മേപ്പാടി: പുലി കേബിൾ കെണിയിൽ കുടുങ്ങിയ സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് വനം വകുപ്പ്. മേപ്പാടി കള്ളാടി വെള്ളപ്പൻകണ്ടിയിലെ സ്വകാര്യ തോട്ടത്തിലെ കുളത്തിന്റെ കരയിൽ തിങ്കളാഴ്ചയാണ് അഞ്ച് വയസ്സ് തോന്നിക്കുന്ന പുള്ളിപ്പുലി കെണിയിൽ കുടുങ്ങിയത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പധികൃതർ മയക്കുവെടി വെച്ച് പുലിയെ കൂട്ടിലാക്കി രക്ഷപ്പെടുത്തി പിന്നീട് വനത്തിൽ വിടുകയായിരുന്നു.

കാട്ടുപന്നിയെ കുടുക്കാൻ ബോധപൂർവം വെച്ച കേബിൾ കെണിയിലാണ് പുലി കുടുങ്ങിയതെന്ന നിഗമനത്തിലാണ് വനം വകുപ്പധികൃതർ. ഇതിന്റെ അടിസ്ഥാനത്തിലാണ് തോട്ടം ഉടമകൾ, സൂപ്പർവൈസർമാർ എന്നിവർക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ അന്വേഷണവും നടപടികളും സ്വീകരിക്കുമെന്ന് മേപ്പാടി റേഞ്ച് അധികൃതർ പറഞ്ഞു.