കണ്ണൂർ: കണ്ണൂർ- പയ്യന്നൂർ റൂട്ടിൽ വിദ്യാർത്ഥികളുടെ യാത്രാപ്രശ്നത്തെ ചൊല്ലി ബസ് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വ്യാഴാഴ്‌ച്ച രാവിലെ മുതൽ ഈറൂട്ടിൽ സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. പൊലിസ് പ്രതികളെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു മിന്നൽ പണിമുടക്ക്. എന്നാൽ നാളെ ജില്ലാതലത്തിൽ തന്നെ പണിമുടക്കുണ്ടെന്ന വ്യാപക പ്രചരണം സോഷ്യൽമീഡിയയിൽ നടന്നുവരുന്നുണ്ടെങ്കിലും ബസ് ഉടമസ്ഥസംഘവും തൊഴിലാളി യൂനിയൻ നേതാക്കളും ഈക്കാര്യം അടിസ്ഥാനരഹിതമാണെന്ന് അറിയിച്ചു

വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ലെന്നാരോപിച്ച് ഒരു സംഘമാളുകൾ ബസുകൾ തടഞ്ഞിട്ട് ഡ്രൈവർമാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്‌ച്ച രാവിലെ മുതൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തി പ്രതിഷേധിച്ചത്.ഇതോടെയാണ് ഈ റൂട്ടിൽ സഞ്ചരിക്കുന്ന വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ പെരുവഴിയിലായത്.

രാവിലെ നല്ല തിരക്കുള്ള പയ്യന്നൂർ - കണ്ണൂർ റൂട്ടിൽ ബസോട്ടം നിലച്ചതിനെ തുടർന്ന് പെരുവഴിയിലായ യാത്രക്കാർ കെ.എസ്.ആർ.ടി.സിയെയും ദീർഘദൂര ബസുകളെയുമാണ് ആശ്രയിച്ചത്. ബുധനാഴ്‌ച്ച വൈകീട്ട് 4.30 വോടെ ഏഴിലോട് വച്ചാണ് പണിമുടക്കിന് ആസ്പദമായ സംഭവം.
എടാട്ടുള്ള പയ്യന്നൂർ കോളേജ് സ്റ്റോപ്പിൽ നിന്ന് വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്നാരോപിച്ചായിരുന്നു ഡ്രൈവർമാരെ മർദ്ദിച്ചത്.

വാക്കേറ്റം നടക്കുന്നതിനിടയിലാണ് ബൈക്കിലെത്തിയവർ ഡ്രൈവർ സീറ്റിനരികിലെത്തി ഒണിക്സ് ബസ്സിലെയും ഫാത്തിമാസ് ബസ്സിലെയും ഡ്രൈവർമാരെ പൊതിരെ തല്ലിയത്.പരിക്കേറ്റ ഒണിക്സ് ബസ്സ് ഡ്രൈവർ ബക്കളം സ്വദേശി കിഷോറിനെ (22) തളിപറമ്പ് ഗവ: ആശുപത്രിയിലും ഫാത്തിമാസ് ബസ്സ് ഡ്രൈവർ മുണ്ടേരി സ്വദേശി മിഥുനെ(29) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കാലത്തു മുതലാണ് ബസ് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ഇതേ തുടർന്ന് പയ്യന്നൂർ -കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിലയ്ക്കുകയായിരുന്നു. ജീവനക്കാരെ മർദ്ദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ബസ്സ് ജീവനക്കാരുടെ ജീവന് നേരെ ഭീഷണി ഉയർത്തുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ പൊലീസ് തയ്യാറാകണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.പയ്യന്നൂർ കോളേജ് സ്റ്റോപ്പിൽ നിന്നും വിദ്യാർത്ഥികളെ കയറ്റിയിട്ടും അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിച്ചതാണെന്നും, ഡ്രൈവർമാരെ മർദ്ദിച്ചതിൽ വിദ്യാർത്ഥികളെ കൂടാതെ പുറത്തു നിന്ന് എത്തിയവരും ഉണ്ടായിരുന്നുവെന്നും ബസ് ജീവനക്കാർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു