കീവ്: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശ നീക്കങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് ലോകരാഷ്ട്രങ്ങൾ. റഷ്യയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് നിരവധി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തി. അതേ സമയം യുക്രൈനിൽ കര, വ്യോമ, നാവിക സേനകളുടെ ബഹുമുഖ ആക്രമണം റഷ്യ തുടരുകയാണ്.

ഇന്നു രാവിലെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രൈനെതിരെ സൈനിക നടപടി പ്രഖ്യാപിച്ചത്. റഷ്യയുടെ ആക്രമണത്തിൽ നൂറുകണക്കിന് യുക്രൈൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായും വാർത്തകൾ പുറത്തെത്തിയിട്ടുണ്ട്. യുക്രൈൻ വ്യോമസേനയെ കീഴ്പ്പെടുത്തിയതായി റഷ്യൻ വാർത്താ ഏജൻസിയായ ടി.എ.എസ്.എസ്. റിപ്പോർട്ട് ചെയ്തു. പുടിന്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ യുക്രൈൻ തലസ്ഥാനമായ കീവിൽനിന്നും മറ്റ് നഗരങ്ങളിൽനിന്നും സ്ഫോടനശബ്ദങ്ങൾ കേട്ടതായി എ.എഫ്.പി. റിപ്പോർട്ട് ചെയ്തു.

ആളുകൾ താമസിക്കുന്ന അപ്പാർട്ട്മെന്റിനു മേലെ വന്നുവീഴുന്ന മിസൈലുകൾ. ഓരോ നിലകളിലായി സ്ഫോടനങ്ങൾ. കത്തുന്ന മുറികളിൽനിന്നും ജീവനുവേണ്ടി യാചിച്ച് നിലവിളിച്ച് ഓടുന്ന ആളുകളുടെ കാഴ്ചയാണ് എങ്ങും. ട്വിറ്ററിലൂടെ യുക്രൈനിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒട്ടേറെ വീഡിയോകൾ ഇതിനകം പുറത്തുവന്നുകഴിഞ്ഞു.

ലോകത്തിന്റെ എതിർപ്പുകൾ വകവെയ്ക്കാതെ ആയുധങ്ങളും സൈനികശേഷിയും കൊണ്ട് അയൽരാജ്യം കീഴടക്കാൻ പുറപ്പെട്ട റഷ്യ യുക്രൈനിനെ അക്ഷരാർത്ഥത്തിൽ കത്തിച്ചുകളയുകയാണ് എന്നാണ് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. സിവിലിയൻ വാഹനങ്ങൾ നിർത്തിയിട്ട റോഡുകളിൽ വന്നു വീഴുന്ന മിസൈലുകളും കത്തിയമരുന്ന വാഹനങ്ങളുമെല്ലാം, സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയാ വീഡിയോകളിൽ കാണാം. അതോടൊപ്പം, യുക്രൈൻ മിസൈലുകൾ റഷ്യൻ വിമാനങ്ങളെ തകർക്കുന്നതായുള്ള വിവരങ്ങളും ട്വിറ്ററിൽ പലരും പങ്കുവെയ്ക്കുന്നുണ്ട്.

യുക്രൈനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറയുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് . യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ ജോ ബൈഡൻ അടക്കമുള്ളവർ പറയുമ്പോഴും റഷ്യ യുക്രൈനിൽ കനത്ത ആക്രമണം നടത്തുന്നു എന്നാണ് ഫേസ്‌ബുക്കിലും ട്വിറ്ററിലുമെല്ലാം പ്രത്യക്ഷപ്പെടുന്ന വീഡിയോകൾ സാക്ഷ്യപ്പെടുത്തുന്നത്.

ഈ ദൃശ്യങ്ങളെല്ലാം യുക്രൈനിൽനിന്നുള്ളതാണോ എന്നും യഥാർത്ഥമാണോ എന്നും പരിശോധിച്ച് സ്ഥിരീകരിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. എങ്കിലും, ആയിരക്കണക്കിനാളുകളാണ് ഈ ദൃശ്യങ്ങളിൽ പലതും പങ്കുവെയ്ക്കുന്നത്. റഷ്യൻ യുദ്ധവിമാനങ്ങൾ ഉഴുതുമറിക്കുന്ന യുക്രൈനിന്റെ ഭയാനകമായ ദൃശ്യങ്ങളാണ് ഈ വീഡിയോകൾ പങ്കുവെയ്്ക്കുന്നത്.

റഷ്യൻ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതായി യുക്രൈയിൻ സൈന്യം അവകാശപ്പെട്ടു. തിരിച്ചടിയിൽ 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. യുക്രൈയിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ തിരിച്ചാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതെന്ന് യുക്രൈയിൻ സൈനിക മേധാവി പറഞ്ഞു. ശാസ്ത്യ പ്രദേശത്ത് വെച്ച് നടന്ന പ്രത്യാക്രമണത്തിലാണ് 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതെന്ന് ജോയിന്റ് ഫോഴ്‌സ് കമാന്റിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ യുക്രൈയിനിലെ സെന്ററൽ ബാങ്കുകളിൽ പണം പിൻവലിക്കുന്നതിനും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരാൾക്ക് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കുന്ന പരമാവധി തുക 100,000 ഹ്രീവ്‌നിയ (യുക്രൈയിൻ കറൻസി) ആയി പരിമിതപ്പെടുത്തിയതായി സെന്ററൽ ബാങ്ക് ഗവർണർ അറിയിപ്പ് നൽകി.

റഷ്യൻ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പമ്പുകളിലും എടിഎം കൗണ്ടറുകൾക്ക് മുന്നിലും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ ജനങ്ങൾക്കുള്ള മുന്നറിയിപ്പായി കീവിൽ സൈറണും മുഴങ്ങിയിരുന്നു. ഇതിനുപിന്നാലെ ജനങ്ങളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറികൊണ്ടിരിക്കുകയാണ്. വൻ തിരക്കാണ് നിരത്തുകളിൽ.

അതേസമയം, റഷ്യ ആക്രമണങ്ങൾ ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച്ഇന്ത്യയിലെ യുക്രൈൻ സ്ഥാനപതി രംഗത്തെത്തി. ഇന്ത്യയും റഷ്യയും തമ്മിൽ നല്ല ബന്ധത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും പെട്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായും യുക്രൈൻ പ്രസിഡന്റ് വ്‌ലോദിമിർ സെലെൻസ്‌കിയുമായി സംസാരിക്കണമെന്നും ഇന്ത്യയിലെ യുക്രൈൻ അംബാസിഡർ ഐഗോർ പൊലിഖ പറഞ്ഞു.

ഇന്ത്യയും റഷ്യയും തമ്മിൽ വളരെ നല്ല ബന്ധത്തിലാണ്. നിലവിലെ യുക്രൈൻ - റഷ്യ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ന്യൂഡൽഹിയിൽ നിന്ന് കൊണ്ട് സാധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും പെട്ടെന്ന് യുക്രൈൻ - റഷ്യൻ പ്രസിഡന്റുമാരുമായി സംസാരിക്കണമെന്ന് ഐഗോർ പറഞ്ഞു.

യുക്രൈനെതിരെ റഷ്യ തുടക്കം കുറിച്ചത് സമ്പൂർണ അധിനിവേശത്തിനാണെന്നും സമാധാനപൂർണമായ യുക്രൈൻ നഗരങ്ങൾ ആക്രമണത്തിന്റെ നിഴലിലാണെന്നും വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു.

അതേസമയം യുക്രൈനിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്കായി നിർദ്ദേശം പുറത്തിറക്കി. യുക്രൈനിലെ നിലവിലെ സ്ഥിതി അതീവ അനിശ്ചിതത്വത്തിലാണ്. ശാന്തത പാലിക്കാനും എവിടെയാണോ ഉള്ളത് അവിടെ സുരക്ഷിതരായിരിക്കാനും എംബസി നിർദ്ദേശം നൽകുന്നു. കീവിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

റഷ്യൻ അധിനിവേശത്തിന് തക്കതായ മറുപടി യുക്രൈൻ നൽകുമെന്ന് യുക്രൈൻ എംപി. വോളോദിമിർ അരിയേവ് പ്രതികരിച്ചു. റഷ്യയ്ക്ക് നരകത്തിലേക്ക് സ്വാഗതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഈ ദുഷ്‌കരമായ മണിക്കൂറുകളിൽ ഞങ്ങളുടെ ചിന്ത കാരണമില്ലാതെ അക്രമം നേരിടുന്ന യുക്രൈനും അവിടത്തെ നിഷ്‌കളങ്കരായ മനുഷ്യർക്കുമൊപ്പമാണ്.' എന്നായിരുന്നു റഷ്യൻ അധിനിവേശത്തെക്കുറിച്ച് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ചാർലിസ് മിച്ചൽ പറഞ്ഞത്.

'വൈറ്റ് ഹൗസിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നാഷണൽ സെക്യൂരിറ്റി ടീമിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. വെള്ളിയാഴ്ച ജി 7 രാജ്യങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. നാറ്റോ സഖ്യരാജ്യങ്ങളുമായും ചർച്ച നടത്തും'- യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

'യുക്രൈനിലെ ജനങ്ങൾക്ക് ഭയാനകമായ ദിനമാണ്, യൂറോപ്പിന് കറുത്ത ദിനവും'-ജർമൻ ചാൻസലർ ഒലാഫ് ഷൂൾസ്

'ഒരു പരമാധികാര രാഷ്ട്രത്തിനെതിരായ തികച്ചും നീതീകരിക്കപ്പെടാത്ത അതിക്രമം.'-ഡച്ച് പ്രധാനമന്ത്രി പീറ്റർ ഫിയാല.

'ന്യായീകരിക്കപ്പെടാത്ത ക്രൂരമായ പ്രവൃത്തി'- സ്ലോവാക്യൻ പ്രധാനമന്ത്രി എഡ്വാർഡ് ഹെഗ്ഗർ.

'വിവരങ്ങൾ ശേഖരിക്കുന്നതിനും സാഹചര്യം മനസ്സിലാക്കുന്നതിനുംഎല്ലാ ശ്രമങ്ങളും നടത്തുന്നു. യുക്രൈനിലുള്ള ജപ്പാൻകാരുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് അതി പ്രധാനമാണ്.' ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ.

വീടിന്റെ പുറത്തിറങ്ങരുതെന്നും അഥവാ ഇറങ്ങുന്നെങ്കിൽ വാഹനത്തിലോ കയ്യിലോ ചൈനീസ് പതാക കരുതണമെന്ന് ചൈനീസ് പൗരന്മാർക്ക് ചൈന നിർദ്ദേശം നൽകി. ഇത്തരം സാഹചര്യങ്ങളിൽ പുറത്തിറങ്ങി നടക്കുന്നത് അപകടമുണ്ടാക്കുമെന്നും ഗതാഗത സംവിധാനങ്ങൾ എപ്പോൾ വേണമെങ്കിലും തകരാറിലാകാം, അക്രമം ഏത് സമയത്തും നടക്കാമെന്നും ചൈനീസ് എംബസി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.