തിരുവനന്തപുരം: സർവ്വകലാശാല ജീവനക്കാരുടെ പെൻഷൻ സംവിധാനത്തെ അട്ടിമറിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള യൂണിവേഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ (കെ.യു.ടി.ഒ.). സർവ്വകലാശാലകളുടെ തനത് സ്രോതസ്സുകളെ ആശ്രയിച്ച് പെൻഷൻ ഫണ്ട് രൂപീകരിക്കുകയും ജീവനക്കാരുടെ ശമ്പളത്തിന്റെ മാക്‌സിമത്തിൽ നിന്നും 25 ശതമാനം തുക എല്ലാ മാസവും ആ ഫണ്ടിലേക്ക് മറ്റേണ്ടതുമാണ് എന്ന് ഉത്തരവ് നിർദേശിക്കുന്നു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ ഉന്തിയും തള്ളിയും മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്ന സർവ്വകലാശാലകളുടെ ഭദ്രതയെ അടിമുടി തകർക്കുന്ന നീക്കമാണിത്.

രാജ്യത്തിന്റെ സർവതോന്മുഖ വികസനത്തിന്റെ ആണിക്കല്ലായ വിദ്യാഭ്യാസ മേഖലയുടെ നെടുംതൂണുകളാണ് സർവ്വകലാശാലകൾ. വിദ്യാഭ്യാസമടക്കമുള്ള സേവനരംഗത്ത് നിന്ന് സർക്കാരുകൾ പിൻവാങ്ങി ആ രംഗത്ത് പരിധികളില്ലാത്ത സ്വകാര്യ വൽക്കരണത്തിന് അവസരമൊരുക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. സ്റ്റാറ്റിയൂട്ടറി പെൻഷൻ നിർത്തലാക്കി കോൺട്രിബ്യുട്ടറി സമ്പ്രദായം കൊണ്ട് വന്നപ്പോൾ അതിനെതിരെ ശക്തമായ സമരം ചെയ്തവർ തന്നെയാണ് ഇത്തരം ഉത്തരവുകളിലൂടെ അട്ടിമറിക്ക് മുന്നിട്ടിറങ്ങിയത് എന്നത് ഏറെ വിചിത്രമാണ്.

വിദ്യാഭ്യാസ മേഖലയിൽ ഫീസ് വർദ്ധനവ്, മൂല്യശോഷണം പോലുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഈ ഉത്തരവ് വഴിവയ്ക്കും. ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ സർവ്വകലാശാലകൾ സ്വന്തം നിലക്ക് കണ്ടെത്തിക്കൊള്ളണമെന്നുള്ള ഉത്തരവിറക്കി ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള സർക്കാറിന്റെ നീക്കത്തിനെതിരെ ശക്തമായ സമരങ്ങൾ ഉയർന്ന് വരേണ്ടതാണ്. നീണ്ടകാലത്തെ സേവനത്തിന് ശേഷം ഉദ്യോഗത്തിൽ നിന്ന് വിരമിച്ച് പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരങ്ങളെ ആശങ്കയിലാഴ്‌ത്തുന്നതാണ് ഈ ഉത്തരവ്. സർവകലാശാല ജീവനക്കാരുടെ ജീവിതം ഇരുട്ടിലാക്കുന്ന ഇത്തരം നടപടികൾക്കെതിരെ സമാന നിലപാടുള്ള സംഘടനകളുമായി സഹകരിച്ച് പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ്. പെൻഷൻ സംവിധാനത്തെ തന്നെ തകിടം മറിക്കുന്ന ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് കെ.യു.ടി.ഒ. ആവശ്യപ്പെടുന്നു.