ഫിലിപ്പൈൻസ് സ്വദേശിയായ ജോലിക്കാരിയെ ദീർഘ നാളായി കുവൈത്തി വനിത ക്രൂരമായി മർദിക്കുകയും വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ട് ചികിത്സ നിഷേധിക്കുകയുമായിരുന്നു. മർദനത്തിനൊടുവിൽ ജോലിക്കാരി മരിച്ചു. ശരീരം നിറയെ മർദനമേറ്റ പാടുകളും മുറിവുകളുമായി ഇവരുടെ മൃതദേഹം സബാഹ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വദേശി വനിതയ്ക്ക് 15 വർഷം തടവ്. കുവൈത്ത് പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ കുവൈത്തി വനിതയ്ക്ക് 15 വർഷം കഠിന തടവ് വിധിച്ച അപ്പീൽ കോടതി വിധി, പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് പ്രതിയുടെ ഭർത്താവിന് നാല് വർഷം തടവും വിധിച്ചു. കേസ് ആദ്യം പരിഗണിച്ചപ്പോൾ കോടതി വധശിക്ഷയാണ് വിധിച്ചതെങ്കിലും പിന്നീട് അപ്പീലുകളിലൂടെ ശിക്ഷ 15 വർഷം തടവായി കുറയ്ക്കുകയായിരുന്നു.

ഫിലിപ്പൈൻസ് സ്വദേശിയായ വീട്ടുജോലിക്കാരിയുടെ കൊലപാതകം കുവൈത്തും ഫിലിപ്പൈൻസും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് വരെ നയിച്ചിരുന്നു. തുടർന്ന് കുവൈത്തിലേക്കുള്ള വീട്ടുജോലിക്കാരികളുടെ നിയമനം ഫിലിപ്പൈൻസ് തടയുകയും ചെയ്തിരുന്നു.

ഫിലിപ്പൈൻസ് സ്വദേശിയായ ജോലിക്കാരിയെ ദീർഘ നാളായി കുവൈത്തി വനിത ക്രൂരമായി മർദിക്കുകയും വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ട് ചികിത്സ നിഷേധിക്കുകയുമായിരുന്നു. മർദനത്തിനൊടുവിൽ ജോലിക്കാരി മരിച്ചു. ശരീരം നിറയെ മർദനമേറ്റ പാടുകളും മുറിവുകളുമായി ഇവരുടെ മൃതദേഹം സബാഹ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിച്ചത്.

പ്രാഥമിക പരിശോധനയിൽ തന്നെ അസ്വഭാവിക മരണമാണെന്ന് വ്യക്തമായതോടെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം ആശുപത്രിയിലെത്തിച്ച സ്‌പോൺസറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ ഭാര്യ ജോലിക്കാരിയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്നും മർദനമേറ്റ് ബോധരഹിതയായപ്പോഴാണ് താൻ ആശുത്രിയിലെത്തിച്ചതെന്നും ഇയാൾ പറഞ്ഞു. വീട്ടുജോലിക്കാരി മരിച്ചിരുന്നുവെന്ന് താൻ അറിഞ്ഞില്ലെന്നും ഇയാളുടെ മൊഴിയിലുണ്ടായിരുന്നു.

വീട്ടുജോലിക്കാരിയുടെ നെഞ്ചിലും തലയിലും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റിരുന്നു. ഭർത്താവിന് വീട്ടുജോലിക്കാരിയുമായി രഹസ്യ ബന്ധമുണ്ടെന്ന് പ്രതി ആരോപിച്ചിരുന്നു. ദുർമന്ത്രാവാദത്തിലൂടെ തന്നെയും ഭർത്താവിനെയും പരസ്പരം അകറ്റാൻ ഇവർ ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിയുടെ വാദം.