പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ നാലാം ചരമദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ച് നാട്ടുകാർ. മുക്കാലിയിൽ നടന്ന യോഗത്തിൽ മധുവിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. മധുവിന് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മുക്കാലിയിലെ അനുസ്മരണ പരിപാടിയിൽ നിരവധി ആദിവാസി സംഘടനാ ഭാരവാഹികളും പങ്കെടുത്തു.

തടസ്സം നീങ്ങി വിചാരണ നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ മധുവിന് നീതി കിട്ടുമെന്ന പ്രതീക്ഷ മധുവിന്റെ അമ്മയും സഹോദരിയും പങ്കുവെച്ചു. കേസിൽ വിചാരണ തുടങ്ങാനായില്ലെന്ന പരാതി കഴിഞ്ഞയാഴ്ചയാണ് പരിഹരിച്ചത്. സർക്കാർ നിയമിച്ച സ്‌പെഷൽ പ്രോസിക്യൂട്ടറിൽ പ്രതീക്ഷയുണ്ടെന്നു മധുവിന്റെ കുടുംബം പറയുന്നു. വിചാരണ നടപടിയുടെ പുരോഗതി മനസ്സിലാക്കിയാകും സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ നിലപാടറിയിക്കുക.

വിവിധ ആദിവാസി സംഘടനകളുടെ സമ്മർദമാണ് കേസിന്റെ തുടർ നടപടികളിലെ തടസ്സം നീങ്ങാൻ കാരണമെന്ന് നേതാക്കൾ പറഞ്ഞു. മണ്ണാർക്കാട് കോടതി ഈമാസം 25നാണ് വീണ്ടും മധു കേസ് പരിഗണിക്കുന്നത്.