തൃപ്പൂണിത്തുറ:ബ്രോഡ് ഗേജിൽ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ കഴിയില്ല എന്നും ലോകമെമ്പാടും അതിവേഗ ട്രെയിനുകൾ സ്റ്റാൻഡേർഡ് ഗേജിലാണ് ഓടുന്നതെന്നും പറഞ്ഞ് കെ റെയിൽ അധികാരികൾ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് എന്ന്ഇന്ത്യൻ റെയിൽവേയുടെ മുൻ ചീഫ് എൻജിനീയർ ശ്രീ അലോക് കുമാർ വർമ്മ ചൂണ്ടിക്കാണിച്ചു. സംസ്ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യത്ത് നിലവിലുള്ള ഗേജിൽ നിന്ന് വ്യത്യസ്തമായ ഗേജുകൾ ലോകത്തു ആകമാനം തന്നെ രണ്ട് രാജ്യങ്ങളിൽ മാത്രമേ ഉള്ളു. അതു തന്നെ വ്യക്തമായ മറ്റു ചില കാരണങ്ങളാലാണ്. ജപ്പാനിൽ മീറ്റർ ഗേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.സ്‌പെയിൻ യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടിയപ്പോൾ എല്ലാ ലൈനുകളും ഏകികരിക്കുവാൻ നിർബന്ധിതമായി. റഷ്യയിൽ 250 കി.മീറ്റർ വേഗതയിൽ ട്രെയിനുകൾ ബ്രോഡ് ഗേജിലോടുന്നു. മുംബെ - അഹമ്മദാബാദ് ട്രെയിനിന് പാരീസ് ആസ്ഥാനമായ സിസ്ട്ര നിർദ്ദേശിച്ചത് ബ്രോഡ് ഗേജാണ്. 250 കി.മീറ്റർ വേഗതയുള്ള പൂണെ നാസിക് അതിവേഗ ട്രെയിനിനും ബ്രോഡ് ഗേജാണ് ആദ്യം നിർദ്ദേശിക്കപ്പെട്ടത്.

സ്റ്റാൻഡേർഡ് ഗേജ് ബ്രോഡ്‌ഗേജിനേക്കാൾ മെച്ചമാണെന്ന് കാണിക്കുന്ന ഏതെങ്കിലും ഒരു പഠനമോ റിപോർട്ടോ കാണിക്കാൻ അദ്ദേഹം കെ-റയിൽ അധികാരികളെ വെല്ലുവിളിച്ചു. ചില കേന്ദ്രങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടിയാണ് സ്റ്റാൻഡേർഡ് ഗേജിന് വേണ്ടി കെ ആർ ഡി സി എൽ എംഡി അജിത് കുമാർ, ഇന്ത്യൻ റെയിൽവേയുടെ എഞ്ചിനീയറിങ് കോഡിന് വിരുദ്ധമായി വാദിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. റെയിൽവേ വികസനം പോലുള്ള സമൂഹത്തിന്റെ നിർണായകമായ മേഖലകളിൽ സാമൂഹ്യ താൽപ്പര്യങ്ങൾക്ക് ഉപരിയായി സ്വകാര്യ ക്ലിക്ക്കളുടെ ലാഭ - നഷ്ട കണക്കുകൂട്ടലുകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി. സിൽവർ ലൈൻ അടിച്ചേൽപ്പിക്കുന്നതിനെതിരെ ജനങ്ങളുടെ വർധിച്ച തോതിലുള്ള ചെറുത്തുനിൽപ്പ് ഭരണാധികാരികളുടെയും റെയിൽവേ ബോർഡിന്റെയും കണ്ണുതുറപ്പിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് എംപി.ബാബുരാജ് മോഡറേറ്ററായിരുന്നു. സെമിനാറിൽ സമിതി ജനറൽ കൺവീനർ എസ്.രാജീവൻ, രക്ഷാധികാരി എം ടി തോമസ്, സംസ്ഥാന സമിതി അംഗം കെ.എസ്.ഹരികുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.