ലക്‌നൗ: ഉത്തർപ്രദേശിലെ ബിജെപി റാലിക്കിടെ പ്രവർത്തകർ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കാണാനെത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കാവി സ്‌കാർഫും ബിജെപിയുടെ പതാകയുമേന്തി പ്രിയങ്കയുടെ കാറിനുചുറ്റും പ്രവർത്തകർ കൂടുകയും കൈകൊടുക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു.

എല്ലാവർക്കും കോൺഗ്രസിന്റെ പ്രകടനപത്രിക പ്രിയങ്ക വിതരണം ചെയ്യുന്നതും വിഡിയോയിൽ കാണാം. ഉത്തർപ്രദേശിൽ ഇത്തരമൊരു കാഴ്ച അപൂർവമാണ്. ബിജെപി റാലിയിൽനിന്നും ആളുകൾ മടങ്ങുകയാണെന്നും യുപിയിലെ അന്തരീക്ഷം വ്യക്തമാക്കാൻ ഈ വിഡിയോ ധാരാളമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

'ലഡ്കി ഹൂം ലാഡ് ശക്തി ഹൂം' എന്ന ക്യാംപെയിനിന്റെ ബ്രേസ്ലെറ്റുകൾ ബിജെപി പ്രവർത്തകർ ചോദിച്ച് വാങ്ങുന്നതും വിഡിയോയിൽ കാണാം. സന്തോഷത്തോടെ കാറിൽ നിന്നും അതെല്ലാം എടുത്ത് പ്രിയങ്ക നൽകുന്നതും വിഡിയോയിലുണ്ട്.

2017ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 114 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ഏഴിടത്ത് മാത്രമാണ് ജയിക്കാനായത്. 2019ൽ സംസ്ഥാനത്തിന്റെ ചുമതല പാർട്ടി പ്രിയങ്കയെ ഏൽപ്പിച്ചു. സ്ത്രീകൾക്ക് മുൻഗണന നൽകിക്കൊണ്ട് 'ഞാൻ സ്ത്രീയാണ്, പോരാടും' എന്ന ആശയമാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം ജനങ്ങളുടെ പ്രശ്‌നങ്ങളുയർത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറയുന്നു. ജനങ്ങൾക്കു കാര്യങ്ങൾ ബോധ്യപ്പെടുന്നുണ്ട്. മതത്തിന്റെ പേരിൽ വിഭജിക്കുന്നവർ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നും ചിൻഹട്ടിൽ റോഡ് ഷോയുടെ അവസാനം പ്രിയങ്ക പറഞ്ഞു.