- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാറിൽ ഗോമാംസം കഴിച്ചെന്ന് ആരോപണം; ജെഡിയു പ്രാദേശിക നേതാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
പട്‌ന: ഗോമാംസം കഴിച്ചുവെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. സമസ്തിപുരിലെ ജനതാദൾ (യു) പ്രാദേശിക നേതാവു കൂടിയായ മുഹമ്മദ് ഖലീൽ ആലം (34) ആണ് ആൾക്കൂട്ട കൊലയ്ക്ക് ഇരയായത്. ഖലീലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം നദിക്കരയിൽ നിന്നു പൊലീസ് കണ്ടെടുത്തു. തല്ലിക്കൊന്ന ശേഷം മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിച്ചതാണെന്നു കരുതുന്നു.
ഖലീലിനെ കാണാനില്ലെന്നു കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി നാല് ദിവസത്തിനു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. പരാതി നൽകിയ ശേഷം ഖലീലിന്റെ ഫോണിൽ നിന്നു ചിലർ വീട്ടുകാരെ വിളിച്ചു ഖലീലിനെ മോചിപ്പിക്കുന്നതിനായി പണം ആവശ്യപ്പെട്ടതായും പറയുന്നു.
ഗോമാംസം കഴിച്ചിട്ടുണ്ടോയെന്നു ചോദിച്ചു ഖലീലിനെ ആൾക്കൂട്ടം വളഞ്ഞിട്ടു മർദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അക്രമി സംഘത്തോടു കൈകൂപ്പി ഖലീൽ ജീവനായി യാചിക്കുന്നതായാണു ദൃശ്യങ്ങളിൽ. സമസ്തിപുരിൽ എവിടെയെല്ലാമാണു പശുവിനെ കശാപ്പു ചെയ്യുന്നതെന്നും ആരെല്ലാമാണു ഗോമാംസം കച്ചവടം ചെയ്യുന്നതെന്നും അക്രമികൾ ഖലീലിനോടു ചോദിക്കുന്നതും വീഡിയോയിലുണ്ട്.
ബിഹാറിൽ ക്രമസമാധാന നില തകർന്നതിനു തെളിവാണു ഭരണകക്ഷിയായ ജെഡിയുവിന്റെ നേതാവു തന്നെ ആൾക്കൂട്ട കൊലയ്ക്ക് ഇരയായതെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു. ബിഹാറിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനു മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തരം പറയണമെന്നും തേജസ്വി ആവശ്യപ്പെട്ടു.




