ന്യൂഡൽഹി: ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായിരുന്ന ശിവീന്ദർ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിൽനിന്ന് 215 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ കൂടുതൽ നടിമാരെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട് പുറത്ത്. ജാക്വലിൻ ഫെർണാണ്ടസ്, നോറ ഫത്തേഹി എന്നിവർക്ക് പുറമേ സാറാ അലി ഖാൻ, ജാൻവി കപൂർ, ഭൂമി പട്നേക്കർ എന്നിവരെയും സുകേഷ് ലക്ഷ്യമിട്ടുരുന്നതായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ വെളിപ്പെടുത്തൽ.

ഈ നടിമാർക്ക് കൂടി സുകേഷ് വിലകൂടിയ സമ്മാനങ്ങൾ നൽകിയെന്നാണ് ഇഡി പറയുന്നത്. വില കൂടിയ സമ്മാനങ്ങൾ നൽകിയാണ് ഈ നടിമാരെ തന്റെ വരുതിയിലാക്കാൻ ശ്രമിച്ചത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇവർക്കെല്ലാം വില കൂടിയ ഉപഹാരങ്ങളും സമ്മാനിച്ചിരുന്നു. കോടീശ്വരനായ ബിസിനസുകാരൻ എന്ന് പരിചയപ്പെടുത്തിയായിരുന്നു നടിമാരുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചത്.

ജയിലിലായിരുന്ന ശിവീന്ദർ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖർ പണം തട്ടുകയായിരുന്നു. നിയമകാര്യ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാൾ അദിതി സിങ്ങിൽനിന്ന് പണം കൈക്കലാക്കിയത്. ഡൽഹിയിൽ ജയിലിൽ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പൻ തട്ടിപ്പുകൾ നടത്തിയത്. ഇതിനിടെയാണ് നടി ജാക്വലിൻ ഫെർണാണ്ടസ് അടക്കമുള്ളവരുമായി സുകേഷിന് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് കൂടുതൽ നടിമാരെ സുകേഷ് ലക്ഷ്യമിട്ടുന്നുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

പിങ്കി ഇറാനിയെന്ന യുവതിയുമായി ചേർന്നാണ് സുകേഷ് നടിമാരുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. സുകേഷിന്റെ സിഇഒ. ആയാണ് ഇറാനിയെ നടിമാർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നത്. സുകേഷിനെ നേരിൽകാണാനും മറ്റും നടിമാരെ നിർബന്ധിക്കുകയും ഇതിന് ഇടനിലക്കാരിയാവുക എന്നതുമായിരുന്നു ഇറാനിയുടെ പ്രധാന ജോലി. സുകേഷിനെ സംബന്ധിച്ച് നടിമാർക്കിടയിൽ വിശ്വാസ്യത ഉണ്ടാക്കിയെടുക്കാനും ഇവരെ ഉപയോഗിച്ചിരുന്നു. ജാക്വലിൻ ഫെർണാണ്ടസിന് സുകേഷിനെ പരിചയപ്പെടുത്തിനൽകിയതും പിങ്കി ഇറാനിയായിരുന്നു. ഇതേ യുവതി സാറാ അലി ഖാനുമായും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.

2021 മെയ് മാസത്തിലാണ് നടി സാറാ അലി ഖാനുമായി സുകേഷ് പരിചയം സ്ഥാപിക്കാൻ ശ്രമിച്ചത്. സുരാജ് റെഡ്ഡി എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി നടിക്ക് വാട്സാപ്പ് സന്ദേശം അയച്ചായിരുന്നു തുടക്കം. പിന്നീട് വാട്സാപ്പിൽ ആശയവിനിമയം തുടർന്നു. ഇതിനിടെയാണ് ഒരു കാർ സമ്മാനമായി നൽകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സാറാ അലി ഖാനോട് പറഞ്ഞത്.

അതേസമയം, സുകേഷിന്റെ നിരന്തരമായ വാഗ്ദാനങ്ങളും സമ്മാനങ്ങളുമെല്ലാം താൻ നിരസിച്ചതായാണ് സാറാ അലി ഖാൻ ജനുവരി 14-ന് ഇ.ഡി.യ്ക്ക് നൽകിയ മറുപടി.

സുരാജ് റെഡ്ഡി എന്ന പേരിൽ തന്നെ പരിചയപ്പെട്ട സുകേഷിന്റെ സമ്മാനങ്ങൾ പലതവണ നിരസിച്ചിരുന്നു. ഇതിനുശേഷമാണ് ഒരു പെട്ടി ചോക്ലേറ്റ് സമ്മാനമായി വാങ്ങാമെന്ന് സമ്മതിച്ചത്. തുടർന്ന് ചോക്ലേറ്റ് പെട്ടിക്കൊപ്പം ഫ്രാങ്ക് മുള്ളറിന്റെ വില കൂടിയ വാച്ചും സുകേഷ് സമ്മാനിച്ചിട്ടുണ്ടെന്നും സാറാ അലി ഖാൻ ഇ.ഡി.യ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു.

ഭാര്യയും നടിയുമായ ലീന മരിയ പോൾ മുഖേനയാണ് നടി ജാൻവി കപൂറുമായി സുകേഷ് ചന്ദ്രശേഖർ അടുപ്പം സ്ഥാപിച്ചത്. ഏകദേശം 18 ലക്ഷം രൂപയിലധികം ഇയാൾ ജാൻവി കപൂറിന് നൽകിയതായാണ് ഇ.ഡി.യുടെ കണ്ടെത്തൽ.

തന്റെ ബ്യൂട്ടി പാർലറായ 'നെയിൽ ആർടിസ്ട്രി'യുടെ ഉദ്ഘാടനത്തിനായാണ് ലീന മരിയ പോൾ ജാൻവി കപൂറിനെ സമീപിക്കുന്നത്. ബെംഗളൂരുവിൽ 2021 ജൂലായ് 19-നായിരുന്നു ബ്യൂട്ടി പാർലറിന്റെ ഉദ്ഘാടനം. ലീന മരിയ പോളിന്റെയും സുകേഷിന്റെയും പശ്ചാത്തലമൊന്നും അറിയാത്ത ജാൻവി കപൂർ ഉദ്ഘാടനത്തിന് വരാമെന്ന് സമ്മതിക്കുകയും ബെംഗളൂരുവിലെത്തി ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഇതിന്റെ പ്രതിഫലമായി പ്രൊഫഷണൽ ഫീസ് എന്നനിലയിൽ 18.94 ലക്ഷം രൂപയാണ് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സുകേഷ് അയച്ചുനൽകിയത്. ഇതിനുപുറമേ, ഉദ്ഘാടനദിവസം ലീനയുടെ അമ്മ വിലയേറിയ ഒരു ബാഗ് സമ്മാനമായി നൽകിയിട്ടുണ്ടെന്നും നടി സമ്മതിച്ചിട്ടുണ്ട്.

പിങ്കി ഇറാനി മുഖേനയാണ് മറ്റൊരു നടിയായ ഭൂമി പട്നേക്കറിനെ സുകേഷ് ലക്ഷ്യമിട്ടത്. ന്യൂസ് എക്സ്പ്രസ് പോസ്റ്റ് എന്ന സ്ഥാപനത്തിന്റെ എച്ച്.ആർ. വൈസ് പ്രസിഡന്റാണെന്ന് അവകാശപ്പെട്ടാണ് പിങ്കി ഇറാനി 2021 ജനുവരിയിൽ നടിയെ പരിചയപ്പെട്ടത്. സ്ഥാപനത്തിന്റെ ചെയർമാനായ സുരാജ്(സുകേഷ് ചന്ദ്രശേഖർ) ഭൂമിയുടെ വലിയ ആരാധകനാണെന്നും ഭൂമിയെ ഉൾപ്പെടുത്തി ഒരു വലിയ സിനിമ ചെയ്യാൻ താത്പര്യപ്പെടുന്നതായും പറഞ്ഞു. മാത്രമല്ല, ചെയർമാന് ഒരു കാർ സമ്മാനിക്കാൻ ആഗ്രഹമുണ്ടെന്നും ഇവർ നടിയോട് പറഞ്ഞിരുന്നു.

ഇതിനുപിന്നാലെ സുകേഷ് ചന്ദ്രശേഖറും നടിയെ നേരിട്ട് വിളിച്ചു. പിന്നീട് 2021 മെയ് മാസത്തിൽ പിങ്കി ഇറാനി നടിക്ക് വീണ്ടും സന്ദേശം അയച്ചു. ചെയർമാൻ ഒരു കോടീശ്വരനാണെന്നും സുഹൃത്തുക്കൾക്ക് ഉപഹാരങ്ങൾ സമ്മാനിക്കുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടമാണെന്നും താങ്കൾക്ക് ഒരു കാർ സമ്മാനിക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം എന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഇതേദിവസം തന്നെ സുകേഷ് ചന്ദ്രശേഖറും നടി ഭൂമിയെ നേരിട്ടുവിളിച്ചിരുന്നു. എന്നാൽ സുകേഷിൽനിന്നോ ഇയാളുടെ കൂട്ടാളികളിൽനിന്നോ തനിക്ക് യാതൊരു സമ്മാനവും ലഭിച്ചിട്ടില്ലെന്നാണ് നടി ഭൂമി പട്നേക്കർ ഇ.ഡിക്ക് നൽകിയിരിക്കുന്ന മറുപടി.

ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായിരുന്ന ശിവീന്ദർ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിൽനിന്ന് 215 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും നേരത്തെ പിടിയിലായത്. ശിവീന്ദറിന്റെ ഭാര്യ അദിതി സിങ് നൽകിയ പരാതിയിലായിരുന്നു നടപടി.