- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിബലുകൾ സഹായം തേടിയതോടെ എത് നിമിഷവും റഷ്യയുടെ ആയുധവർഷം; ഉക്രെയിൻ ബാങ്കുകളൂം സർക്കാർ ഓഫീസുകളും സൈബർ ആക്രമണത്തിൽ; ഉക്രെയിനും തിരിച്ചടിക്കാൻ റെഡി; എല്ലാ പൗരന്മാർക്കും ആയുധം ധരിക്കാൻ അവസരം; കൂടുതൽ ആയുധങ്ങളും സേനയും നൽകി യൂറോപ്യൻ രാജ്യങ്ങൾ
റഷ്യയുടെ കളിപ്പാവകളായ ഉക്രെയിൻ വിമത നേതാക്കൾ, ഉക്രെയിൻ ആക്രമണത്തെ ചെറുക്കുന്നതിന് റഷ്യയുടെ സഹായം അഭ്യർത്ഥിച്ചതോടെ ഏത് നിമിഷവും റഷ്യ ആക്രമണം തുടരും എന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. റഷ്യൻ പിന്തുണയുള്ള വിഘടനവാദികളെ തുരത്താൻ ഉക്രെയിൻ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകും എന്ന വാദം തന്നെ റഷ്യയ്ക്ക് ഒരു ആക്രമണത്തിനുള്ള കാരണം സൃഷ്ടിക്കും എന്നാണ് പാശ്ചാത്യ നിരീക്ഷകർ പറയുന്നത്. ഉക്രെയിൻ സൈന്യത്തിന്റെ ഷെൽ വർഷത്തിൽ നിരവധി സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമതനേതാക്കൾ പുടിന് കത്തയച്ചത് എന്ന് റഷ്യൻ വക്താവ് ഡിമിറ്റ്രി പെസ്‌കോവ് പറഞ്ഞു.
എന്നാൽ, ഈ അഭ്യർത്ഥന പുടിന് തന്റെ ആക്രമണത്തെ ന്യായീകരിക്കാൻ വേണ്ടി മാത്രം ചമച്ചുണ്ടാക്കിയ ഒന്നാണെന്നാണ് വൈറ്റ്ഹൗസ് പറയുന്നത്. ഇത്തരത്തിൽ ഒരു കാരണം റഷ്യ ഉണ്ടാക്കുമെന്ന് അമേരിക്ക നേരത്തേ മുന്നറിയിപ്പും നൽകിയിരുന്നു. മൊത്തം റഷ്യൻ സൈന്യത്തിന്റെ ഏകദേശം 80 ശതമാനത്തോളം ഇപ്പോൾ ഉക്രെയിൻ അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണെന്നും, ഉക്രെയിനെതിരെ ഒരു സമ്പൂർണ്ണ യുദ്ധമാണ് റഷ്യ ഉന്നം വയ്ക്കുന്നതെന്നു ഉക്രെയിൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.
അടുത്ത 48 മണിക്കൂറിനുള്ളിൽ ആക്രമണം ആരംഭിക്കുമെന്നാണ് ഇന്നലെ ജോ ബൈഡൻ, ഉക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കിക്ക് മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർക്കിവ് ആയിരിക്കും റഷ്യൻ സൈന്യത്തിന്റെ ആദ്യ ലക്ഷ്യം. ഇത് റഷ്യൻ അതിർത്തിയോട് ചേർന്നാണ് കിടക്കുന്നത്. ഇന്നലെ രാത്രി, നൂറോളം ടാങ്കുകൾ ഉൾപ്പടെ ഒരു സൈനികവ്യുഹം ഖർക്കിവ് ലക്ഷ്യമാക്കി നീങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഉക്രെയിന്റെ വിദേശകാര്യ മന്ത്രാലയം, പ്രതിരോധമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സുരക്ഷാ സംവിധാനങ്ങൾ, വിവിധ കാബിനറ്റ് മന്ത്രിമാർ എന്നിവരുടേത് ഉൾപ്പടെയുള്ള നിരവധി വെബ്സൈറ്റുകൾ ഒരു സൈബർ ആക്രമണത്തെതുടർന്ന് ഇന്നലെ ഉച്ചയോടെ നിശ്ചലമായി. വിവിധ സർക്കാർ കെട്ടിടങ്ങളിൽ ബോംബ് ഭീഷണിയും എത്തിയിരുന്നു. ഉക്രെയിനു മേൽ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുവാനുള്ള റഷ്യൻ നടപടിയായിട്ടാണ് ഇതിനെയൊക്കെ വിദഗ്ദർ വിലയിരുത്തുന്നത്. വിവിധ ബാങ്കുകളുടെ വെബ്സൈറ്റുകളും സൈബർ ആക്രമണങ്ങൾക്ക് വിധേയമായതായി ഉപ പ്രധാനമന്ത്രി മിഖാലിയോ ഫെഡോറോവ് പറഞ്ഞു.
ഉക്രെയിനിലും അനിവാര്യമായ യുദ്ധത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. ഇന്നലെ മുതൽ ഉക്രെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 2 ലക്ഷത്തോളം വരുന്ന ഉക്രെയിൻ റിസർവ് സേനയെ തയ്യാറാക്കി നിർത്തിയിരിക്കുകയാണ്. അതിർത്തികളിൽ സുരക്ഷ വർദ്ധിപ്പിച്ചു. റഷ്യയിലുള്ള 30 ലക്ഷഥ്റ്റോളം ഉക്രെയിൻ പൗരന്മാരോട് തിരിച്ചുവരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാദ്യമായാണ്, ഏത് സമയത്തും ഒരു ആക്രമണം ഉണ്ടായേക്കാം എന്ന് ഉക്രെയിൻ സമ്മതിക്കുന്നത്.
സംഘർഷം കനത്തതോടെ ഉക്രെയിനെ സഹായിക്കാൻ കൂടുതൽ ആയുധങ്ങൾഅയയ്ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. മാത്രമല്ല, കൂടുതൽ കടുത്ത നടപടികളിലേക്ക് റഷ്യ കടന്നാൽ, ഉപരോധം ഇനിയും കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡിഫൻഡർ ഒഫ് ദി ഫാദർലാൻഡ് ഡേയോടനുബന്ധിച്ച് സൈനികരുമായി സംസാരിച്ച റഷ്യ പ്രസിഡണ്ട് റഷ്യൻ സുരക്ഷാ താത്പര്യങ്ങൾ സംരക്ഷിക്കുവാൻ ഏതറ്റം വരെയും പോകുമെന്ന് അവരോട് പറഞ്ഞു.
ഉക്രെയിനെതിരെ ഒരു സമ്പൂർണ്ണ യുദ്ധമാണ് പുടിൻ ഉന്നം വയ്ക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് പറഞ്ഞു. അത് അടുത്ത 24 മണിക്കൂറിനുള്ളിൽ ഉണ്ടാകാൻ ഇടയുണ്ട് എന്നാണ് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞത്. അതിനിടയിൽ, റഷ്യൻ പ്രതിരോധ മന്ത്രി, വിവിധ സേനാവിഭാഗങ്ങളുടെ തലവന്മാർ, 351 പാർലമെന്റ്ംഗങ്ങൾ, വിവിധതരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നവർ എന്നിവർക്കെതിരെ യൂറോപ്യൻ യൂണിയൻ വ്യാപകമായ രീതിയിലുള്ള ഉപരോധം ഏർപ്പെടുത്തി. അമേരിക്കയും ബ്രിട്ടനും റഷ്യൻ ബാങ്കുകൾക്കും അതിസമ്പന്നർക്കും എതിരെ ഉപരോധം പ്രഖ്യാപിച്ചതിനു തൊട്ടുപുറകെയാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
എന്നാൽ, അമേരിക്കൻ ഉപരോധത്തെ ചെറുക്കാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്ന് പറഞ്ഞ റഷ്യ, ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുമെന്ന താക്കീതും നൽകിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഉപരോധത്തിന്റെ ആദ്യഘട്ടം അമേരിക്ക പ്രഖ്യാപിച്ചത്. അതോടൊപ്പം കൂടുതൽ നാറ്റൊ സൈന്യത്തെ യൂറോപ്പിലേക്ക് അയയ്ക്കുവാനും ബൈഡൻ തീരുമാനിച്ചിട്ടുണ്ട്. 800 സൈനികരെ ഇറ്റലിയിലേക്ക് അയയ്ക്കാനും നൂറുകണക്കിന് അപ്പാചെ ഹിലികോപ്റ്ററുകൽ ബാൾട്ടിക് മേഖലയിലേക്കും പോളണ്ടിലേക്കും അയയ്ക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
കീവിലെ റഷ്യൻ എംബസിക്ക് മുന്നിലെ റഷ്യ പതാക താഴ്‌ത്തിക്കെട്ടി നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ റഷ്യ ആരംഭിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലായതിനാലാണ് അവരെ തിരികെ വിളിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. സമാനമായ സാഹചര്യമുള്ളതിനാൽ പല പാശ്ചാത്യ രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ ഉക്രെയിനിൽ നിന്നും പിൻവലിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്കയും ബ്രിട്ടനും ഉൾപ്പടെയുള്ള പലരാജ്യങ്ങളും അവരുടെ എംബസികളിൽ അത്യാവശ്യ ജീവനക്കാരെ മാത്രമാണ് ഇപ്പോൾ നിലനിർത്തുന്നത്. മാത്രമല്ല, എംബസിയുടെ പ്രവർത്തനം തലസ്ഥാനമായ കീവിൽ നിന്നും മാറ്റി പോളണ്ടിന്റെ അതിർത്തിയിലുള്ള ല്വിവ് നഗരത്തിലേക്ക് ആക്കിയിട്ടുണ്ട് ഇപ്പോൾ.
പുടിന്റെ സ്വപ്ന പദ്ധതി മടക്കിക്കെട്ടി പാശ്ചാത്യ ശക്തികൾ
നോർഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ്ലൈൻ വ്ളാഡിമിർ പുടിന്റെ സ്വപ്ന പദ്ധതിയായിരുന്നു. പശ്ചിമ യൂറോപ്പിലേക്ക് റഷ്യയിൽ നിന്നും പ്രകൃതിവാതകം നേരിട്ട് എത്തിക്കുന്ന ഈ പദ്ധതി 11 ബില്യൺ ഡോളർ മുടക്കിയാണ് പൂർത്തിയാക്കിയത്. എന്നാൽ, ഉക്രെയിൻ ആക്രമണ സാഹചര്യമുണ്ടായതോടെ, പൈപ്പ് ലൈൻ പദ്ധതിയുടെ വിതരണ ഭാഗം സ്ഥിതിചെയൂന്ന ജർമ്മനി അതിനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. അതിനുപുറമേ ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കമ്പനിക്ക് അമേരിക്ക ഉപരോധവും ഏർപ്പെടുത്തി.
പശ്ചിമ യൂറോപ്പിലേക്ക് വിപുലമായ രീതിയിൽ പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതിയായിരുന്നു നോർഡ് സ്ട്രീം 2. അത് പൂർത്തിയാക്കിയ ഘട്ടത്തിലാണ് ഇപ്പോൾ പ്രവർത്തനാനുമതി നിഷേധിച്ചുകൊണ്ട് ജർമ്മനി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ 11 ബില്യൺ ഡോളർ മുടക്കുമുതലുള്ള പദ്ധതി കേവലം കുറേ ഇരുമ്പു പൈപ്പുകളുടെ നെറ്റ്‌വർക്ക് മാത്രമായി മാറിയിരിക്കുകയാണ്. തീർച്ചയായും ജർമ്മനിയുടെ സമ്പദ്ഘടനയെ ബാധിക്കുന്ന ഒരു തീരുമാനമാണ് ഇതെങ്കിലും, കൂടുതൽ നഷ്ടങ്ങൾ ഉണ്ടാക്കുക സ്വാഭാവികമായും റഷ്യയ്ക്ക് തന്നെയായിരിക്കും.
യൂറോപ്പിനെ ആകാശത്ത് വട്ടമിട്ട് പറന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ
റഷ്യ ഒരു സമ്പൂർണ്ണ യുദ്ധത്തിന് ഒരുങ്ങുകയാണെന്ന് ഉറപ്പായ സാഹചര്യത്തിൽ അമേരിക്ക യൂറോപ്പിലേക്ക് കൂടുതൽ സൈന്യ സന്നാഹങ്ങൾ അയയ്ക്കുകയാണ്. ജർമ്മനിയിൽ തമ്പടിച്ചിരുന്ന വ്യുഹത്തിൽ നിന്നും എഫ്-35 ഫൈറ്റർ വിമാനങ്ങളും 20 എ എച്ച്- 64 അപ്പാഷെ ഹെലികോപ്റ്ററുകളും ബാൾക്കിക്ക് മേഖലയിലേക്കും പോളണ്ടിലേക്കും തിരിച്ചു. അതുപോലെ നാറ്റോയുടെ കിഴക്കൻ സൈന്യവ്യുഹത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 800 സൈനികർ ഇറ്റലിയിൽ നിന്നും യാത്രയായിട്ടുണ്ട്.
ബാൾട്ടിക് മേഖലയിലെ എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ സഖ്യരാജ്യങ്ങളിലായിരിക്കും അമേരിക്ക സൈന്യം കൂടുതലായി കേന്രീകരിക്കുക എന്നറിയുന്നു. ഉക്രെയിൻ ആക്രമണം വിജയിച്ചാൽ പിന്നീട് പുടിന്റെ ലക്ഷ്യം ബാൾട്ടിക് മേഖലയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ