കുവൈത്ത് സിറ്റി: നാലായിരത്തോളം ലിറ്റർ ഡീസൽ മോഷ്ടിച്ച സംഭവത്തിൽ കുവൈത്തിൽ രണ്ട് ടാങ്കർ ഡ്രൈവർമാർക്കെതിരെ നടപടി. ഒരു ഓയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശികൾക്കെതിരെയാണ് സബിയ ഓയിൽ ഫീൽഡിൽ നിന്ന് ഡീസൽ മോഷ്ടിച്ചെന്ന കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവിടെ നിന്നു തന്നെ ഇലക്ട്രിക് കേബിളുകൾ മോഷണം പോയ സംഭവത്തിലും ഇവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

ഓയിൽ ഫീൽഡിൽ ഉപയോഗിക്കുന്ന ചില മെഷീനുകളിലേക്ക് ആവശ്യമായിരുന്ന ഡീസലാണ് മോഷണം പോയത്. ഇവിടെ ചുമതലയിലുണ്ടായിരുന്ന സൂപ്പർവൈസർ ഡീസലിന്റെ അളവിൽ കുറവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവിടെ ടാങ്കർ ഡ്രൈവർമാരായി ജോലി ചെയ്യുന്ന രണ്ട് പാക്കിസ്ഥാൻ സ്വദേശികളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു