- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അമ്മയുടെ വാത്സല്യത്താൽ പുടിനെ സ്‌നേഹിച്ചിരുന്നെങ്കിൽ...'; കവിതയുമായി അമേരിക്കൻ നടി അന്നലിൻ മക്കോർഡിൻ; വ്യാപക വിമർശനം
ന്യൂയോർക്ക്: യുക്രൈൻ തലസ്ഥാനമായ കീവ് റഷ്യൻ സേന ഏത് സമയവും പിടിച്ചെടുത്തേക്കുമെന്ന വാർത്തകൾക്കിടെ സമാധാനചർച്ചകൾ നടത്താൻ അഭ്യർത്ഥിച്ച് അമേരിക്കൻ നടി അന്നലിൻ മക്കോർഡിൻ. സമൂഹമാധ്യമങ്ങളിലൂടെ സ്വന്തമായി എഴുതിയ കവിത ചൊല്ലുന്ന വിഡിയോ പങ്കുവച്ചാണ് മക്കോർഡിൻ വിഷയത്തിൽ പ്രതികരിച്ചത്.
'റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അമ്മയാകാൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്' എന്ന വരികളിലാണ് കവിത തുടങ്ങുന്നത്. കവിതയിലുടനീളം ഒരു അമ്മയുടെ വാത്സല്യത്താൽ പുടിനെ സ്‌നേഹിച്ചിരുന്നെങ്കിൽ അവന്റെ ജീവിതം എങ്ങനെ വ്യത്യസ്തമാകുമെന്നാണ് പറയുന്നത്. പക്ഷെ മക്കോർഡിന്റെ കവിത വ്യാപകമായ പരിഹാസങ്ങളും വിമർശനങ്ങളുമാണ് ഏറ്റുവാങ്ങിയത്.
പുടിന്റെ നേതൃത്വത്തിൽ ലോകത്ത് ഇത്രയും വലിയൊരു യുദ്ധം നടക്കുന്ന സാഹചര്യത്തിൽ കവിതചൊല്ലി പ്രസിദ്ധയാവാനാണ് മക്കോർഡിൻ ശ്രമിക്കുന്നതെന്ന് നെറ്റിസൺമാർ പറഞ്ഞു. 'നാർസിസ്റ്റിക്', 'ആത്മരതിക്കാരി' എന്നൊക്കയാണ് ഇവർ മക്കോർഡിനെ വിശേഷിപ്പിക്കുന്നത്. ഈ കവിത കേട്ടാലുടൻ പുടിൻ മനസ്സലിഞ്ഞ് യുദ്ധം നിർത്തുമെന്ന് ഇവരെ പരിഹസിച്ച് ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ മക്കോർഡിന്റെ കവിതയെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പ്രസക്തമായ ഒരു സന്ദേശമാണ് കവിതയിലൂടെ മക്കോർഡിൻ നൽകാൻ ശ്രമിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
കീവിലെ പലയിടത്തും ആക്രമണങ്ങൾ നടക്കുന്നതായും റഷ്യൻ സേന തലസ്ഥാന നഗരിയിൽ പ്രവേശിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ശത്രുക്കളുടെ അട്ടിമറി സംഘങ്ങൾ കീവിൽ പ്രവേശിച്ചതായും ജനങ്ങൾ കരുതലോടെ ഷെൽട്ടറുകളിൽ തന്നെ കഴിയണമെന്നും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി പറഞ്ഞു. കർഫ്യു നിയമങ്ങൾ ജാഗ്രതയോടെ പിന്തുടരണമെന്നും സെലെൻസ്‌കി ജനങ്ങളോട് പറഞ്ഞു.
യുക്രൈനിലെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ അതിശക്തമായ ആക്രമണം തുടരുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കീവിൽ ഫ്ളാറ്റിന് മുകളിലേക്ക് റഷ്യൻ വിമാനം തകർന്ന് വീണിരുന്നു.




