- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ ചെയ്ത ഒരുവോട്ട് മാത്രമാണ് എനിക്ക് ലഭിച്ചത്; പാർട്ടിക്കാരും കുടുംബാംഗങ്ങളും എനിക്ക് വോട്ട് ചെയ്തില്ല; വാഗാദാനം നൽകി പറ്റിച്ചു'; ഫലപ്രഖ്യാപനത്തിന് ശേഷം ബിജെപി സ്ഥാനാർത്ഥി
ഈറോഡ്: തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരേ ഒരു വോട്ട് മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്ത് 11ാം വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി നരേന്ദ്രനാണ് സ്വന്തം വോട്ട് മാത്രം ലഭിച്ചത്. ആരും തനിക്ക് വോട്ട് ചെയ്തില്ലെന്നും എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നും ഫലം പുറത്തുവന്ന ശേഷം നരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ഞാൻ ചെയ്ത ഒരുവോട്ട് മാത്രമാണ് എനിക്ക് ലഭിച്ചത്. പാർട്ടി പ്രവർത്തകരോ സുഹൃത്തുക്കളോ എന്തിന് കുടുംബാംഗങ്ങൾ പോലും എനിക്ക് വോട്ട് ചെയ്തില്ല. എല്ലാവരും എന്നെ വാഗാദാനം നൽകി പറ്റിക്കുകയായിരുന്നു- ഫലപ്രഖ്യാപനത്തിന് ശേഷം നരേന്ദ്രൻ പറഞ്ഞു.
തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഭരണ കക്ഷിയായ ഡിഎംകെക്ക് മികച്ച മുന്നേറ്റമുണ്ടാകുമെന്നാണ് സൂചന. പ്രധാന എതിരാളിയായ എഐഎഡിഎംകെ ബഹുദൂരം പിന്നിലാണ്. ബിജെപിയുടെ നിലയും പരിതാപകരമാണ്. ഫലം പ്രഖ്യാപിച്ച 1788 ടൗൺ പഞ്ചായത്ത് വാർഡുകളിൽ 26 സീറ്റിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.
സീറ്റ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഒറ്റക്കാണ് ബിജെപി മത്സരിച്ചത്. ഫലം പ്രഖ്യാപിച്ച 100 മുനിസിപ്പാലിറ്റികളിലെ 344 കൗൺസിലർമാരിൽ 253 ഡിഎംകെ സ്ഥാനാർത്ഥികളാണ് ജയിച്ചത്. എഐഎഡിഎംകെ 71 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ച ഡിഎംഡികെ മൂന്ന് സീറ്റിലും വിജയിച്ചു.
വോട്ടണ്ണൽ അവസാനിച്ച 1788 ടൗൺ പഞ്ചായത്ത് വാർഡുകളിൽ 1236 സീറ്റുകളിലും ഡിഎംകെ വിജയിച്ചു. നിലവിൽ എതിരാളികളില്ലാതെയാണ് ഡിഎംകെയുടെ കുതിപ്പ്. 334 സീറ്റിൽ എഐഎഡിഎംകെയും 26 സീറ്റിൽ ബിജെപിയും 5 സീറ്റിൽ ഡിഎംഡികെയും ജയിച്ചു. സംസ്ഥാനത്തെ 21 കോർപ്പറേഷനിലേക്കും 138 മുനിസിപ്പാലിറ്റിയിലേക്കും 489 ടൗൺ പഞ്ചായത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. പത്ത് വർഷത്തിന് ശേഷമാണ് തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.




