ന്യൂഡൽഹി: യുദ്ധഭീതി നിലനിൽക്കെ യുക്രൈനിൽ നിന്നും ഇന്ത്യൻ സംഘവുമായി എയർ ഇന്ത്യ വിമാനം നാട്ടിലേക്ക് യാത്ര തിരിച്ചു. രാത്രി 10.15ന് വിമാനം ഡൽഹി എയർപോർട്ടിലെത്തും. ഈ മാസം 24, 26 തീയതികളിലും എയർ ഇന്ത്യയുടെ സർവ്വീസ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനമാണിത്. എഐ1946 ഡ്രീംലൈനർ ബോയിങ് ബി 787 വിമാനത്തിൽ 200 യാത്രക്കാരാണ് ഉണ്ടാവുക. ഇന്ന് രാവിലെ 7.40നാണ് വിമാനം ഡൽഹിയിൽ നിന്നും യുക്രൈനിലെ ബോറിസ്പിൽ എത്തിച്ചത്. ഇന്ത്യൻ പൗരന്മാരോട് ബോറിസ്പിൽ എത്താൻ നിർദ്ദേശവും നൽകിയിരുന്നു.

മൂന്ന് വിമാനങ്ങളാണ് എയർ ഇന്ത്യ യുക്രൈയ്ൻ ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനൽകിയിരിക്കുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വിദേശരാജ്യത്തേക്ക് രക്ഷാ പ്രവർത്തനങ്ങൾക്കായി ആദ്യമായിട്ടാണ് വിമാനം അയക്കുന്നത്. യുക്രൈൻ വിഷയത്തിൽ ഇന്ത്യൻ പൗരന്മാരോട് മടങ്ങാൻ രണ്ടാഴ്ച മുന്നേ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.