ന്യൂഡൽഹി: മറ്റൊരാളുമായി ഇഷ്ടത്തിലായതിന്റെ ദേഷ്യത്തിൽ യുവതിയെ ആക്രമിച്ച മുൻകാമുകൻ ജീവനൊടുക്കി. 22കാരിയുടെ അയൽവാസിയായ യുവാവിനെയാണ് വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗസ്സിയാബാദിലാണ് സംഭവം. ഇരുവരും അയൽവാസികളാണ്. 22കാരിയെ കല്യാണം കഴിക്കാൻ അയൽവാസി ആഗ്രഹിച്ചിരുന്നു. ഇരുവരും ഇഷ്ടത്തിലുമായിരുന്നു. അതിനിടെയാണ് യുവതി മറ്റൊരാളുമായി ഇഷ്ടത്തിലായതെന്ന് പൊലീസ് പറയുന്നു.

ഇതിന്റെ ദേഷ്യത്തിലാണ് തിങ്കളാഴ്ച രാവിലെ 22കാരിയെ യുവാവ് ക്രൂരമായി ആക്രമിച്ചത്. യുവതി ജോലിക്ക് പോകുന്ന സമയത്താണ് ആക്രമിച്ചത്. തുടർന്ന് വീട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. യുവതി മറ്റൊരാളുമായി ഇഷ്ടത്തിലായതിൽ അയൽവാസി അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.