- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജഴ്‌സിയൂരി യുക്രെയ്ൻ ദേശീയചിഹ്നം കാണിക്കുന്ന യാരെംചുക്; 'നോ വാർ' എന്ന് കവിളിലെഴുതിയ ബാസ്ക്കറ്റ്ബോൾ താരം ആർടെം പുസ്തോവ്യ; ജഴ്സി മാറ്റി 'നോ വാർ' എന്നെഴുതിയതു കാണിക്കുന്ന റുസ്ലാൻ മലിനോവ്സ്കി; റഷ്യൻ അധിനിവേശത്തിനെതിരെ കായികലോകത്തും പ്രതിഷേധം
കീവ്: യുക്രൈനിൽ റഷ്യയുടെ ആക്രമണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമാകുന്നതിനിടെ റഷ്യൻ അധിനിവേശത്തിന്റെ നൊമ്പരം പങ്കുവച്ച് യുക്രൈൻ കായികതാരങ്ങൾ. രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ യുക്രെയ്ൻ കായികതാരങ്ങൾ ഒറ്റക്കെട്ടായി രംഗത്തെത്തി.
യുവേഫ ചാംപ്യൻസ് ലീഗ് ഫുട്‌ബോളിൽ അയാക്‌സിനെതിരെ സമനില ഗോൾ നേടിയതിനു പിന്നാലെ ജഴ്‌സിയൂരി യുക്രെയ്ൻ ദേശീയചിഹ്നം പ്രദർശിപ്പിച്ചാണ് പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയുടെ യുക്രെയ്ൻ താരം റോമൻ യാരെംചുക് സ്വന്തം ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. യുക്രെയ്‌ന്റെ ഇതിഹാസ ഫുട്‌ബോൾ താരം ആന്ദ്രെ ഷെവ്‌ചെങ്കോ, യുക്രെയ്ൻ ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ ഒലക്‌സാണ്ടർ സിഞ്ചെങ്കോ എന്നിവരും പിന്തുണയുമായി രംഗത്തെത്തി.
റഷ്യയുടെ ആക്രമണത്തിനിടെ 'നോ വാർ' എന്ന് കവിളിൽ എഴുതി പ്രതിഷേധിച്ച് യുക്രെയ്ൻ ബാസ്‌ക്റ്റ്‌ബോൾ താരം ആർടെം പുസ്‌തോവ്യയും പ്രതിഷേധത്തിന്റെ ഭാഗമായി. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിനമായിരിക്കുമെന്നും രാജ്യം അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും താരം പറഞ്ഞു.
ബാസ്‌കറ്റ്‌ബോൾ ലോകകപ്പ് യോഗ്യതാ മൽസര ദിനം രാവിലെ ആണ് റഷ്യ യുക്രെയ്‌നെ ആക്രമിക്കുന്നത്. ഒരു മിനിറ്റ് മൗനത്തിനുശേഷം മൽസരം ആരംഭിച്ചെങ്കിലും യുക്രെയ്ൻ തോറ്റു. കാണികൾ എഴുന്നേറ്റുനിന്നു യുക്രെയ്ൻ ടീമിന് പിന്തുണ പ്രഖ്യാപിച്ചു. മൽസര ശേഷം യുക്രെയ്ൻ താരങ്ങൾ പൊട്ടിക്കരഞ്ഞു. രാജ്യത്തേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതോടെ ടീം അംഗങ്ങൾ സ്‌പെയിനിൽ തന്നെ തുടരും.
അതിനിടെ, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ യുക്രേനിയൻ പ്രിമിയർ ലീഗ് ഫുട്‌ബോൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു. പ്രധാന ക്ലബ്ബുകളായ ഷക്തർ ഡൊണെറ്റ്‌സ്‌കിന്റെയും ഡൈനമോ കീവിന്റെയും വിദേശതാരങ്ങൾ ഹോട്ടലുകളിൽ കുടുങ്ങിക്കിടക്കുകയാണ്. കീവിലെ ഹോട്ടലിൽ കുടുംബസമേതം ഒത്തുചേർന്ന ബ്രസീലിയൻ കളിക്കാർ പ്രത്യേക വിമാനം അയയ്ക്കണമെന്ന് ബ്രസീലിയൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്ന വിഡിയോയും പുറത്തുവന്നു.
യുക്രെയ്‌നു നേരെയുള്ള റഷ്യൻ ആക്രമണത്തിന്റെ അലയൊലികൾ രാജ്യാതിർത്തികളും പിന്നിട്ട് കായികലോകത്ത് പടരുകയാണ്. റഷ്യൻ ഫുട്‌ബോൾ താരം ഫെദർ സ്‌മൊലോവും സൈനികനടപടിക്കെതിരെ രംഗത്തെത്തി. 'നോ ടു വാർ' ഇൻസ്റ്റഗ്രാമിൽ സ്‌മൊലോവ് കുറിച്ചു. ഡൈനമോ മോസ്‌കോ ക്ലബ്ബിന്റെ താരമായ സ്‌മൊലോവ് റഷ്യയ്ക്കു വേണ്ടി 45 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റഷ്യൻ അധിനിവേശത്തിനെതിരെ പ്രതികരിക്കുന്ന പ്രധാനപ്പെട്ട ആദ്യ റഷ്യൻ കായികതാരമാണ് മുപ്പത്തിരണ്ടുകാരനായ സ്‌മൊലോവ്.
ഫോർമുല വൺ കാറോട്ടത്തിൽ ആസ്റ്റൻ മാർട്ടിന്റെ ഡ്രൈവറായ ജർമൻ താരം സെബാസ്റ്റ്യൻ വെറ്റൽ താൻ ഇത്തവണ റഷ്യൻ ഗ്രാൻപ്രിയിൽ മത്സരിക്കില്ലെന്ന് അറിയിച്ചു. 4 തവണ എഫ് വൺ ചാംപ്യനായിട്ടുണ്ട് മുപ്പത്തിനാലുകാരനായ വെറ്റൽ.
യുക്രെയ്ൻ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ ചാംപ്യൻസ് ലീഗ് ഫുട്‌ബോൾ ഫൈനലിന്റെ വേദി റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽനിന്നു മാറ്റാൻ ആലോചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫറിൻ ഇന്നു രാവിലെ അടിയന്തിര യോഗം വിളിച്ചു. മെയ് 28നാണ് ഫൈനൽ.
അതേ സമയം റഷ്യയുടെ സൈനിക നടപടിക്കെതിരെ പാരീസിലും ന്യൂയോർക്കിലും പ്രകടനങ്ങൾ നടന്നു. യുക്രൈൻ അധിനിവേശത്തിനെതിരെ റഷ്യയിലും യുദ്ധവിരുദ്ധ പ്രകടനങ്ങൾ നടന്നു. മോസ്‌കോയിൽ അടക്കം നിരവധി നഗരങ്ങളിൽ ജനം തെരുവിലിറങ്ങി. റഷ്യയിൽ പ്രതിഷേധത്തിന് ശ്രമിച്ച 1700 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മോസ്‌കോയിൽ തടിച്ചുകൂടിയ ജനക്കൂട്ടം, രാജ്യത്തെ രക്ഷിക്കാനാണ് റഷ്യൻ സൈന്യം യുക്രൈനിൽ ആക്രമണം നടത്തിയതെന്ന പുടിന്റെ വാദം തള്ളി. യുക്രൈൻ ജനത ക്ഷമിക്കണം. യുദ്ധം അടിച്ചേൽപ്പിക്കുന്നവർക്കൊപ്പം തങ്ങളില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ പുതിയ ഹിറ്റ്ലർ ആണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
റഷ്യയിലെ 53 നഗരങ്ങളിലായി 1902 പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതിൽ 940 പേരും മോസ്‌കോയിൽ നിന്നാണ് പിടിയിലായത്. മനുഷ്യന്റെ നേർക്കുനേർ പോരാട്ടങ്ങൾക്ക് ഏറെനാൾ വേദിയായ റോമിലെ കൊളോസിയം യുക്രൈന് പിന്തുണയുമായി നീലയും മഞ്ഞയും നിറങ്ങളിൽ ഇന്നലെ രാത്രി പ്രകാശിച്ചു. യുക്രൈൻ പതാകയുടെ നിറങ്ങളാണിത്.




