കോയമ്പത്തൂർ: അജിത്ത് ആരാധകന് നേരെ തിയറ്ററിന് പുറത്ത് പെട്രോൾ ബോംബ് എറിഞ്ഞതായി റിപ്പോർട്ട്. അജിത്ത് നായകനായ പുതിയ ചിത്രമായ 'വലിമൈ' റിലീസിനെത്തിയ ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കോയമ്പത്തൂർ ഗാന്ധിപുരത്തിന്റെ സമീപപ്രദേശത്തെ തിയറ്ററിനടുത്താണ് സംഭവം. നവീൻ കുമാർ എന്ന ആരാധകന് നിസാര പരുക്കേറ്റതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അതിരാവിലെ 'വലിമൈ' എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പോസ്റ്റർ ഒട്ടിക്കുകയായിരുന്നു നവീനടക്കമുള്ള ആരാധകർ. മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ ഇവർക്ക് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തിൽ നവീൻ കുമാറിന് നിസാരമായി പരുക്കേൽക്കുകയും ചെയ്തു. ബാനറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അജിത്തിന്റെ ആരാധകർ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുവെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പിടിഐയുടെ റിപ്പോർട്ട്.

ഫാൻസ് ക്ലബുകളെ അകറ്റി നിർത്തുന്ന സമീപനം സ്വീകരിച്ച നടനാണ് അജിത്ത്. ഫാൻസ് ക്ലബുകളുമായി തനിക്ക് ബന്ധമില്ലെന്ന് അജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തമിഴ്‌നാട്ടിൽ ആരാധക പിന്തുണയിൽ മുൻനിരയിലാണ് അജിത്തിന്റെ സ്ഥാനം. അജിത്തിന്റെ ഓരോ സിനിമയുടെ റിലീസും തമിഴ്‌നാട്ടിൽ വലിയ ആഘോഷമായി മാറാറുമുണ്ട്.

ഇന്ന് പ്രദർശനത്തിനെത്തിയ 'വലിമൈ' ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഗംഭീര ആക്ഷൻ ത്രില്ലർ ചിത്രമാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ബൈക്ക് സ്റ്റണ്ട് രംഗങ്ങളെ കുറിച്ചും 'വലിമൈ' കണ്ടവർ എടുത്തുപറയുന്നു. ഒരിടവേളയ്ക്ക് ശേഷം എത്തിയ അജിത്ത് ചിത്രം പ്രതീക്ഷകളെ ശരിവയ്ക്കുന്ന തരത്തിലുള്ളതാണെന്നാണ് അഭിപ്രായങ്ങൾ.