ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ നടന്ന ജാഗ്രതാ സദസ്സിൽ ഖലിസ്ഥാൻ പതാകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്ന സംഭവത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ഒട്ടാവയിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് കാനഡ വിദേശകാര്യമന്ത്രാലയത്തേയും ആഗോളകാര്യ വിഭാഗത്തേയും നയതന്ത്ര പ്രസ്താവനയുടെ രൂപത്തിൽ ആശങ്ക അറിയിച്ചത്.

ഇന്ത്യയിലെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ ശ്രദ്ധയാകർഷിച്ച ദീപ് സിദ്ദുവിന്റെ പേരിൽ ഫെബ്രുവരി 20ന് സിറ്റി ഹാളിൽ നടന്ന ജാഗ്രതാ ചടങ്ങുമായി ബന്ധപ്പെട്ടാണ് സംഭവം. ബ്രാംപ്ടൺ സിറ്റി കൗൺസിലർ ഹർകിരത് സിങ്ങാണ് പരിപാടി സംഘടിപ്പിച്ചത്.

ബ്രാംപ്ടൺ മേയർ ആയ പാട്രിക് ബ്രൗൺ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുയർന്നിരുന്നു. പരിപാടിയിൽ പങ്കെടുത്തവരിൽ ഏതാനും പേർ ഖലിസ്ഥാൻ പതാകയും .... എന്നെഴുതിയ പ്ലക്കാർഡുകളും കൈയിലേന്തിയിരുന്നു.

ഇന്ത്യാ വിരുദ്ധ സംഭവമായി അപലപിക്കപ്പെടുന്ന സംഭവം നിരവധി ഇന്തോ-കനേഡിയന്മാരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇന്ത്യയിലോ കർഷകപ്രതിഷേധങ്ങളുമായി പരിപാടിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും നാഷണൽ അലയൻസ് ഓഫ് ഇൻഡോ-കനേഡിയൻസ് ട്വീറ്റ് ചെയ്തു.

പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിലൂടെ മേയർ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയാണെന്ന് ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. കാനഡ അതിർത്തിയിൽ വാക്സിൻ നിബന്ധനയ്ക്കെതിരെ ട്രക്ക് ഡ്രൈവർമാർ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മേയറിന്റെ നേതൃത്വത്തിൽ ജാഗ്രതാസദസ്സ് സംഘടിപ്പിച്ചത്.

കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ അതിക്രമിച്ചുകയറി സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയതിന് പിന്നാലെയാണ് സിദ്ദു വാർത്തകളിലിടം നേടിയത്. ദേശീയ തലത്തിൽ ശ്രദ്ധേയനായ സിദ്ദുവിന്റെ മരണം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അപകടത്തിൽപ്പെട്ട് ഹരിയാണയിലെ ഖർഖോഡ ആശുപത്രിയിൽ വച്ചായിരുന്നു സിദ്ദു മരിച്ചത്.