- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുദ്ധമുഖത്ത് സമാധാന നീക്കവുമായി ഇന്ത്യയുടെ ഇടപെടൽ: നരേന്ദ്ര മോദി - വ്ളാഡിമിർ പുടിൻ ചർച്ചയ്ക്ക് സാധ്യത; രാത്രി സംസാരിച്ചേക്കും; യുക്രൈന് പുറമെ ഇടപെടൽ ആവശ്യപ്പെട്ടത് റഷ്യയെന്നും റിപ്പോർട്ട്; ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഹംഗറി വഴി രക്ഷാപ്രവർത്തനത്തിനും നീക്കം
ന്യൂഡൽഹി: ലോകത്തെ വിറങ്ങലിപ്പിച്ച് അരങ്ങേറുന്ന റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ നിർണായക ഇടപെടലിന് ഒരുങ്ങി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനുമായി ഇന്നുതന്നെ സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടത് എന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം.
ഡൽഹിയിൽ ചേരുന്ന ഉന്നതതല യോഗം അവസാനിച്ച ശേഷമായിരിക്കും ഇരു രാഷ്ട്രനേതാക്കളും തമ്മിൽ സംസാരിക്കുകയെന്നാണ് എൻഡിടിവി റിപ്പോർട്ടുചെയ്തത്. റഷ്യയുമായി വളരെ അടുത്ത ബന്ധമുള്ള രാജ്യം എന്ന നിലയിൽ ഇന്ത്യ വിഷയത്തിൽ ഇടപെടണമെന്ന് ഇന്ത്യയിലെ യുക്രൈൻ അംബാസഡർ ഇഗോർ പൊലീഖയും ആഭ്യർഥിച്ചിരുന്നു.
യുദ്ധം എപ്രകാരമാണ് ഇന്ത്യയെ ബാധിക്കുകയെന്നും അതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തൊക്കെ നടപടികൾ വേണമെന്നും ചർച്ചചെയ്യുന്നതിനാണ് ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നത്. യോഗത്തിൽ സംബന്ധിക്കാൻ മുതിർന്ന കേന്ദ്ര മന്ത്രിമാർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയിരുന്നു.
റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളും പെട്രോൾ, ക്രൂഡ് ഓയിൽ വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളും ചർച്ച ചെയ്യുന്നുവെന്നാണ് വിവരം. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇവരെ കൂടാതെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു.
അതിനിടെ ഹംഗറി വഴി രക്ഷാപ്രവർത്തനം ആരംഭിക്കാനാണ് ഇന്ത്യയുടെ ശ്രമം. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ ഹംഗറി വഴി തിരിച്ച് ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. ഇതിനായുള്ള നടപടികൾ തുടങ്ങിയെന്ന് ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഹംഗറി അതിർത്തിയായ സോഹന്യയിലേക്ക് ഇന്ത്യൻ എംബസി അധികൃതർ എത്തും.
അതേസമയം യുക്രൈനിൽ ഇതുവരെ 203 ആക്രമണങ്ങൾ നടത്തിയെന്നാണ് റഷ്യയുടെ അവകാശവാദം. ഇതിൽ 70 മിലിറ്ററി ക്യാമ്പുകളുണ്ടെന്നും റഷ്യ പറയുന്നു. സൈനിക നടപടിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ ഉത്തരവിട്ട് നിമിഷങ്ങൾക്കുള്ളിലാണ് യുക്രൈനിൽ വ്യോമാക്രമണം തുടങ്ങിയത്. യുക്രൈനിലെ പല മേഖലകളിലും മിസൈലുകൾ പതിച്ചു. ഉഗ്ര സ്ഫോടനങ്ങൾ പല ഭാഗത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവിലെത്തി. കീവിലെ സൈനിക വിമാനത്താവളം ഹെലികോപ്റ്റർ ഉപയോഗിച്ച് ആക്രമിച്ചു. കീവിൽ യുക്രൈൻ പ്രതിരോധ രഹസ്യാന്വേഷണ ആസ്ഥാനത്തിന് സമീപം ഉഗ്രസ്‌ഫോടനം നടന്നു. ഒഡേസ തുറമുഖത്ത് മാത്രം മരണം 18 ആയി. റഷ്യയും യുക്രൈയ്‌നും തമ്മിലുള്‌ല യുദ്ധത്തിലേക്ക് നേരിട്ടില്ലെന്ന് പ്രഖ്യാപിച്ച് നാറ്റോ കൈകഴുകി.
സഖ്യരാജ്യങ്ങൾക്ക് സ്വന്തം നിലയിൽ സഹായം നൽകാമെന്നാണ് നിലപാട്. ഇതോടെ യുദ്ധ മുഖത്ത് ഒറ്റപ്പെട്ട യുക്രൈൻ ലോക രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചു. തങ്ങൾക്ക് എല്ലാവിധ സഹായവും നൽകണമെന്നും റഷ്യയെ ഒറ്റപ്പെടുത്തണമെന്നും വ്‌ലാദിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു.
അതിർത്തിയിൽ സംഘർഷ സാധ്യത ഉടലെടുത്തത് മുതൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും സഹായത്തിനെത്തുമെന്ന വിശ്വാസത്തിലായിരുന്നു യുക്രൈൻ. ആൾ ബലത്തിലും ആയുധങ്ങളുടെ എണ്ണത്തിലും ഏറെ മുന്നിലുള്ള പുടിന്റെ സൈന്യത്തിനെതിരെ യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ പിടിച്ചു നിൽക്കാമെന്ന ധാരണയായിരുന്നു യുക്രൈന്.
എന്നാൽ റഷ്യൻ ആക്രമണം തുടങ്ങി 12 മണിക്കൂർ തികയും മുൻപേ യുദ്ധ മുഖത്തേക്ക് നേരിട്ടില്ലെന്ന് നാറ്റോ പ്രഖ്യാപിച്ചു. സഖ്യരാജ്യങ്ങളിൽ ആർക്കും സ്വന്തം നിലയിൽ ആയുധം നൽകാം. മറ്റ് സഹായങ്ങളും തുടരാം. സൈനിക സഹായം നൽകുമെന്ന ബ്രിട്ടന്റെയും കാനഡയുടെയും പ്രഖ്യാപനത്തിൽ മാത്രമാണ് യുക്രൈന് പ്രതീക്ഷയുള്ളത്. ഇതോടെ എല്ലാ പൗരന്മാർക്കും ആയുധം നൽകുമെന്ന് യുക്രൈൻ പ്രഖ്യാപിച്ചു.
റഷ്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും യുക്രൈൻ അവസാനിപ്പിച്ചു. സൈനിക നടപടിയിൽ നിന്ന് പിന്മാറണമെന്ന് പുടിനോട് ആവശ്യപ്പെടണമെന്ന് യുക്രൈയ്ൻ പ്രസിഡന്റ് വ്‌ലോദിമെർ സെലൻസ്‌കി റഷ്യൻ ജനതയോട് അവരുടെ ഭാഷയിൽ അഭ്യർത്ഥിച്ചു.
ഇതിനിടെ അമേരിക്കൻ യുദ്ധവിമാനം യുക്രൈൻ അതിർത്തിയിലെത്തി സ്ഥിതിഗതികൾ വീക്ഷിച്ച് തിരികെപ്പോയി. റഷ്യക്കെതിരെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത കടുത്ത ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ ഉപരോധത്തെ ഇന്നലെത്തന്നെ പുടിൻ തള്ളിക്കളഞ്ഞിരുന്നു.
യുക്രൈനിൽ റഷ്യ യുദ്ധം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യയിലെ യുക്രൈൻ സ്ഥാനപതി ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ചത്. യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതിലാണ് നിലവിൽ ഇന്ത്യ ശ്രദ്ധിക്കുന്നത്. ഇതിനിടെയാണ് നരേന്ദ്ര മോദി സമാധാന ചർച്ച നയിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
'ഇന്ത്യയും റഷ്യയും തമ്മിൽ സവിശേഷമായ ബന്ധമാണുള്ളത്. അതുകൊണ്ട് ഈ പ്രതിസന്ധിയെ നേരിടുന്നതിൽ ഇന്ത്യയ്ക്ക് കൂടുതൽ നിർണായകമായ ഇടപെടൽ നടത്താനാവും. റഷ്യൻ പ്രസിഡന്റുമായും യുക്രൈൻ പ്രസിഡന്റുമായും സംസാരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുകയാണ്. എത്ര ലോകനേതാക്കളെ പുതിൻ ശ്രവിക്കുമെന്ന് അറിയില്ല. പക്ഷെ നരേന്ദ്ര മോദി ഇടപെടുന്നത് ആശാവഹമാണ്. അദ്ദേഹം സംസാരിച്ചാൽ പുതിൻ ആലോചിക്കുകയെങ്കിലും ചെയ്‌തേക്കാം. മോദിജി ലോകത്തിലെ ഏറ്റവും ശക്തനും ആദരണീയനുമായ നേതാക്കളിൽ ഒരാളാണ്.'-ഇഗോർ പൊലിഖ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ഇന്ത്യയുടെ സഹകരണവും സഹായവും ഞങ്ങൾ തേടുകയാണ്. ഒരു ജനാധിപത്യ രാജ്യത്തിന് നേരെയുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ ആക്രമണത്തിൽ ഇന്ത്യ ആഗോള ഇടപെടൽ നടത്തണം. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യ നയതന്ത്രത്തിൽ കഴിവ് തെളിയിച്ചിരുന്നു. ഇന്ത്യ ആഗോള സ്വാധീനമുള്ള ശക്തിയാണ്. അൽപം കൂടി സഹകരണമുള്ള സമീപനമാണ് ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇന്ത്യൻ ഭരണകൂടത്തിന്റെ സജീവ പിന്തുണക്കായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും ഇഗോർ പൊലിഖ കൂട്ടിച്ചേർത്തു.
ഇന്ന് പുലർച്ചെയാണ് യുക്രൈനിൽ ആക്രമണം നടത്താൻ പുതിൻ ഉത്തരവിട്ടത്. യുഎൻ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിൻ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രൈനിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിൻ നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.




