കണ്ണൂർ:തലശേരിയിൽ നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ പുന്നോൽ ഹരിദാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ടു സി.പി. എം അംഗം പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചത് പ്രതിപക്ഷമായ ബിജെപി അംഗങ്ങളുമായി വാക്കേറ്റത്തിനിടയാക്കി. ഹരിദാസന്റെ കൊലപാതക കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ കെ.ലിജേഷിനെ വിമർശിക്കുന്ന രീതിയിൽ പ്രമേയം കൊണ്ടുവന്നതാണ് ബിജെപി അംഗങ്ങളെ ചൊടിപ്പിച്ചത്.

ഹരിദാസനെ വധിക്കാൻ ഗൂഢാലോചന നടത്തുക വഴി ലിജേഷ് നീചപ്രവൃത്തിയാണ് ചെയ്തതെന്നും ജനപ്രതിനിധികൾ ഇത്തരം നിഷ്ഠൂരപ്രവൃത്തി ചെയ്യാൻ പാടില്ലെന്നും കുറ്റപ്പെടുത്തി കൊണ്ടാണ് സി.പി. എം കൗൺസിലർ സി.സോമൻ പ്രമേയാവതരണം നടത്തിയത്. കൊടിയുടെ നിറം നോക്കാതെകക്ഷി രാഷ്ട്രീയഭേദമന്യേ ഹരിദാസിന്റെ കൊലപാതകത്തെ അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ ഇതിനെതിരെ ബിജെപി കൗൺസിലർ കെ. അജേഷ് രംഗത്തുവന്നു. ഹരിദാസന്റെ കൊലപതാകം ദൗർഭാഗ്യകരണമാണെന്നും അതിന്റെ പേരിൽ ബിജെപി കൗൺസിലറായ ലിജേഷിനെ തേജോവധം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാക്കഥകളാണ് ലിജേഷിനെ ഇല്ലാതാക്കാൻ സി.പി. എം മെനയുന്നത്. നേരത്തെ തലശേരി നഗരസഭാ ചെയർമാൻ കസേരയിലിരുന്ന ചില വ്യക്തികൾ ക്രിമിനൽ കുറ്റങ്ങളിൽ പങ്കെടുത്തിരുന്നു. അന്നൊന്നും അവതരിപ്പിക്കാത്ത പ്രമേയം ഇപ്പോൾ അവതരിപ്പിക്കുന്നത് എന്തിനാണെന്നും അജേഷ് ചോദിച്ചു.

ഇപ്പോൾ നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചത് ശരിയല്ല. അങ്ങനെയാണെങ്കിൽ തലശേരിയിൽ നടന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയും പ്രമേയം അവതരിപ്പിക്കണം. ലിജേഷിനു നേരെ കൊലപാതക ശ്രമം നടന്നപ്പോൾ അതിനെ അപലപിക്കാൻ ആരും മുൻപോട്ടു വന്നിട്ടു കണ്ടിട്ടില്ല. ഇപ്പോൾ സി.പി. എം അംഗങ്ങൾ കൂട്ടത്തോടെ നിന്ന് കൗൺസിലറെ തുരത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി വനിതാ കൗൺസിലർമാരായ മജ്മ, അഡ്വ. അമിലി ചന്ദ്ര എന്നിവരും ചൂണ്ടിക്കാട്ടി.

കൗൺസിൽ യോഗത്തിൽ രാഷ്ട്രീയം പറയരുതെന്നാണ്. കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നതുവരെ ലിജേഷ് നിരപരാധി തന്നെയാണ്. പൊലിസ് ഒരുക്കിയ തിരക്കഥപ്രകാരമാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്നും കൗൺസിൽ യോഗത്തിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും ബിജെപി കൗൺസിലർ ഭരക്ഷ പക്ഷ ബഹളത്തിനിടെയിൽ ചൂണ്ടിക്കാട്ടി.