തിരുവനന്തപുരം: ആറു മാസത്തിനകം ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളിന്മേൽ തീർപ്പ് കൽപിക്കാനാവുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടെങ്കിലും ഡേറ്റാ ബാങ്കിലെതടക്കം പിഴവുകൾ മൂലം നിയമക്കുരുക്കിൽ അകപ്പെട്ട ഭൂ ഉടമകൾക്ക് ഇത് പ്രയോജനം ചെയ്യില്ലെന്ന് വിലയിരുത്തൽ.

ആയിരത്തോളം ജീവനക്കാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചുകൊണ്ടും സ്ഥല പരിശോധനക്ക് വാഹന സൗകര്യം ഏർപ്പെടുത്തിക്കൊണ്ടും കെട്ടിക്കിടക്കുന്ന പരമാവധി അപേക്ഷകൾ ആറ് മാസം കൊണ്ട് തീർപ്പാക്കുന്നതിനാണ് കഴിഞ്ഞ ദിവസം റവന്യൂമന്ത്രി കെ രാജൻ ഉത്തരവിട്ടത്. എന്നാൽ ഇത് നിലവിൽ പ്രതിസന്ധിയിലായ ഭൂ ഉടമകൾക്ക് കാലതാമസം കൂടാതെ പ്രശ്‌നം പരിഹരിച്ച് ലഭിക്കാൻ വഴിയൊരുങ്ങില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാനിക്കുന്നത്.

താൽക്കാലിക ജീവനക്കാർ ഇല്ലാത്തതുകൊണ്ടോ വാഹന സൗകര്യം ഇല്ലാത്തതുകൊണ്ടോ അല്ല നേരെ മറിച്ച് സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കിട്ടുന്നതിനും അതിന്റെ വിഹിതം രാഷ്ട്രീയക്കാർക്ക് കൈപപ്പറ്റുന്നതിനും ഉള്ള സാഹചര്യം നിലനിർത്തി ഭൂമിയെ സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഭൂ ഉടമകളെ കോടതി കയറ്റി ഇവിടുത്തെ അഭിഭാഷകർക്ക് വരുമാനം ലഭിക്കുന്നതിനടക്കം ഒരുക്കി വച്ചിരിക്കുന്ന ചുവപ്പുനാടയിൽ കുരുങ്ങിയ നിയമസംവിധാനമാണ് ഇതിന്റെ യഥാർത്ഥ കാരണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.



മുഖ്യമന്ത്രി നേരിട്ട് ഇറങ്ങിയാലും ഇപ്പോഴത്തെ നിയമം അനുസരിച്ച് ആറു മാസം കൊണ്ടല്ല ആറ് കൊല്ലംകൊണ്ടു പോലും കുരുക്കഴിച്ച് ഭൂമി തരംതിരിച്ച് കൊടുക്കാനാകില്ല. സാധാരണക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നാണ് ഭൂമി. നിലം ആണോ കരയാണോ എന്ന് അറിയാതെ പ്രതിസന്ധിയിലായ അവസ്ഥയാണ് നിലവിലുള്ളത്.

ഭൂമി തരം മാറ്റുന്നതിനുള്ള പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള നടപടിക്രമങ്ങൾ പുനഃപ്പരിശോധിക്കുവാൻ സർക്കാർ തയ്യാറാവേണ്ടതുണ്ടെന്നാണ് റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം അഭിപ്രായപ്പെടുന്നത്.

പത്തു സെന്റു ഭൂമിയിൽ കുടിൽ കെട്ടിത്താമസിക്കുന്ന ഒരു പാവപ്പെട്ടവന് തന്റെ വീട് ഒന്നു പുതുക്കിപ്പണിയേണ്ടി വരികയോ അല്ലെങ്കിൽ മകളുടെ വിവാഹ ആവശ്യത്തിന് ബാങ്കിൽ പണയപ്പെടുത്തേണ്ടി വരികയോ ചെയ്യേണ്ടി വരുമ്പോഴാണ് തന്റെ വീടിരിപ്പു ഭൂമി ഡേറ്റാ ബാങ്കിൽപ്പെട്ടതാണെന്ന യാഥാർത്ഥ്യം ഈ പാവം തിരിച്ചറിയുന്നത്. അന്നു മുതൽ അയാൾ ഇതു ശരിപ്പെടുത്തുന്ന പ്രക്രിയക്കു വേണ്ടിയുള്ള പ്രയാണം ആരംഭിക്കും. ഇത്തരം നിയമക്കുരുക്കുകൾ അഴിക്കുന്നതിന് വലിയ കടമ്പകൾ കടക്കേണ്ടതായുണ്ട്.

ആദ്യം 1000 രൂപായുടെ കോർട്ട് ഫീ സ് സ്റ്റാമ്പ് ഒട്ടിച്ച നിശ്ചിത ഫാറത്തിലുള്ള ഡേറ്റാ ബാങ്കിൽ നിന്നും തെറ്റായി ചേർത്ത വിവരം തിരുത്തി ലഭിക്കുന്നതിനുള്ള അപേക്ഷ ആർഡിഒയ്ക്ക് സമർപ്പിക്കണം. പ്രസ്തുത അപേക്ഷ അവിടെ രജിസ്റ്റർ ചെയ്ത ശേഷം ഇനം മാറ്റേണ്ട ഭൂമി ഡേറ്റാ ബാങ്കിൽ നിലം എന്നാണ് കിടക്കുന്നതെങ്കിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർക്കു പുറമെ കൃഷി ഓഫീസർക്കുകൂടി റിപ്പോർട്ടിനായി അയച്ചു കൊടുക്കേണ്ടതുണ്ട്.

ഇവർ ഈ ഭൂമി നേരിട്ടു വന്നു പരിശോധിച്ച് അഞ്ച് ഫോട്ടോയ്ക്കു പുറമേ 2008നു മുൻപാണോ ഈ നികത്തൽ നടത്തിയതെന്നുറപ്പു വരുത്തുവാൻ ഉപഗ്രഹ ചിത്രത്തിനായി ബന്ധപ്പെട്ട ഭൂമിയുടെ എഫ് എം സ്‌കെച്ച് സഹിതം അയച്ചു കൊടുത്ത് റിപ്പോർട്ട് വാങ്ങേണ്ടതുണ്ട്. നിലവിൽ എഫ് എം സ്‌കെച്ച് വാങ്ങേണ്ടുന്ന ഓഫീസിൽ ഇത്തരം പതിനായിരക്കണക്കിനപേക്ഷ കെട്ടിക്കിടക്കുന്നതായിട്ടാണറിവ്.

കൂടാതെ കേരളത്തിലെ ഒട്ടുമുക്കാൽ വില്ലേജുകളിലും എഫ് എം ബി ലഭ്യമല്ല. എഫ് എം ബി 1930 നു മുൻപു് തയ്യാറാക്കപ്പെട്ട രേഖയായതിനാൽ അതു നശിച്ചുപോയിരിക്കുന്നു. റീ- സർവ്വേ നടപടികൾ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയുമാണ്.

ഈ റിപ്പോർട്ടുകളും കൃഷി - വില്ലേജ് ഓഫീസർമാരുടെ വിശദമായ പരിശോധനയും അടക്കമുള്ള വിശദമായ റിപ്പോർട്ടാണ് ആർഡിഒയ്ക്ക് സമർപ്പിക്കേണ്ടത്. പിന്നീട് ഇതിൽ ആർഡിഒ പരിശോധിച്ച് എന്തെങ്കിലും പാകപ്പിഴയുണ്ടെങ്കിൽ അതു തിരുത്തുന്നതിന് വീണ്ടും താഴേക്ക് അയ്യക്കേണ്ടി വരും. അതെല്ലാം ശരിപ്പെടുത്തി ആർഡിഒയുടെ നേരിട്ടുള്ള പരിശോധനക്കു കൂടീ ശേഷം ഡേറ്റാ ബാങ്കിൽ നിന്നും നീക്കം ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

അതിനു ശേഷം മാത്രമാണ് ഭൂമി തരം മാറ്റുന്നതിനുള്ള ഫോറം 6 ലുള്ള അപേക്ഷ 1000 രൂപാ ട്രഷറിയിലടച്ച ചെല്ലാനും മറ്റു രേഖകളും സഹിതം വീണ്ടും ആർഡിഒക്ക് സമർപ്പിക്കേണ്ടതുണ്ട്. പ്രസ്തുത അപേക്ഷയും വീണ്ടും വില്ലേജിലേക്ക് റിപ്പോർട്ടിനായി അയക്കുന്നു വില്ലേജ് ഓഫീസർ ഒരു സർവ്വെയറെക്കൊണ്ട് ഭൂമി അളന്ന് തിരിച്ച് സ്‌കെച്ച് തയ്യാറാക്കി ഭൂമിയുടെ തൽ സ്തിതി സംബന്ധിച്ച അഞ്ച് ഫോട്ടോ സഹിതം വിശദമായ പ്രൊഫോർമാർ റിപ്പോർട്ട് തയ്യാറാക്കി ആർഡിഒക്ക് വിശദമായ റിപ്പോർട്ട് അയക്കുന്നു.

അതു വീണ്ടും ആർഡിഒ വിശദമായ പരിശോധന നടത്തി ഭൂമി നേരിട്ടു പരിശോധിച്ച് ഉത്തമ ബോദ്ധ്യം വന്നാൽ പഞ്ചായത്ത് ഏരിയായിൽ ഭൂമിയുടെ ഫെയർ വാല്യൂവിന്റെ 10% ഒടുക്കു വരുത്തുവാൻ ഉത്തരവിടുന്നു. കഷ്ടകാലത്തിന് ഈ ഭൂമിക്ക് ഫെയർ വാല്യു ഇടാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ വേറെ അപേക്ഷ കളക്ടർക്ക് നൽകി കുറെ അധികം നടപടിക്രമങ്ങൾക്കു ശേഷം ഗസറ്റ് വിജ്ഞാപനത്തിലൂടെ ഫെയർ വാല്യൂ തയ്യാറാക്കി നൽകും.

ഇങ്ങനെ ഒടുക്കാൻ നിർദ്ദേശിച്ചതുക ഒടുക്കം വരുത്തിയ ശേഷം മാത്രമാണ് ഇനം മറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത് ഈ ഉത്തരവുമായി വില്ലേജിൽ ചെല്ലുമ്പോൾ ഒരു പക്ഷെ ഈ 10 സെന്റീൽ അരസെന്റിലെങ്ങാനുമൊരു കുളമുണ്ടെങ്കിൽ ആയതു അളന്ന് ഡിവൈഡഡ് സ്‌കെച്ചിനായി സർവ്വയർക്ക് നൽകേണ്ടി വരും. സർവെയറുടെ ജോലിത്തിരക്കുകൾ മൂലം ചുരുങ്ങിയത് മൂന്നു മാസത്തെ കാലതാമസം വരുത്തിയേക്കാം. ഇത്രയും കടമ്പകൾ കടന്നാൽ മാത്രമേ ഇനം മാറ്റൽ പ്രക്രിയ പുർത്തിയാവുകയുള്ളൂ. ഇത്രയും നടപടി ക്രമങ്ങൾ പുർത്തിയാവാൻ ഏറ്റവും ചുരുങ്ങിയത് മാസങ്ങളോളം വേണ്ടിവന്നേക്കാം എന്നതാണ് നിലവിൽ ഭൂമി തരം മാറ്റുന്നതിനുവേണ്ടി ഓഫീസുകൾ കയറി ഇറങ്ങി നടക്കേണ്ടി വരുന്ന ഭൂ ഉടമകൾ നേരിടേണ്ടി വരുന്നത്.

സാധാരണക്കാര് കുറച്ചു ഭൂമിയും വീടും ഒക്കെ സ്വന്തമാക്കിയ ശേഷം വീട് ഒന്ന് പുതുക്കിപ്പണിയാനോ, പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിനോ ഏതെങ്കിലും ബാങ്കിൽ ലോൺ എടുക്കാൻ എത്തുമ്പോഴാണ് അവന്റെ ഭൂമി കരഭൂമിയല്ല നിലമാണ് എന്ന് തിരിച്ചറിയുന്നത്. ഇത് ശരിയാക്കിയെടുക്കാൻ നൂറു കണക്കിന് കടമ്പകൾ കടക്കണം.

റീസർവെ എന്ന സംവിധാനത്തിൽ റവന്യൂ ഉദ്യോഗസ്ഥർ പുനക്രമീകരണം നടത്തിയപ്പോൾ ഉണ്ടായ വീഴ്ചകളിൽ കുരുങ്ങിയും നിരവധി പേരാണ് സംസ്ഥാനത്ത് പ്രതിസന്ധി നേരിടുന്നത്. റീസർവേ നമ്പറുകൾ അടക്കം മാറിപ്പോയത് മൂലം സർക്കാർ ഓഫീസും കോടതികൾ വരെ കയറി ഇറങ്ങേണ്ടി വരുന്നവർ നിരവധിയാണ്.

കാര്യശേഷിയുള്ള ഒരു മന്ത്രി വിചാരിച്ചാൽ ശരിയാക്കാവുന്ന കാര്യമാണിത്. എന്നാൽ കുറെ താൽക്കാലിക ജീവനക്കാരെ നിയമിച്ചിട്ടോ വാഹന സൗകര്യം ഏർപ്പെടുത്തി കൊടുത്തതുകൊണ്ടോ കാര്യമില്ല ചുവപ്പു നാട അഴിക്കേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

1930ൽ തിരുവിതാംകൂർ രാജാവിന്റെ ഉത്തരവ് പ്രകാരം അന്ന് ഈ നാട്ടിലെ ഭൂമികൾ അളന്ന് തിട്ടപ്പെടുത്തിയത്. അന്ന് ഉദ്യോഗസ്ഥന്മാർ കണ്ടെഴുത്ത് നടത്തിയാണ് തണ്ടപ്പേരുണ്ടാക്കി ഭൂമി തിരിച്ചുകൊടുത്തത്. ആ രേഖയാണ് ഇപ്പോഴും വില്ലേജ് ഓഫീസിൽ സൂക്ഷിക്കുന്നത്. കേരളം രൂപീകരിച്ചിട്ട് ഇതുവരെ ഒരു ജനാധിപത്യ സർക്കാരിനും ഈ നാട്ടിലെ ഭൂമി അളന്ന് തിട്ടപ്പെടുത്തി കൊടുക്കാൻ സാധിച്ചിട്ടില്ല.

റീസർവെ എന്ന പേരിൽ തട്ടിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോഴും മുപ്പത് ശതമാനം മാത്രമാണ് പൂർത്തിയായത്. ഭൂമി റീസർവെ ചെയ്യുമ്പോൾ വരുത്തിയ വീഴ്ചകൾ പരിഹരിക്കാൻ ഭൂഉടമ വീണ്ടും നേരിടേണ്ടി വരുന്നത് വലിയ നിയമക്കുരുക്കുകളാണ്. ഭൂമിയുടെ ക്രയവിക്രയത്തിനോ കൈമാറ്റത്തിനോ ശ്രമിക്കുമ്പോൾ മാത്രമാണ് ഉദ്യോഗസ്ഥൻ വരുത്തിയ വീഴ്ച പ്രതിസന്ധി സൃഷ്ടിക്കുക.

സ്വന്തം ഭൂമി മറ്റൊരു റീസർവേ നമ്പറിൽ ആയി തെറ്റിയെഴുതിയത് അടക്കം ഒട്ടെറെ കുരുക്കുകളാണ് ഇത്തരത്തിൽ വന്നിട്ടുള്ളത്. ഇത്തരം വീഴ്ചകൾ വരുത്തുന്ന ഉദ്യോഗസ്ഥരെക്കൊണ്ടു പിഴയടപ്പിച്ച് പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. പക്ഷെ ഇപ്പോൾ ഇത്തരം വീഴ്ചകൾ പരിഹരിക്കാൻ ഭൂ ഉടമ പിന്നാലെ നടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ആകെയുള്ള ഭൂമി സർക്കാർ ഉദ്യോഗസ്ഥർ തെറ്റായി ഡേറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയാൽ അത് ശരിയാക്കാൻ വലിയ കടമ്പ കടക്കേണ്ടതുണ്ട്. വയൽ ഭൂമികൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള 2008ലെ നിയമം അനുസരിച്ച് 2008ന് മുമ്പ് നികത്തിയിട്ടുള്ള ഭൂമി ശരിയാക്കിയെടുക്കാം. പക്ഷെ ഇത് കരഭൂമിയായെന്ന് സാക്ഷ്യപ്പെടുത്തി കിട്ടാൻ ആദ്യം ഈ ഭൂമി 2008ന് മുമ്പാണ് നികത്തിയത് എന്ന് തെളിവുണ്ടാക്കണം. ഇതിനായി ഭൂമിയുടെ ഉപഗ്രഹ ചിത്രം കിട്ടേണ്ടതുണ്ട്. ഉപഗ്രഹ ചിത്രം ലഭിക്കുന്നതിന് വേണ്ടിയുള്ള ലക്ഷക്കണക്കിന് അപേക്ഷകളാണ് നിലവിൽ കെട്ടിക്കിടക്കുന്നത്. ഒരു ഡിപ്പാർട്ട്‌മെന്റാണ് ഈ ഉപഗ്രഹ ചിത്രം ലഭ്യമാക്കുന്നത്. അവിടെ മുതൽ പ്രതിസന്ധി തുടങ്ങും.

വിവരങ്ങൾ അപേക്ഷകരോട് ശരിയായ രീതിയിൽ പറഞ്ഞുകൊടുക്കാൻ പോലുമുള്ള സംവിധാനമില്ല. ഇത്രയേറെ നടപടിക്രമങ്ങൾ ഉണ്ടെങ്കിൽ മാത്രമെ അഴിമതിക്കും കൈക്കൂലിക്കുമുള്ള സാഹചര്യം ഉണ്ടാകു എന്നത് തന്നെയാണ് പ്രധാന കാരണം. ഭൂമി തരം മാറ്റൽ പ്രകൃയ പൂർത്തായകണമെങ്കിൽ തെറ്റായി ആരുടെങ്കിലും ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥൻ അതു തിരുത്തണം. അല്ലെങ്കിൽ ആ ഉദ്യോഗസ്ഥന്റെ മേൽ നടപടികൾ സ്വീകരിക്കാനുള്ള സംവിധാനം ഉണ്ടാകണം. എങ്കിൽ മാത്രമെ ശാശ്വതമായ പരിഹാരം ഇക്കാര്യത്തിൽ സൃഷ്ടിക്കാനാകു എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

2008ന് മുമ്പ് നികത്തിയ ഭൂമിയെക്കുറിച്ചുള്ള ശാസ്ത്രീയമായ റിപ്പോർട്ട് സർക്കാറിന്റെ കൈവശം ഉണ്ടായാൽ പ്രതിസന്ധി പരിഹരിക്കാനാകും. നടപടിക്രമങ്ങൾ ലഘൂകരിച്ച് സർക്കാർ ഉദ്യോഗസ്ഥർ ഉത്തരവാദിത്തതോടെ നിർവഹിച്ചാൽ മാത്രമെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകു. അല്ലാതെ മന്ത്രി നിയമസഭയിൽ പറഞ്ഞതുകൊണ്ടു മാത്രം പരിഹാരമാകില്ല. ലക്ഷക്കണക്കിന് അപേക്ഷകൾ പരിഗണിച്ച് പരിഹരിച്ച് കൊടുക്കാനുള്ള ജീവനക്കാരും ഇല്ല. ഒരു വില്ലേജ് ഓഫീസർ നിർവഹിക്കേണ്ടി വരുന്ന ചുമതലകൾ മാത്രം മതി ഇത് ബോധ്യപ്പെടാൻ.

ഈ അടിസ്ഥാന കാര്യമാണ് മന്ത്രി പരിഹരിക്കേണ്ടതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സ്വമിത്വ എന്ന പേരിൽ കേന്ദ്രസർക്കാർ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ ഇതിൽ പങ്കുചേർന്നിട്ടുണ്ട്. ഡിജിറ്റൽ സർവേയാണിത്. എന്നാൽ കേരളത്തിൽ മായം ചേർത്ത് ഡിജിറ്റൽ സർവേ എന്ന പേരിൽ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. കേന്ദ്രസർക്കാർ പദ്ധതിയുടെ പേരും പ്രശസ്തിയും അവർക്ക് ലഭിക്കാതിരിക്കാനാണ് ഈ നീക്കം.

കേന്ദ്രസർക്കാരിനോട് സഹകരിച്ച് സൗജന്യമായി ഉപഗ്രഹ സർവേ നടത്തി ആളുകൾക്ക് അവരുടെ ഭൂമി കൃത്യമായി അളന്നുതിട്ടപ്പെടുത്തി കൊടുക്കാൻ സാധിക്കും. അങ്ങനെ ചെയ്താൽ നമ്മുടെ കോടതിയിലെ നാൽപത് ശതമാനത്തോളം കേസുകൾ ഇല്ലാതാകും. അഴിമതിയും കോടതികളിൽ ശേഷിക്കുന്ന നാൽപ്പത് ശതമാനത്തോളം വരുന്ന ഭൂമി സംബന്ധമായ കേസുകൾക്കും പരിഹാരമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.