- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ധൈര്യമായി കടയിൽ വരാം; സിഐ.ടി.യു താൽക്കാലികമായി പത്തി മടക്കി; മാതമംഗലത്തെ അടച്ചുപൂട്ടിയ എസ്.ആർ ഹാർഡ് വെയർസ് വീണ്ടും തുറന്നു

കണ്ണൂർ:സിഐ.ടി.യു യൂണിയൻ ചുമട്ടു തൊഴിലാളികൾ നടത്തിയ അനിശ്ചിതകാല ഉപരോധസമരത്തെ തുടർന്ന് അടച്ചു പൂട്ടിയ പിലാത്തറ മാതമംഗലത്തെ എസ്. ആർ ഹാർഡ്വെയർ കട ബുധനാഴ്‌ച്ച മുതൽ തുറന്ന് പ്രവർത്തനം പുനരാരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന
അനുരഞ്ജന ചർച്ചയിൽ ചൊവ്വാഴ്‌ച്ച തുറക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും കടയുടമ റബീഹ് നാട്ടിൽ എത്താൻ വൈകിയതോടെ ബുധനാഴ്ച മാത്രമേ കട തുറക്കാൻ കഴിഞ്ഞുള്ളൂ.
കടയുടമ റബീഹും സി. ഐ.ടി.യു യൂണിയൻ നേതാക്കൾ, ലേബർ കമ്മീഷണർ എന്നിവർ ചേർന്ന് നടത്തിയ ചർച്ചയിലാണ് എസ്.ആർ ഹാർഡ് വെയർസ് കട വീണ്ടും തുറക്കാൻ തീരുമാനമയത്. ചർച്ചയുടെ അടിസ്ഥാനത്തിൽ കടയിലേക്ക് വരുന്ന വലിയ വാഹനങ്ങളിൽ നിന്നുള്ള സാധനങ്ങൾ സിഐ.ടി.യു തൊഴിലാളികൾക്ക് ഇറക്കാം. കടയിൽ നിന്നുള്ള സാധനങ്ങൾ കടയുടമയ്ക്കും കയറ്റാമെന്നുള്ള ധാരണയിലാണ് കട തുറക്കാൻ തീരുമാനമായത്.
കഴിഞ്ഞ ഡിസംബർ 23 മുതലാണ് മാതമംഗലത്തെ എസ്.ആർ അസോസിയേറ്റ് എന്ന ഹാർഡ്വെയർ ഷോപ്പ് പൂട്ടിക്കിടക്കുന്നത്. ലോഡ് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ഇറക്കുന്നത് സിഐടിയുക്കാർ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തൊഴിൽ നിഷേധം ആരോപിച്ച് സിഐടിയുക്കാർ കടയ്ക്ക് മുൻപിൽ പന്തൽ കെട്ടി സമരം ചെയ്യുകയായിരുന്നു.
കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരെ മർദ്ദിക്കുകയും ഉടമയ്ക്കു മർദ്ദനമേൽക്കുകയും ചെയ്തതോടെ വിഷയം സംസ്ഥാനതലത്തിൽ തന്നെ വിവാദമാവുകയായിരുന്നു. പ്രതിപക്ഷമുൾപ്പെടെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി രംഗത്തുവന്നു. കടയുടമയ്ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും കലക്ടറേറ്റിന് മുൻപിൽ സമരം നടത്തിയിരുന്നു.
അടച്ചുപൂട്ടിയ കടതുറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എസ്. ആർ ഹാർഡ് വെയർസ് ഉടമ റബീഹ് പറഞ്ഞു.
ഹൈക്കോടതി വിധി സി. ഐ.ടി.യു യൂണിയൻ തൊഴിലാളികൾ ഭാഗികമായി അംഗീകരിച്ചതിൽ സന്തോഷമുണ്ട്. ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിലുണ്ടാക്കിയ ഒത്തുതീർപ്പുവ്യവസ്ഥകൾ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ഇടപെട്ടതുകൊണ്ടാണ് ഈ വിഷയം ചർച്ചയായത്. സംസ്ഥാനത്ത് പൂട്ടിപ്പോയ ഇത്തരം സംരഭങ്ങളുടെ വിഷയങ്ങളിലും ഇടപെടലുകൾ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


