- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടു മക്കളുള്ള അമ്മയെ തിരിഞ്ഞു നോക്കാതെ ആൺമക്കൾ; സ്വത്തുക്കൾ എഴുതി വാങ്ങിയതോടെ വീട്ടിൽ നിന്നും ഇറക്കിവിട്ടു; ഇപ്പോൾ സംരക്ഷിക്കുന്നത് ഇളയ മകൾ; ഓക്സിജൻ യന്ത്രം കേടാക്കി മൂത്ത മകൻ വധിക്കാൻ ശ്രമിച്ചെന്ന് പരാതി നൽകി വയോധിക
പാറശ്ശാല: ഓക്‌സിജൻ കോൺസെൻട്രേറ്റർ പ്രവർത്തന രഹിതമാക്കി മകൻ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന വയോധികയുടെ പരാതിയിൽ പൊഴിയൂർ പൊലീസ് അന്വേഷണം തുടങ്ങി. ഉച്ചക്കട നെല്ലിവിള വീട്ടിൽ കമലമ്മ(88)യെ വധിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇപ്പോൾ വധിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മൂത്ത മകൻ പല കേസുകളിൽ പ്രതിയാണ്.
ഓക്സിജൻ കോൺസെൻട്രേറ്റർ പ്രവർത്തനരഹിതമാക്കി മകൻ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുന്ന കമലമ്മ ഓക്സിജൻ സിലിൻഡറിന്റെയും കോൺസെൻട്രേറ്ററിന്റെയും സഹായത്താലാണ് ജീവൻ നിലനിർത്തിപ്പോരുന്നത്.
എട്ട് മക്കളുള്ള കമലമ്മ ഇപ്പോൾ ഒരു മകളുടെ സംരക്ഷണയിലാണ് കഴിയുന്നത്. ഇവരുടെ ദുരവസ്ഥ അറിഞ്ഞ് പള്ളി കമ്മറ്റി സഹായവുമായി എത്തുകയും ഒരു താൽക്കാലിക വീട് പണിതു കൊടുക്കുകയും ചെയ്തിരുന്നു. ഈ വീട്ടിൽ നിന്നും ഇളയ മകനും ഇറക്കി വിട്ടു. നേരത്തെ പഞ്ചായത്ത് അനുവദിച്ചു കൊടുത്ത വീട്ടിൽ നിന്നും വയോധികയെ മറ്റു മക്കൾ ചേർന്ന് ഇറക്കി വിടുകയുണ്ടായി. ഇപ്പോൾ ഇളയ മകളുടെ വീട്ടിലാണ് മകൾ താമസിക്കുന്നത്.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ മകൾ സമീപത്തെ വീട്ടിൽ ചൂടുവെള്ളം എടുക്കുന്നതിനായി പോയ സമയത്ത് സമീപത്തു താമസിക്കുന്ന തങ്കരാജ് എന്ന മകൻ എത്തി ഓക്സിജൻ കോൺസെൻട്രേറ്റർ സ്ഥാപിച്ചിട്ടുള്ള സ്വിച്ച് ബോർഡ് നശിപ്പിച്ച് വധിക്കാൻ ശ്രമിച്ചതായി കമലമ്മ പൊഴിയൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചൂടുവെള്ളവുമായി മകൾ മടങ്ങിയെത്തുമ്പോൾ ഇയാൾ സ്വിച്ച് ബോർഡ് തകർത്ത ശേഷം വീട്ടിൽനിന്നു പുറത്തിറങ്ങുന്നതു കണ്ടതായാണ് കമലമ്മ പൊഴിയൂർ പൊലീസിനു മൊഴിനൽകിയിട്ടുള്ളത്.
പൊഴിയൂർ പൊലീസ് വീട്ടിലെത്തി കമലമ്മയുടെ മൊഴിയെടുത്തു. തന്നെ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് മകനെതിരേ നിരവധി പരാതികൾ ഇവർ നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തു. പരാതി നൽകിയതിന്റെ പേരിൽ ഇപ്പോൾ സംരക്ഷിക്കുന്ന മകൾക്കെതിരെ ഭീഷണിയും ഉയർന്നിട്ടുണ്ട്. മക്കൾക്കായി സ്വത്തുക്കൾ എഴുതി നൽകിയപ്പോൾ മുതലാണ് കമലമ്മയുടെ ദുരവസ്ഥ തുടങ്ങിയത്.
എട്ട് മക്കളാണ് കമലമ്മക്കുള്ളത്. ഇതിൽ മൂന്ന് ആൺമക്കളാണുള്ളത്. ഇവരാകട്ടെ വയോധികയായ മാതാവിനെ തിരിഞ്ഞു പോലും നോക്കുന്നില്ലെന്നുമാണ് പരാതി ഉള്ളത്. അഞ്ച് മക്കൾ തീർത്തും അവഗണിച്ച നിലയിലാണ് മറ്റ് മൂന്ന് പെൺമക്കളിൽ നിന്നാണ് കുറച്ചു സഹായങ്ങളെങ്കിലും ലഭിക്കുന്നത്. പ്രായാധികതലുള്ള മറ്റു രോഗങ്ങൾ കഴിഞ്ഞ 15 വർഷമായി കമലമ്മയെ പിടികൂടിയിട്ടുണ്ട്. പല ആശുപത്രിയിൽ ചികിസായിലായി. ഒരു മകൾ മാത്രമാണ് ഇതു വരെയുള്ള ചെലവ് നടത്തിയിരുന്നത്.
കമലമ്മയുടെ മക്കളായ കിഴക്കേക്കട പുത്തൻവീട്ടിൽ റീത്ത, ഉച്ചക്കട നെല്ലിവിള വീട്ടിൽ നിർമ്മല, തങ്കരാജൻ, മണിയൻ, ഫ്രാൻസിസ് സേവ്യർ എന്നിവരെ എതിർകക്ഷികളാക്കിയുള്ള പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
വയോജന സംരക്ഷണ നിയമങ്ങൾ അടക്കം കേരളത്തിൽ ശക്തമാണെങ്കിലും പലപ്പോഴും അതൊന്നും പാലിക്കാറില്ല. ചില മക്കളുടെ കണ്ണിൽ ചോരയില്ലായ്മ കാരണം ദുരിതത്തിൽ കഴിയേണ്ടി വരുന്ന മാതാപിതാക്കൾ നിരവധിയുണ്ട്. ഇത്തരക്കാർക്കെതിരെ പലപ്പോഴും നിയമ വഴിയിൽ നീങ്ങിയാലും രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്.
കഴിഞ്ഞ മൂന്ന് വർഷമായി ഓക്സിജൻ സിലിണ്ടറിന്റെയും, വിലകൂടിയ മരുന്നിന്റെയും സഹത്തോടെ ഇവരുടെ ജീവൻ നിലനിർത്തി പോരുന്നത്. കോൺഗ്രസ് നേതാവ് ബിആർഎം ഷരീഫിന്റെ സഹായത്തോടെയാണ് ഒരു ഓക്സിജൻ കോൺസെൻട്രേറ്റർ ഇവർക്ക് ലഭ്യമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ