൽ ആരോധകന്റെ പേര്.

കൊച്ചുവർത്തമാനം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയുടെ സംശയങ്ങൾക്ക് ഇദ്ദേഹം മറുപടി പറയുന്നത്. ആറാട്ടിൽ തനിക്ക് മോഹൻലാലിന്റെ അഭിനയം ഇഷ്ടപ്പെട്ടെന്നും ചെറുപ്പം മുതൽ താൻ ലാലേട്ടൻ ആരാധകനാണെന്നും പറയുകയാണ് സന്തോഷ്.

''എനിക്ക് ഫസ്റ്റ്ഹാഫിൽ ലാലേട്ടൻ ആറാടിയ പോലെ ആണ് തോന്നിയത്. ഒരു പ്രത്യേക തരത്തിലുള്ള ആക്ടിങ് ആയാണ് തോന്നിയത്. ഞാൻ ചെറുപ്പം മുതലേ മോഹൻലാൽ ഫാനാണ്. നാല് വയസു മുതൽ തന്നെ. ഞാൻ ജനിച്ച വർഷമാണ് ലാലേട്ടൻ സൂപ്പർസ്റ്റാറായത്. രാജാവിന്റെ മകൻ സിനിമയിലൂടെ,'' സന്തോഷ് പറഞ്ഞു. പണത്തിന് വേണ്ടിയാണ് ഇങ്ങനെ സിനിമയെ പ്രൊമോട്ട് ചെയ്തത്, മദ്യപിച്ചിട്ടായിരുന്നു തിയേറ്ററിലെത്തിയത് എന്നീ ആരോപണങ്ങൾക്കും സന്തോഷ് മറുപടി നൽകി.

''എനിക്ക് അങ്ങനെ പണത്തിന് വേണ്ടി ചെയ്യേണ്ട ആവശ്യമില്ല. ഞാൻ ഫിലോസഫിയിൽ ബി.എഡ് ചെയ്യുകയാണ്. എനിക്ക് സ്‌റ്റൈപെൻഡ് കിട്ടുന്നുണ്ട്. എല്ലാ സിനിമയും കാണാറുണ്ട്. ചെറുപ്പം മുതലേ ലാലേട്ടനെ ഇഷ്ടപ്പെടുന്ന ആളാണ്. എനിക്ക് തോന്നിയത് നാചുറലായി ഞാൻ പറഞ്ഞു.

മദ്യപാനം പോലുള്ള ഒരു ബാഡ് ഹാബിറ്റും ഇല്ലാത്ത ആളാണ് ഞാൻ. പലരും പറഞ്ഞിട്ടുണ്ട് ഞാൻ നിഷ്‌കളങ്കനാണെന്ന്. ആ നിഷ്‌കളങ്കമായ രീതിയിൽ തന്നെ പറഞ്ഞതാണ്. അല്ലാതെ പ്ലാൻ ചെയ്ത് പറഞ്ഞതല്ല,'' സന്തോഷ് കൂട്ടിച്ചേർത്തു. ആറാട്ടിന് മാത്രമല്ല, അടുത്തകാലത്തിറങ്ങിയ മോഹൻലാലിന്റെ പല സിനിമകൾക്കെതിരെയും ഡീഗ്രേഡിങ് നടക്കുന്നുണ്ട്. ഒടിയൻ മുതൽ. അത് എന്താണെന്ന് മനസിലാവുന്നില്ല. എനിക്ക് തോന്നുന്നു, പുള്ളി ഒരു ആർ.എസ്.എസുകാരനാണോ ബിജെപിക്കാരനാണോ അങ്ങനെയുള്ള ചിന്തയിൽ നിന്നാണ് ഇത് വരുന്നത് എന്ന്.

നരേന്ദ്ര മോദിയെ പുള്ളിക്ക് ഇഷ്ടമാണെന്ന് തോന്നുന്നു. പക്ഷെ പുള്ളിക്ക് അങ്ങനെ കക്ഷിരാഷ്ട്രീയമൊന്നുമില്ലെന്നും മോഹൻലാൽ സിനിമകൾക്കെതിരെ ഡീഗ്രേഡിങ് നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സന്തോഷ് പറഞ്ഞു.

എന്നാൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് സിനിമയ്ക്ക് എതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനെ ശക്തമായി എതിർത്ത സന്തോഷ് മാത്യൂ വർക്കിയെക്കുറിച്ച് അന്വേഷിക്കുകയാണ് മോഹൻലാൽ ആരാധകരും സോഷ്യൽ മീഡിയയും. തിയെറ്ററിൽ നിന്ന് ചിത്രം കണ്ടിറങ്ങിയവരിൽ നെഗറ്റീവ് അഭിപ്രായം പറയുന്നവരെ സൂക്ഷമതയോടെ നോക്കുകയും തുടർച്ചയായി മാധ്യമങ്ങളുടെ മൈക്കിന് മുന്നിലെത്തി ചിത്രം അതിഗംഭീരമാണെന്ന് പറയുകയും ചിത്രത്തിനെതിരേ മനഃപൂർവമായ ഡീ ഗ്രേഡിങ് നടക്കുകയാണെന്നുമാണ് സന്തോഷ് മാത്യൂ വർക്കി ചെയ്തത്. ഒപ്പം, ലാലേട്ടൻ ആർർറാടുകയാണ് എന്ന അദ്ദേഹത്തിന്റെ ഡയലോഗും ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

എന്നാൽ, സന്തോഷ് മാത്യൂ വർക്കി വെറുമൊരു ലാവലേട്ടൻ ആരാധകൻ മാത്രമല്ല. ഉന്നത വിദ്യാഭ്യാസമുള്ള നിരവധി ബുക്കുകളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ഇംഗ്ലീഷിലാണ് പുസ്തക രചന. മോഹൻലാലിനെ സംബന്ധിച്ച് മോഹൻലാൽ ദ വെർസിറ്റൈൽ ജീനിയസ് ആൻഡ് മെസെഞ്ചർ ഓഫ് ലൗ എന്ന പുസ്തകം അദ്ദേഹം 2009ൽ രചിച്ചിരുന്നു. ജെആർഎഫ്, നെറ്റ്, ഗേറ്റ് എന്നിവ നേടിയിട്ടുള്ള സന്തോഷ് പ്രായമായ മാതാപിതാക്കളെ നോക്കാൻ വേണ്ടി ഐഐടിയിൽ നിന്ന് പിഎച്ച്ഡി നേടാനുള്ള അവസരം ഒഴിവാക്കി.

പാലക്കാട് സ്വദേശിയാണ് സന്തോഷ്. രാജഗിരി കോളേജിൽ നിന്ന് എഞ്ചിനീയറിങ് ബിരുദവും അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംടെക്കും പാസായിട്ടുണ്ട്. തുടർന്ന് ഐൻസ്റ്റീൻ ടെക്നോളജി എന്ന സ്റ്റാർട്ട് അപ്പ് ആരംഭിച്ചു. ആളില്ല ലെവൽ ക്രോസുകളിൽ സ്ഥാപിക്കാനുള്ള മുന്നറിയിപ്പ് സംവിധാനം ഈ സ്റ്റാർട്ട്അപ്പ് ആണ് നിർമ്മിച്ചത്. മോട്ടിവേഷൻ പുസ്തകങ്ങളാണ് സന്തോഷിന്റെ ഇഷ്ട രചന.

ആരാധകർ കാണാൻ ആഗ്രഹിച്ച ലാലേട്ടനെയാണ് ആറാട്ടിൽ കണ്ടെതെന്ന് ഇതിനൊടകം നിരവധി പേർ തുറന്നു പറഞ്ഞു കഴിഞ്ഞു. ഒരു Complete Mass Entertainer ആണ് ആറാട്ട് എന്നാണ്് പ്രേക്ഷകരുടെ വിലയിരുത്തൽ. ആരാധകരെ ഒട്ടും നിരാശപ്പെടുത്തിയില്ല ആറാട്ട് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. കാണാൻ കാത്തിരുന്ന ലാലേട്ടനെ ആണ് ആറാട്ടിൽ കണ്ടതെന്നാണ് സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും പ്രതികരിച്ചത്.

ഉദയകൃഷ്ണ കഥ എഴുതി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രം ആയി എത്തിയ ഒരു Complete Mass Entertainer ആണ് ആറാട്ട് എന്ന് പ്രേക്ഷകർ പ്രതികരിക്കുന്നു. logic നോക്കി കീറി മുറിക്കുന്നവർക്ക് വേണ്ടിയുള്ള പടമല്ല ആറാട്ടെന്നും ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആർ ഡി ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചർസ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആർഡി ഇല്ലുമിനേഷൻസ്, ശക്തി (എംപിഎം ഗ്രൂപ്പ്) ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണയും സംഗീതം രാഹുൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. കെജിഎഫിൽ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ വില്ലൻ. എആർ റഹ്‌മാന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്. വിജയ് ഉലഗനാഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്.