കീവ്: യുക്രെയിന്റെ വ്യോമതാവളങ്ങൾ തകർത്തതിന് പിന്നാലെ റഷ്യൻ സൈന്യം വിവിധ ദിശകളിൽ നിന്ന് രാജ്യത്തേക്ക് കടന്നു. വടക്ക്-തെക്ക്-കിഴക്കൻ മേഖലകളിലൂടെയാണ് കടന്നുകയറ്റം. തെക്ക് ക്രൈമിയ വഴിയും ബെലാറസിലെ നിരവധി വടക്കൻ മേഖലകൾ വഴിയും റഷ്യൻ ടാങ്കുകളും കവചിത വാഹങ്ങളും അതിർത്തി കടന്ന് പ്രവേശിച്ചു. സൈനിക താവളങ്ങളിലും, പ്രധാന നഗരങ്ങൾക്ക് അരികിലും വൻസ്‌ഫോടനങ്ങൾ ഉണ്ടായി.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല. നാൽപതിലേറെ യുക്രെയിൻ സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. റഷ്യ നടത്തിയ ഷെൽ ആക്രമണത്തിലാണ് ഏറെപ്പേർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുക്രെയിൻ തലസ്ഥാനമായ കീവിൽ തുടർ സ്‌ഫോടനങ്ങൾ കേൾക്കുന്നതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നത്. 50 റഷ്യൻ അധിനിവേശക്കാരെ വകവരുത്തിയതായി യുക്രെയിനും അവകാശപ്പെട്ടു.

ആക്രമണത്തിൽ യുക്രെയിനിലെ വ്യോമ താവളങ്ങൾ ഉൾപ്പടെ റഷ്യ തകർത്തിട്ടുണ്ട്. കര,വ്യോമ,നാവിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം തുടരുന്നത്. ബഹുമുഖ ആക്രമണ പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്.കിഴക്കൻ മേഖലയിൽ റഷ്യ കനത്ത ഷെല്ലാക്രമണം നടത്തുന്നുവെന്ന് യുക്രെയിൻ ബോർഡർ ഗാർഡ് ഏജൻസി അറിയിച്ചു. ആറ് നഗരങ്ങളിലെ വ്യോമസേനാ താവളങ്ങളിൽ റഷ്യൻ സൈന്യം ആക്രമണം നടത്തി. യുക്രെയിനിന്റെ സൈനിക കേന്ദ്രങ്ങളും അതിർത്തിയിലെ പോസ്റ്റുകളും ആക്രമിച്ചു. റഷ്യൻ ആക്രമണത്തിൽ യുക്രൈൻ സൈനികർ മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധി നഗരങ്ങൾ ആക്രമിക്കപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി വ്യക്തമാക്കി.

പുലർച്ചെ അഞ്ചുമണിയോടെ ആക്രമണം

പ്രാദേശിക സമയം പുലർച്ചെ അഞ്ചുമണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. ക്രൈമിയ, ബെലാറസ് എന്നീ മേഖലകളിൽ നിന്നും കരിങ്കടൽ വഴിയും റഷ്യ യുക്രൈനെ ആക്രമിക്കുന്നു. യുക്രൈൻ തലസ്ഥാനമായ കീവിൽ ആറിടത്ത് സ്ഫോടനമുണ്ടായി. കാർഖിവിൽ മലയാളി വിദ്യാർത്ഥികൾ അടക്കം താമസിക്കുന്ന ഹോസ്റ്റലിന് സമീപവും റഷ്യൻ മിസൈലാക്രമണം ഉണ്ടായി.

വ്യോമാക്രമണത്തിൽ കിർഖിവിലെ അപ്പാർട്ട്മെന്റിന് നാശമുണ്ടായിട്ടുണ്ട്. ആളപായം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കീവ് ബോറിസ്പിൽ, നിക്കോളേവ്, ക്രാമാറ്റോർസ്‌ക്, ഖെർസോൻ വിമാനത്താവളങ്ങൾ റഷ്യൻ ആക്രമണത്തിൽ തകർന്നു. കാർഖിവിലെ മിലിറ്ററി എയർപോർട്ടിനും മിസൈലാക്രമണത്തിൽ കനത്ത നാശം നേരിട്ടു. ഇവാനോ-ഫ്രാങ്കിവ്സ്‌ക് വിമാനത്താവളത്തിലും റഷ്യൻ മിസൈൽ പതിച്ചു.

യുക്രെയിന്റെ കിഴക്കൻ മേഖലകളിലെ രണ്ടു പ്രദേശങ്ങൾ റഷ്യൻ സൈന്യം പിടിച്ചെടുത്തു. റഷ്യക്കൊപ്പം വിമതരും യുക്രെയിൻ സൈന്യത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യുക്രൈനിലെ ലുഹാൻസ്‌ക് പട്ടണത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റ് പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു മണിക്കൂറുകൾക്കകം യുക്രെയ്നിലെ വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിർവീര്യമാക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

റഷ്യൻ വ്യോമാക്രമണത്തെത്തുടർന്ന് ജനങ്ങൾ യുക്രൈനിലെ ഭൂഗർഭ മെട്രോയിൽ അഭയം പ്രാപിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിൽ പട്ടാള നിയമം പ്രഖ്യാപിച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് യുക്രെയിൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. യുക്രെയിൻ തലസ്ഥാനമായ കീവിൽ വിമാനത്താവളത്തിന് സമീപം വെടിവെപ്പും സ്ഫോടനങ്ങളുമുണ്ടായി. വിമാനത്താവളം റഷ്യൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് സൂചന.

റഷ്യൻ വിമാനം വെടിവെച്ചിട്ടതായി യുക്രൈൻ സൈന്യം അവകാശപ്പെട്ടു. അഞ്ച് റഷ്യൻ ജെറ്റുകളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടതായാണ് വിവരം. ലുഹാൻസ്‌ക് മേഖലയിലാണ് വിമാനങ്ങൾ വെടിവെച്ചിട്ടത്. എന്നാൽ യുക്രെയിന്റെ അവകാശവാദം റഷ്യ നിഷേധിച്ചിട്ടുണ്ട്. യുക്രെയിനിലേക്ക് കര മാർഗം റഷ്യയിൽ നിന്ന് പ്രവേശിക്കുന്ന പ്രധാനനഗരങ്ങളാണ് ഖാർകിവും ഒഡേസയും. വ്യോമാക്രമണത്തിന് പിന്നാലെ കരമാർഗവും ഈ നഗരങ്ങളിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചു. ഖാർകിവ് നഗരത്തിന്റെ അതിർത്തി വഴിയും സൈന്യം കടന്നു. ഒഡേസ തുറമുഖത്ത് റഷ്യൻ സൈന്യം ആക്രമണം തുടങ്ങി

കീവിൽ നിന്ന് പലായനം

തലസ്ഥാനമായ കീവിൽ നിന്ന് ജനങ്ങൾ പരിഭ്രാന്തരായി പലായനം ചെയ്യുകയാണ്. എല്ലായിടത്തും ട്രാഫിക് ജാമാണ്. ആളുകൾ സ്റ്റേഷനുകളിൽ അഭയം പ്രാപിച്ചു. ബസുകൾക്കും, എടിഎമ്മുകൾക്കും പെട്രോൾ പമ്പുകൾക്കും മുന്നിൽ നീണ്ട ക്യൂവാണ്. ശാന്തരായി ഇരിക്കാൻ സർക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ജനങ്ങൾ പരിഭ്രാന്തരായി രക്ഷപ്പെടാനുള്ള പരക്കം പാച്ചിലിലാണ്.

യുക്രെയിൻ ജനതയ്ക്ക് എതിരെയല്ല സൈനിക നടപടി എന്ന് പുടിൻ

ഇപ്പോഴത്തെ ആക്രമണം യുക്രെയിനെയോ അവിടുത്തെ ജനങ്ങളുടെയോ താൽപര്യങ്ങൾ ഹനിക്കാൻ വേണ്ടിയല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിനിർ പുടിൻ പറഞ്ഞു. യുക്രെയിനെ ബന്ദിയാക്കി വയ്ക്കുകയും, റഷ്യക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്നവരെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ടാണ് സൈനിക നടപടി.

യുഎസ്എസ്ആർ സൃഷ്ടിച്ചപ്പോളോ, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമോ, ഇന്നത്തെ യുക്രെയിനിൽ താമസിക്കുന്ന ജനങ്ങളോട് തങ്ങളുടെ ജീവിതം എങ്ങനെ കെട്ടിപ്പെടുക്കണമെന്ന് ആരും ചോദിച്ചിരുന്നില്ല. സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പിന് ഉള്ള അവകാശം ഇന്നത്തെ യുക്രെയിൻ ജനതയ്ക്കുണ്ടാകണം, പുടിൻ പറഞ്ഞു.

നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ച് യുക്രെയിൻ

റഷ്യയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചതായി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി പ്രഖ്യാപിച്ചു. യുദ്ധത്തിന് എതിരെ റഷ്യക്കാർ തുറന്ന് പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലിത്വാനിയ

യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ലിത്വാനിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും ഭാഗമായ ഭാഗമായ ബാൾട്ടിക് രാജ്യം ബെലാറസിന് എതിരെയും ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കാരണം ബെലാറസിൽ നിന്നും റഷ്യൻ സൈനികർ യുക്രെയിനെ ആക്രമിക്കുകയാണ്.

ഇന്ത്യയുടെ പിന്തുണ തേടി യുക്രെയിൻ

ജനാധിപത്യ രാജ്യത്തിന് എതിരായ സ്വച്ഛാധിപത്യ ഭരണകൂടത്തിന്റെ അധിനിവേശത്തിനെതിരെ ഇന്ത്യയുടെ പിന്തുണ തേടുന്നതായി ഇന്ത്യയിലെ യുക്രെയിൻ അംബാസഡർ ഡോ.ഇഗോർ പൊലിഖ് പറഞ്ഞു. മോദിജി ലോകത്തെ ഏറ്റവും ശക്തനും സ്വാധീനവും ഉള്ള നേതാവായിരിക്കെ ഇന്ത്യ ഇടപടെണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുക്രെയിൻ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭ

അതേസമയം മാനുഷികത പരിഗണിച്ച് എത്രയും വേഗം റഷ്യ യുക്രൈനിൽ നിന്നും പിന്മാറണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. യുക്രൈനിലേത് അപകടകരമായ സാഹചര്യമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര തലത്തിൽ പരിഹാരം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. യുക്രൈനിലെ ഇന്ത്യൻ എംബസി എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.