മലപ്പുറം: കെട്ടിട നിർമ്മാണ അനുമതിക്കു രണ്ടര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 25,000 രൂപ കൈപ്പറ്റുമ്പോൾ വിജിലൻസ് പിടികൂടുകയും ചെയ്ത കേസിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വിധി വന്നത് 14 വർഷത്തിന് ശേഷം. ഇതിനിടെ മൂന്നു സാക്ഷികളിൽ രണ്ടു പേരും മരിച്ചു. ബാക്കിയുള്ള ഒരു സാക്ഷിയെ സ്വാധീനിച്ചു ശിക്ഷയിൽ നിന്നു രക്ഷപെടാൻ നോക്കിയെങ്കിലും വഴങ്ങാതെ വന്നതോടെ വിധി പ്രതിക്കു പ്രതികൂലമായി.

കരുളായി സ്വദേശി നവാസ് പനോലനെയാണ് കോഴിക്കോട് എൻക്വയറി കമ്മിഷൻ ആൻഡ് സ്‌പെഷൽ ജഡ്ജി ശിക്ഷിച്ചത്. മൂന്നു വർഷത്തെ തടവും പിഴയുമാണു ശിക്ഷ. നിലമ്പൂർ ചുങ്കത്തറ പഞ്ചായത്തിൽ സ്‌പെഷൽ സെക്രട്ടറിയായിരിക്കെ ചുങ്കത്തറ സ്വദേശിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമിയിൽ കെട്ടിട നിർമ്മാണത്തിനുള്ള അനുമതിക്ക് കൈക്കൂലി വാങ്ങിയ കേസിലാണ് വിധി.

2008 മാർച്ച് 24നാണു സംഭവം. കെട്ടിട നിർമ്മാണ അനുമതിക്ക് അപേക്ഷിച്ച ചുങ്കത്തറ പെർക്കാട്ടിൽ ബേബിയോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ടര ലക്ഷം രൂപ. ഇതു നൽകാനാവില്ലെന്നും പരമാവധി 25,000 രൂപ നൽകാമെന്നും പറഞ്ഞു. ബേബി ഇക്കാര്യം വിജിലൻസിനെ അറിയിച്ചതിനെ തുടർന്നു നോട്ടിൽ രാസവസ്തു പുരട്ടി നൽകുകയായിരുന്നു.

പണം കൈമാറുമ്പോൾ സ്ഥലത്തെത്തിയ വിജിലൻസ് നവാസിൽനിന്നു പണം പിടിച്ചെടുക്കുകയും ഈ സമയം പഞ്ചായത്തിലുണ്ടായിരുന്നവരെ സാക്ഷികളാക്കി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മലപ്പുറം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പിയായിരുന്ന അബ്ദുൾ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നവാസിനെ പിടികൂടിയത്.