- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എപ്പോഴും പൂമ്പാറ്റയെപ്പോലെ; വീട്ടിൽ സന്തോഷത്തിന്റെ പൂത്തിരി പകർന്നവൾ'; ഏഴു വയസ്സുകാരി അന്ന തെരേസയുടെ വിയോഗം ഉൾക്കൊള്ളാനാകാതെ ബന്ധുക്കളും നാട്ടുകാരും; റിസോട്ടിനു മുന്നിലെ വെള്ളക്കെട്ടിൽ പൊലിഞ്ഞത് ഏഴു വയസുകാരിയുടെ ജീവൻ
വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് പൂവാറിലെ പൊഴിയൂരിൽ വെള്ളക്കെട്ടിൽ വീണു പൊലിഞ്ഞത് വീട്ടുകാരുടേയും നാടിന്റെയും പൊന്നോമനയായിരുന്ന ഏഴ് വയസുകാരിയുടെ ജീവൻ. കോഴിക്കോട് രാമനാട്ടുക്കര സ്വദേശികളായ ഫ്രാങ്കളിൻ സണ്ണിയുടെയും റിയയുടെയും മകൾ അന്ന തെരേസ മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് കുട്ടി റിസോർട്ടിലെത്തിയത്. അന്നയും സഹോദരങ്ങളും ഫ്രാങ്ക്ളിന്റെ സഹോദരി സോയയ്ക്കൊപ്പം വട്ടിയൂർക്കാവിലെ ഗ്രേസ് വില്ലയെന്ന വീട്ടിലാണ് താമസിച്ചിരുന്നത്. ഫ്രാങ്ക്‌ലിനും റിയയും ഇളയ കുഞ്ഞും കോഴിക്കോട്ടും. സോയയുടെ ഭർത്താവ് പോൾ മാത്യു വട്ടിയൂർക്കാവിലെ തൃശൂർ ഗ്രേസ് ജുവലറി ഉടമയാണ്.
സോയയുടെ വിദേശത്തു പഠിക്കുന്ന മക്കൾ അവധിക്ക് നാട്ടിലെത്തിയതിനെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ഫ്രാങ്ക്‌ലിനും കുടുംബവും വട്ടിയൂർക്കാവിലെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഫ്രാങ്ക്ളിന്റെ കുടുംബവും പോൾ മാത്യുവിന്റെ കുടുംബവും ഇവരുടെ മാതാപിതാക്കളും അടങ്ങുന്ന സംഘം പൊഴിയൂരിലെ ഐസോ ഡി കൊക്കൊ എന്ന റിസോർട്ടിലെത്തിയത്. മുറിയിലെത്തി അരമണിക്കൂറിനു ശേഷമാണ് കുട്ടി ഒപ്പമില്ലെന്ന് ഇവർ അറിയുന്നതെന്ന് പൊലീസ് പറഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിൽ റിസോർട്ടിനു മുന്നിലെ കായലിന്റെ ഭാഗമായുള്ള വെള്ളക്കെട്ടിൽ കുട്ടിയുടെ കൈവശമുണ്ടായിരുന്ന പാവ കണ്ടെത്തി.
തുടർന്ന് റിസോർട്ട് ജീവനക്കാരടക്കം വെള്ളക്കെട്ടിലിറങ്ങി നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രി. തുടർന്ന് വിദഗ്ദ്ധചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. ജേക്കബ്, ആന്റണി, ജൂഡ് എന്നിവരാണ് അന്നയുടെ സഹോദരങൾ.
''രണ്ടാം ക്ലാസ്സുകാരിയായ അന്ന തെരേസ പൂമ്പാറ്റയെപ്പോലെയായിരുന്നു. എപ്പോഴും പുഞ്ചിരിയോടെ, സഹോദരങ്ങളോടൊപ്പം കളിച്ചുചിരിച്ചു പറന്നു നടക്കാൻ ഇഷ്ടപ്പെട്ടിരുന്നവൾ. ഞങ്ങളെയെല്ലാം അവൾക്കു വലിയ ഇഷ്ടമായിരുന്നു''-അന്നയെക്കുറിച്ച് അയൽവാസികൾ പറയുന്നു
അന്ന മരിച്ചെന്ന സത്യം ഇപ്പോഴും സമീപവാസികൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. വട്ടിയൂർക്കാവ് അറപ്പുര റോഡ് ലേക് വ്യൂ ലെയ്‌നിലെ അച്ഛന്റെ സഹോദരി സോയയുടെ വീട്ടിലായിരുന്നു അന്നയും സഹോദരങ്ങളായ ജേക്കബ്, ആന്റണി എന്നിവരും താമസിച്ചിരുന്നത്.
സ്‌കൂൾ അവധിയായതിനാൽ ഇളയ കുട്ടികളായ ജേക്കബ് , ആന്റണി എന്നിവരും കുടുംബാംഗങ്ങളായ മറ്റ് കുട്ടികളും ചേർന്ന വീട്ടിൽ എപ്പോഴും കളിചിരിയായിരുന്നു. ഇതിനിടെ രണ്ട് ദിവസം മുമ്പ് ജൂഡും ഈ വീട്ടിലെത്തി. അതോടെ സന്തോഷം ഇരട്ടിച്ചു. വീട്ടിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിക്കാൻ നേതൃത്വം നൽകിയിരുന്നത് എപ്പോഴും അന്നയായിരുന്നു.
ഒരു ദിവസം റിസോർട്ടിൽ തങ്ങിയ ശേഷം ചൊവ്വാഴ്ച രാവിലെ തിരിച്ചുവരാനായിരുന്നു കുടുംബത്തിനൊപ്പം അന്ന പോയത്. വീട്ടിൽ പൂമ്പാറ്റയെപ്പോലെ ഏപ്പോഴും പാറിനടന്ന അന്ന ഇനിയൊരിക്കിലും മടങ്ങിയെത്തില്ലെന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനാകാതെ നിൽക്കുകയാണ് ആ കുടുംബം
മറുനാടന് മലയാളി ബ്യൂറോ