ലണ്ടൻ: യുക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ചു കഴിഞ്ഞുവെന്ന് ബ്രിട്ടിഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റഷ്യയ്ക്കുമേൽ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമാണ് റഷ്യൻ സൈന്യം വിമത മേഖലയുടെ അതിർത്തി കടന്നെന്ന വിവരം പുറത്തുവിട്ടത്.

'റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ യുക്രെയ്‌നിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ആക്രമിക്കാൻ തീരുമാനിച്ചു. അതിനാൽ ഉപരോധം ഏർപ്പെടുത്തേണ്ടി വരും. രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തുക' സാജിദ് പറഞ്ഞു. റഷ്യൻ കമ്പനികൾക്ക് യുഎസ് ഡോളറും ബ്രിട്ടിഷ് പൗണ്ടും ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും ലണ്ടനിൽ വ്യാപാരം നടത്തുന്നതിനു പണം ശേഖരിക്കുന്നതു തടയുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി.

സ്വാതന്ത്ര്യം പ്രഖ്യാപിച്ച യുക്രെയ്‌നിലെ രണ്ട് പ്രവിശ്യകളിൽ റഷ്യൻ സൈന്യത്തെ വിന്യസിക്കാൻ പുടിൻ ഉത്തരവിട്ടു. ഇതോടെയാണ് യുക്രെയ്ൻ യുദ്ധത്തിന്റെ വക്കിലെത്തിയത്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സമാധാനം നിലനിർത്താനാണ് സൈന്യത്തെ അയയ്ക്കുന്നതെന്ന് പുടിൻ അറിയിച്ചു. വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊനെറ്റ്‌സ്‌ക്, ലുഗാൻസ്‌ക് മേഖലകളാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ റഷ്യൻ സൈന്യം ഈ മേഖലകളിലേക്ക് നീങ്ങി.

കിഴക്കൻ യുക്രൈൻ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച പുടിന്റെ നടപടി, മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ്. 2014 മുതൽ, റഷ്യൻ പിന്തുണയോടെ യുക്രൈൻ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്‌സ്‌കിനേയും ലുഹാൻസ്‌കിനെയുമാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്.

അതേസമയം, റഷ്യ-യുക്രൈയ്ൻ പ്രതിസന്ധിക്ക് സമാധാനപരമായ ചർച്ചയാണ് ആവശ്യമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ചർച്ചയിലൂടെ പരിഹാരം കണ്ടെത്താനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് പ്രസിഡന്റ് ജോ ബൈജനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ചർച്ചയിലൂടെ മേഖലയിൽ സമാധാനം കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.