- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കളർഫുൾ ഷർട്ടും കൂളിങ് ഗ്ലാസും ഷേവ് ചെയ്ത മുഖവും; പതിവുപോലെ സുന്ദരമായ ചിത്രം'; മമ്മൂട്ടിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ സിനിമയിലേതല്ലാത്ത തന്റെ ചിത്രങ്ങൾ നടൻ മമ്മൂട്ടി പങ്കുവെക്കുന്നത് കുറവാണെങ്കിലും ആ ചിത്രങ്ങളൊക്കെയും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രവും വൈറൽ ആയത് നിമിഷങ്ങൾക്കുള്ളിലാണ്. കളർഫുൾ ഷർട്ടും കൂളിങ് ഗ്ലാസും ഷേവ് ചെയ്ത മുഖവുമൊക്കെയായി പതിവുപോലെ സുന്ദരമാണ് പുതിയ ചിത്രത്തിലും മമ്മൂട്ടി.
ഒരു മണിക്കൂറിനുള്ളിൽ ഫേസ്‌ബുക്കിൽ അറുപതിനായിരത്തോളം ലൈക്കുകളും ആറായിരത്തിലേറെ കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒപ്പം അറുനൂറോളം ഷെയറുകളും. അതേസമയം നാല് ശ്രദ്ധേയ സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്നത്. അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം, നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, എസ് എൻ സ്വാമി- കെ മധു ടീമിന്റെ സിബിഐ സിരീസിലെ അഞ്ചാം ചിത്രം എന്നിവയാണ് അവ. ഇതിൽ ആദ്യം പുറത്തെത്തുക ഭീഷ്മ പർവ്വമാണ്. മാർച്ച് 3 ആണ് റിലീസ് തീയതി.
ബിഗ് ബി എന്ന മലയാളത്തിലെ ശ്രദ്ധേയ ചിത്രം പുറത്തിറങ്ങി 14 വർഷത്തിനു ശേഷമാണ് അമൽ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബിഗ് ബിയുടെ തുടർച്ചയായ 'ബിലാലാ'ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്മ പർവ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അതേസമയം ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് പുഴു. സെൻസറിങ് നടപടികൾ ഇതിനകം പൂർത്തിയാക്കിയ ചിത്രത്തിന് കട്ടുകളൊന്നുമില്ലാത്ത യു സർട്ടിഫിക്കറ്റ് ആണ്. 'ഉണ്ട'യുടെ രചയിതാവ് ഹർഷദിന്റെ കഥയ്ക്ക് ഹർഷദിനൊപ്പം ഷർഫുവും സുഹാസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാർവ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രൻസ്, ആത്മീയ രാജൻ, മാളവിക മേനോൻ, വാസുദേവ് സജീഷ് മാരാർ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് ആണ് നിർമ്മാണം. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. ലിജോയുടെ മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്ക'ത്തിന്റെ ഛായാഗ്രഹണവും തേനി ഈശ്വർ ആയിരുന്നു.




