കീവ്: നിർണായക സൈനിക നീക്കത്തിലൂടെ റൊമാനിയയുടെയും തീരത്ത് സ്ഥിതി ചെയ്യുന്ന യുക്രൈൻ അധീനതയിലുള്ള സ്‌നേക്ക് ഐലൻഡും പിടിച്ചടക്കി റഷ്യൻ സൈന്യം. കീഴടങ്ങാൻ വിസമ്മതിച്ച 13 യുക്രൈൻ സൈനികരെ ബോംബ് വർഷത്തിലൂടെ കൊലപ്പെടുത്തിയാണ് കരിങ്കടലിലെ തന്ത്രപ്രധാനമായ കൊച്ചുദ്വീപ് റഷ്യ പിടിച്ചടക്കിയത്. സൈനികരെ കൊലപ്പെടുത്തുന്നതിന് മുമ്പ് കീഴടങ്ങാൻ റഷ്യൻ യുദ്ധക്കപ്പലിൽ നിന്നും നിർദ്ദേശം നൽകിയിരുന്നു. വിസമ്മതിച്ചതോടെയാണ് രക്തച്ചൊരിച്ചിലിലൂടെ സൈന്യം ദ്വീപ് കൈവശപ്പെടുത്തിയത്.

റൊമാനിയൻ അതിർത്തിയിൽ നിന്ന് 40 മൈൽ മാത്രം അകലെയുള്ള സ്‌നേക്ക് ഐലൻഡിനെ സംരക്ഷിച്ചിരുന്ന യുക്രൈനിയൻ അതിർത്തി കാവൽക്കാരുടെ അവസാന വാക്കുകൾ അടക്കം പുറത്തുവന്നു. സമീപത്തെ യുദ്ധക്കപ്പലിൽ റഷ്യൻ നാവികർ അയച്ച അന്ത്യശാസനവും അതിന് യുക്രൈൻ സൈനികർ നൽകുന്ന മറുപടി സന്ദേശവുമാണ് പുറത്തുവന്നത്.

കീഴടങ്ങാൻ റഷ്യൻ സൈന്യം ഗാർഡുകൾക്ക് മുന്നറിയിപ്പ് നൽകി, അല്ലാത്തപക്ഷം ബോംബ് വർഷിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്. എന്നാൽ കീഴടങ്ങാൻ വിസമ്മതിച്ച യുക്രൈൻ സേന അംഗങ്ങൾ ധിക്കാരപൂർവ്വം നിരസിക്കുകയും റഷ്യൻ സൈന്യത്തോട് തിരികെ മടങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഒഡേസ മേഖലയിലെ സ്‌നേക്ക് ഐലൻഡിൽ 13 സൈനികരെയാണ് നിയോഗിച്ചിരുന്നത്. റഷ്യ യുക്രൈനിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം ഈ പ്രദേശം സംരക്ഷിച്ചത് ഈ സൈനികരായിരുന്നു.

ഒരു റേഡിയോ സന്ദേശത്തിൽ, കപ്പലിലുണ്ടായിരുന്ന ഒരു നാവികൻ യുക്രൈൻ സൈനികരോട് പറഞ്ഞു: 'ഇത് റഷ്യൻ സൈനിക യുദ്ധക്കപ്പലാണ്. 'രക്തച്ചൊരിച്ചിലും അനാവശ്യമായ നാശനഷ്ടങ്ങളും ഒഴിവാക്കാൻ ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങാൻ ഞാൻ നിർദ്ദേശിക്കുന്നു. അല്ലെങ്കിൽ ബോംബെറിഞ്ഞു കൊല്ലും.'

യുക്രൈനിയൻ സൈന്യം പ്രദേശം വിട്ടുകൊടുക്കാൻ വിസമ്മതിക്കുകയും പകരം 'നിങ്ങൾ തന്നെ പോകൂ' എന്നു മറുപടി നൽകുകയും ചെയ്തു. റേഡിയോയിൽ റഷ്യൻ പട്ടാളക്കാർ യുക്രൈനിയക്കാർക്ക് നേരെ ശാപം മുഴക്കുന്നതും കേൾക്കാം. താമസിയാതെ, വ്യോമാക്രമണത്തിൽ എല്ലാവരും കൊല്ലപ്പെട്ടു. പിന്നീട് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സൈനികരുടെ മരണം അംഗീകരിച്ചു.

ട്വിറ്ററിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ദ്വീപിൽ ഷെല്ലാക്രമണം നടക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ വ്യക്തമാണ്. ഒരു ഷെൽ സമീപത്ത് വീഴുന്നതിന് മുമ്പ് ഒരു യുക്രൈനിയൻ സൈനികൻ ക്യാമറയിലേക്ക് നോക്കി പ്രതികരിക്കുന്നതും വീഡിയോയിലുണ്ട്.

സ്മിനി എന്നും വിളിക്കപ്പെടുന്ന സ്നേക്ക് ഐലൻഡ് റഷ്യൻ സൈന്യം ആക്രമിച്ചതായി വ്യാഴാഴ്ച ഉച്ചയോടെ യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ദ്വീപ് ഭരിക്കുന്നത് യുക്രൈനാണെങ്കിലും നാറ്റോ അംഗമായ റൊമാനിയയുടെ തീരത്ത് നിന്ന് മൈലുകൾ മാത്രം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

സ്നേക്ക് ഐലൻഡ് തന്ത്രപരമായി പ്രാധാന്യമുള്ളതാണ്, കാരണം ഇത് കടലിലേക്ക് 12 നോട്ടിക്കൽ മൈൽ വരെ നീളുന്ന പ്രദേശമായതിനാൽ റഷ്യയ്ക്ക് നിർണായക മേൽക്കൈ ലഭിക്കും. തുറമുഖ നഗരങ്ങളായ ഒഡെസ, മൈക്കോളീവ്, കെർസൺ എന്നിവിടങ്ങളിലേക്കുള്ള പ്രധാന ഷിപ്പിങ് ചാനലുകൾ ഇനി റഷ്യയുടെ നിയന്ത്രണത്തിലാകും.

ദ്വീപ് പിടിച്ചടക്കിയ ശേഷം, റഷ്യക്ക് ഷിപ്പിങ് ചാനലുകൾ വിച്ഛേദിക്കാനും അന്താരാഷ്ട്ര വിപണികളിൽ നിന്ന് യുക്രൈനെ ഒറ്റപ്പെടുത്താനും സമ്പദ്വ്യവസ്ഥയുടെ സുപ്രധാന വ്യാപാര വരുമാനം നഷ്ടപ്പെടുത്താനും ഇതിലൂടെ റഷ്യയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.