- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാറിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ബാങ്കിൽ പണം പിൻവലിക്കാൻ അനുവദിച്ചില്ല; പ്രശ്‌നം പരിഹരിച്ചെന്ന് ബ്രാഞ്ച് മാനേജർ
പാറ്റന: ബിഹാറിലെ പൊതുമേഖലാ ബാങ്കിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ പണമിടപാട് നടത്തുന്നതിൽ നിന്ന് വിലക്കിയെന്ന് ആക്ഷേപം. ഫെബ്രുവരി 10 ന് ബെഗുസരായിലെ ബച്ച്വാരയിലുള്ള യുകോ ബാങ്കിന്റെ മൻസൂർ ചൗക്ക് ശാഖയിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ മുഹമ്മദ് മാതിന്റെ മകൾ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ശാഖയിൽ പോയപ്പോൾ സേവനം നിഷേധിച്ചതായാണ് ആരോപണം ഉയർന്നത്.
വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് ദിവസങ്ങൾക്ക് ശേഷം സംഭവം പുറത്തറിയുന്നത്. അതേസമയം പ്രശ്‌നം പരിഹരിച്ചുവെന്നും യുവതിക്ക് സേവനം ലഭ്യമാക്കിയെന്നും ബ്രാഞ്ച് മാനേജർ റിതേഷ് കുമാർ പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിസന്ധി തീർന്നുവെന്നും ബാങ്കുമായി നിലവിൽ പ്രശ്‌നങ്ങളില്ലെന്നും മുഹമ്മദ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ ബാങ്ക് പൗരന്മാരുടെ മതവികാരങ്ങളെ മാനിക്കുന്നുവെന്ന് യുകോ ബാങ്ക് ട്വീറ്റ് ചെയ്തു. കൂടാതെ ജാതി, മതത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളോട് വിവേചനം കാണിക്കുന്നില്ല. ഈ വിഷയത്തിൽ ബാങ്ക് വസ്തുതകൾ പരിശോധിക്കുന്നുണ്ടെന്നും ട്വീറ്റിൽ പറയുന്നു. കർണാടകയിൽ ഹിജാബ് ധരിക്കുന്നതിൽ വിദ്യാർത്ഥികളെ വിലക്കിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് ബിഹാറിൽ പണമിടപാട് സ്ഥാപത്തിൽ വിലക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.




