കോഴിക്കോട്: കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായാണ് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിനുള്ള അഭിമുഖം നാളെ നടക്കുമെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് ഹൈക്കോടതിയുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എട്ട് പേരെ ഉടൻ നിയമിക്കണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകവും പിന്നാലെ ഇവിടെ നിന്ന് അന്തേവാസികൾ ചാടിപ്പോകുന്നത് പതിവായ സാഹചര്യത്തിലുമാണ് ഹൈക്കോടതി ഇടപെടൽ. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ 470 അന്തേവാസികൾക്കായി നാല് സെക്യൂരിറ്റി ജീവനക്കാരാണ് നിലവിലുള്ളത്. ഇങ്ങനെ തുടരാനാകില്ലെന്നും ഇത് സംഭവങ്ങൾ ആവർത്തിക്കാനിടയാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഉടൻ തന്നെ എട്ട് സുരക്ഷ ജീവനക്കാരെ നിയമിക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം.

മാനസികാരോഗ്യകേന്ദ്രത്തിൽ സുരക്ഷാ വീഴ്ച തുടർക്കഥയാകുകയാണ്. ഫെബ്രുവരി 14ന് രണ്ടു അന്തേവാസികളെ കാണാതായി. അതിന് മുൻപ് രണ്ടു അന്തേവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. മാനസികാരോഗ്യകേന്ദ്രത്തിൽ തുടർച്ചയായി ഉണ്ടാവുന്ന സുരക്ഷാ വീഴ്ചകളെ കുറിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറ്കടർ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കാനിരിക്കേയായിരുന്നു 17കാരിയെ കാണാതായത്.

ഒരാഴ്ചക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. ഇവരിൽ രണ്ട് പേരെ കണ്ടെത്തിയിരുന്നു. ബാത്ത്‌റൂമിന്റെ വെന്റിലേറ്റർ പൊളിച്ച് ചാടി പോയ ഏഴാം വാർഡിൽ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനായ യുവാവിനെ ഷൊർണൂരിൽ വച്ച് പൊലീസ് കണ്ടെത്തി രാത്രി രണ്ട് മണിയോടെ തിരിച്ചെത്തിച്ചിരുന്നു. പിന്നാലെ പുലർച്ചെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയായ പെൺകുട്ടിയും രക്ഷപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ ഓട് പൊളിച്ചാണ് പെൺകുട്ടി ചാടിപ്പോയത്. രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന വെല്ലുവിളികൾ.

നിലവിൽ നാല് സുരക്ഷാ ജീവനക്കാർ മാത്രമാണ് ആശുപത്രിയിലുള്ളത്. ഓരോ വാർഡിലും സെക്യൂരിറ്റി ജീവനക്കാർ വേണ്ടതാണെങ്കിലും 11 വാർഡുകളുള്ളതിൽ ഒരിടത്തു പോലും നിലവിൽ സുരക്ഷാ ജീവനക്കാരില്ല. 474 അന്തേവാസികളെ പാർപ്പിക്കാൻ സൗകര്യമുള്ള ഇവിടെ നിലവിൽ 480 പേരാണ് കഴിയുന്നത്. കൊലപാതകവും ചാടിപ്പോകലുമെല്ലാം വാർത്തയായിട്ടും പ്രതിസന്ധി പരിഹരിക്കാൻ നടപടിയുണ്ടായില്ല.

ഫണ്ടില്ലാത്തതിനാൽ സുരക്ഷാ ജീവനക്കാരെ താൽക്കാലികമായി നിയമിക്കാൻ പോലും ആശുപത്രി മാനേജ്‌മെന്റിന് കഴിയുന്നില്ല. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഇൻചാർജ് ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു.

മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. ബുധനാഴ്ച കൊലപാതകം നടന്നിട്ടും ആശുപത്രി അധികൃതർ ഇതറിഞ്ഞത് വ്യാഴാഴ്ച പുലർച്ചെ മാത്രമാണ്. തർക്കമുണ്ടായ ഉടൻ ഒരാളെ മറ്റൊരു സെല്ലിലേക്ക് മാറ്റിയെന്ന് മാനസിക ആരോഗ്യ കേന്ദ്രം അധികൃതർ പറയുന്നുണ്ട്. കൂടെ ഉണ്ടായിരുന്ന മഹാരാഷ്ട്രക്കാരിയെ എന്തുകൊണ്ട് പരിശോധിച്ചില്ലെന്ന ചോദ്യം ഉയർന്നു. സുരക്ഷാ ജീവനക്കാരുടെ കുറവ് വലിയ പ്രശ്‌നമായി തന്നെയാണ് ആരോഗ്യ വകുപ്പ് വിലയിരുത്തിയത്.