തലശേരി: പുന്നോലിൽ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ ബിജെപി തലശേരി മണ്ഡലം പ്രസിഡന്റിനെയും പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചുവെന്നാരോപിച്ച് ബിജെപി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. തലശേരിയിൽ വൻപൊലീസ് സുരക്ഷാസന്നാഹങ്ങളോടെയാണ് പ്രകടനം നടന്നത്. വാടിക്കൽ രാമകൃഷ്ണൻ മന്ദിരത്തിൽ നിന്നാരംഭിച്ച പ്രകടനം തലശേരി നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.രഞ്ചിത്ത് ഉദ്ഘാടനം ചെയതു.

ഹരിദാസിന്റെ കൊലപാതകത്തിൽ ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും ലിജേഷിനെയടക്കം പലതവണ ശാരീരിക അക്രമണങ്ങളിൽ വകവരുത്താൻ ശ്രമിച്ചിട്ടും സാധിക്കാത്തതിനിലാണ് സി.പി. എമ്മിന്റെ ചട്ടുകമായ പൊലിസിനെ കൊണ്ടു കള്ളക്കേസിൽ കുടുക്കിയതെന്നും രഞ്ചിത്ത് ആരോപിച്ചു.

പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലാണ് കേസെടുക്കുന്നതെങ്കിൽ തലശേരി പൊലിസ് സ്റ്റേഷനിൽ നിന്നും ബോംബു നിർമ്മിക്കുമെന്നും പയ്യന്നൂരിൽ പറമ്പത്ത് ജോലി വരമ്പത്ത് കൂലിയെന്ന പ്രകോപനപരമായ പ്രസംഗം നടത്തിയ സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും രഞ്ചിത്ത് പറഞ്ഞു.

കണ്ണൂരിൽ സമാധാനത്തിന് ഭംഗം വരുത്തിയതെന്നും സിപിഎമ്മാണ്. ആക്രമത്തിനിരയായവരുടെ വീട്ടിൽ ആക്രമിക്കപെട്ടവർ പോകണമെന്ന് സമാധാന കമ്മിറ്റി തീരുമാനിച്ചപ്പോൾ സിപിഎം അതിന് ആദ്യം തയ്യാറായത് അണ്ടലൂരിൽ സന്തോഷിന്റെ വീട്ടിൽ പോയത് സമാധാനഭംഗം നടത്തിയത് തങ്ങളാണെന്ന ബോധ്യം കൊണ്ടാണ്. പൊലീസ് സിപിഎമ്മിന്റെ കോടാലിയായാൽ ജനാധിപത്യ രീതിയിൽ ബിജെപി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ സുരേഷ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലാക്കണ്ടി, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽ, എംപി. സുമേഷ്, സി.പി. സംഗീത എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.കണ്ണൂരിൽ താളിക്കാവ് ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കാൽടെക്‌സിൽ സമാപിച്ചു.എസ്സി മോർച്ച സംസ്ഥാന ട്രഷറർ കെ. രതീഷ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന്.ബിജെപി കണ്ണൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. അർച്ചന വണ്ടിച്ചാൽ, ജനറൽ സെക്രട്ടറി ബിനിൽ കണ്ണൂർ, ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവ്, എടക്കാട് മണ്ഡലം പ്രസിഡന്റ് ബാബു ,കല്യാശേരി മണ്ഡലം പ്രസിഡന്റ് സുമേഷ്, യുവമോർച്ച ജില്ലാ സെക്രട്ടറി കെ.വി. അർജ്ജുൻ തുടങ്ങിയവർ നേതൃത്വം നൽകി